വയലാര്‍ അവാര്‍ഡ് കെ വി മോഹന്‍ കുമാറിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ വി മോഹന്‍ കുമാറിന്റെ 'ഉഷ്ണരാശി: കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലിന് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ഡോ. എം എസ് ഗീത, ഡോ. ബെറ്റിമോള്‍ മാത്യു, ഡോ. എം ആര്‍ തമ്പാന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പുന്നപ്ര വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ഉഷ്ണരാശി. 1930ല്‍ തുടങ്ങി 1957ലെ ആദ്യ സംസ്ഥാന സര്‍ക്കാരിന്റെ കാലഘട്ടം വരെയാണ് നോവലില്‍ പ്രതിപാദിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക അവസ്ഥകളും ചൂഷണത്തിന്റെയും അതിനെതിരേയുള്ള പോരാട്ടത്തിന്റെയും കഥകളും പറയുന്ന നോവലില്‍ ചരിത്രവും ഫിക്ഷനും ഇടകലരുന്നതായി ജഡ്ജിങ് കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു. ആറു നോവലുകളും നാലു കഥാസമാഹാരങ്ങളും ഉള്‍പ്പെടെ 15ഓളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 2010ല്‍ ശിവന്‍ സംവിധാനം ചെയ്ത 'കേശു' എന്ന കുട്ടികളുടെ സിനിമയ്ക്കു തിരക്കഥയെഴുതി. പത്രപ്രവര്‍ത്തനത്തില്‍ നിന്നാണ് സര്‍ക്കാര്‍ സര്‍വീസിലെത്തിയത്. പാലക്കാട്ടും കോഴിക്കോട്ടും കലക്ടറായിരുന്നു. ഇപ്പോള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ്.
Next Story

RELATED STORIES

Share it