wayanad local

വയനാട് പ്രത്യേക പുഷ്പകൃഷി മേഖല; പ്രഖ്യാപനം 15ന്

കല്‍പ്പറ്റ: വയനാടിനെ പ്രത്യേക പുഷ്പകൃഷി മേഖലയായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം 15നു പൂപ്പൊലി ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി കെ രാമചന്ദ്രന്‍ നടത്തും.
അമ്പലവയല്‍ മേഖല ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് ജില്ലയെ പ്രത്യേക പുഷ്പകൃഷി മേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിനു വഴിയൊരുക്കിയതെന്ന് പറയുന്നതില്‍ അപാകതയില്ലെന്ന്  അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി രാജേന്ദ്രന്‍ പറഞ്ഞു.  ഗവേഷണ കേന്ദ്രത്തില്‍ ഗവേഷണങ്ങള്‍ നടക്കുന്നില്ലെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വര്‍ഷാവര്‍ഷം പൂപ്പൊലി നടത്തുന്നതില്‍ മാത്രം ഒതുങ്ങുകയാണെന്ന് ഒരു വിഭാഗം കര്‍ഷകര്‍ ആക്ഷേപമുന്നയിച്ചിരുന്നു.
2013-14ല്‍ ഏഴ് ഗവേഷകരുണ്ടായിരുന്ന കേന്ദ്രത്തില്‍ ഇപ്പോള്‍ താന്‍ മാത്രമാണ് ഗവേഷകന്റെ തസ്തികയില്‍. 14 ഗവേഷകരാണ് കേന്ദ്രത്തില്‍ ആവശ്യം. എങ്കിലും കേരള കാര്‍ഷിക സര്‍വകലാശാല അതിനു കീഴിലുള്ള ഗവേഷണസ്ഥാപനങ്ങളില്‍ ഏറ്റവും മികച്ചതായി കഴിഞ്ഞ മൂന്നു വര്‍ഷവും തെരഞ്ഞെടുത്തത് അമ്പലവയല്‍ കേന്ദ്രത്തെയാണെന്ന് അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു. മികച്ച ഗവേഷണ സ്ഥാപനമെന്ന അംഗീകാരം ഈ വര്‍ഷവും അമ്പലവയല്‍ കേന്ദ്രത്തിനു ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഗവേഷണ കേന്ദ്രത്തിന്റെ മുഖഛായ മാറി. 265 ഏക്കര്‍ ഭൂമിയാണ് അമ്പലവയലില്‍ ഗവേഷണ കേന്ദ്രത്തിനുള്ളത്. ഇതില്‍ ഏകദേശം 100 ഏക്കര്‍ 2013 വരെ കാടുകയറിക്കിടക്കുകയായിരുന്നു. കാടുപിടിച്ച ഒരു സെന്റ് ഭൂമിപോലും ഇപ്പോഴില്ല. ഓരോ സെന്റും കാര്‍ഷിക-അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഗവേഷണ കേന്ദ്രത്തിന്റെ വാര്‍ഷിക വരുമാനം 65 ലക്ഷം രൂപയില്‍നിന്നു നാലരക്കോടി രൂപയായി ഉയര്‍ന്നു. പൂപ്പൊലിയില്‍നിന്നുള്ള വരവ് ഉള്‍പ്പെടെയാണിത്. അമ്പലവയലിലും സമീപങ്ങളിലുമായി 500 ഓളം കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗമൊരുക്കാന്‍ ഗവേഷണ കേന്ദ്രത്തിനു കഴിഞ്ഞിട്ടുണ്ട്. 234 തൊഴിലാളികള്‍ ഗവേഷണ കേന്ദ്രത്തിലുണ്ട്. ഇതിനുപുറമേ നിരവധി സ്വയംസഹായ സംഘാംഗങ്ങളും കേന്ദ്രത്തില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it