'വയലാര്‍ അവാര്‍ഡ് നിര്‍ണയത്തില്‍ നടന്നത് വലിയ അട്ടിമറി'

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡില്‍ നടന്നത് വലിയ അട്ടിമറിയെന്ന് ആരോപണം. മലയാളത്തിലെ മുന്‍നിര എഴുത്തുകാരുടെ മികച്ച സാഹിത്യ കൃതികള്‍ ഒഴിവാക്കിയാണ് നിലവാരമില്ലാത്ത കൃതിക്ക് അവാര്‍ഡ് നല്‍കിയതെന്ന് പ്രമുഖ നിരൂപകന്‍ തേജസിനോട് പറഞ്ഞു.
എന്‍ എസ് മാധവന്റെ കഥാസമാഹാരമായ പഞ്ചകന്യകകള്‍, വി ജെ ജെയിംസിന്റെ നിരീശ്വരന്‍, മനോജ് കൂറൂറിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍, ബെന്ന്യമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, ഏഴാച്ചേരി രാമചന്ദ്രന്റെ കവിതാ സമാഹാരമായ ഗന്ധമാദനം എന്നീ കൃതികളാണ് പരിഗണനയ്ക്കു വന്നത്. സാഹിത്യനിരൂപണ രംഗത്ത് ശ്രദ്ധേയരായ 20 പേര്‍ക്ക് അവാര്‍ഡ് ലഭിച്ച കൃതിക്കൊപ്പം അയച്ച മറ്റു കൃതികള്‍ ഇവയായിരുന്നു. ആറു കൃതികളും വിലയിരുത്തിയ പലരും ഉഷ്ണരാശി നിലവാരമില്ലാത്ത കൃതിയെന്നാണ് രേഖപ്പെടുത്തിയതെന്ന് നിരൂപകര്‍ പറയുന്നു. ഇത്രയും വലിയ അട്ടിമറി നടന്നതിനാലാണ് പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും അധാര്‍മികമായി ഒരു സംഭവം നടന്നത് മറച്ചുവയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വയലാര്‍ ട്രസ്റ്റ് പ്രസിഡന്റും മലയാള സാഹിത്യ ലോകത്ത് സര്‍വരാലും ആദരിക്കുന്ന പ്രഫ. എം കെ സാനുവാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. എഴുത്തുകാരന്റെയും രചനയുടെ പേര് മാത്രമാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന്, എഴുത്തുകാരനെ മൊബൈലില്‍ വിളിച്ചു വിവരം അറിയിച്ചു.
തുടര്‍ന്ന്, സാനുമാഷ് മൈക്ക് ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍ക്ക് കൈമാറി. കഴിഞ്ഞ വര്‍ഷം ടി ഡി രാമകൃഷ്ണന് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സാനുമാഷ് നോവലിനെ സംബന്ധിച്ച് ദീര്‍ഘനേരം വിശദീകരിച്ചിരുന്നു. അസാധാരണ രചനയെന്നായിരുന്നു അന്നത്തെ ആദ്യ വാചകം. ഡോ. എം ആര്‍ തമ്പാന്‍, ഡോ. എം എസ് ഗീത, ഡോ. ബെറ്റിമോള്‍ മാത്യു എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റിയംഗങ്ങള്‍.
എത്ര കൃതികള്‍ പരിഗണനയിലെത്തിയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ത്രിവിക്രമന്റെ മറുപടി, സി അച്യുതമേനോന്റെ മഹനീയ പാരമ്പര്യം വയലാര്‍ ട്രസ്റ്റിനുണ്ടെന്നായിരുന്നു. ആദ്യം പരിഗണിച്ച മൂന്നു കൃതികള്‍ക്കും അവാര്‍ഡ് ലഭിച്ചു. അതിനാല്‍ ഇത്തവണ അവസാനം കടന്നുവന്ന കൃതികള്‍ പരസ്യമാക്കില്ല. അത് ചോദിക്കരുതെന്നും ത്രിവിക്രമന്‍ വിശദീകരണം നല്‍കി. സാഹിത്യരംഗത്തുള്ള പലരും സൂചിപ്പിച്ചത് ഇത്തവണത്തെ വയലാര്‍ അവര്‍ഡ് അസംബന്ധമായെന്നാണ്. ധാര്‍മിക നിലപാടില്‍ വിയോജിപ്പ് തോന്നിയവരാണ് അവാര്‍ഡ് നിര്‍ണയത്തിലെ അട്ടിമറി രഹസ്യം പുറത്തുവിട്ടത്.

Next Story

RELATED STORIES

Share it