വയനാട്ടില്‍ മാവോവാദികള്‍ രണ്ട് പേരെ ബന്ദികളാക്കിയെന്ന് സംശയം

കല്‍പ്പറ്റ: മേപ്പാടിയില്‍ മാവോവാദികള്‍ രണ്ടുപേരെ ബന്ദികളാക്കിയതായി സൂചന. ഇതരസംസ്ഥാന തൊഴിലാളികളെയാണ് ബന്ദികളാക്കിയത്. തൊള്ളായിരം സ്വകാര്യ എസ്‌റ്റേറ്റിലാണ് മാവോവാദികള്‍ എത്തിയത്. ഇവരുടെ പിടിയില്‍ നിന്ന് ഒരു തൊഴിലാളി രക്ഷപ്പെട്ടു. സംഘത്തില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് ഉള്ളത്. മാവോവാദി സംഘം തന്നെയാണോ എന്ന് പോലിസ് സ്ഥിരീകരിച്ചിട്ടില്ല.
വൈകുന്നേരത്തോടെയാണ് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ കണ്ടതായി പ്രദേശവാസികള്‍ പോലിസിനെ അറിയിച്ചത്. പോലിസ് സംഘം സ്ഥലത്തെത്തി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.
തൊള്ളായിരം മേഖലയില്‍ വന്‍കിട എസ്‌റ്റേറ്റുകളാണ് കൂടുതല്‍. ഇവിടങ്ങളില്‍ വ്യാപകമായി റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ റിസോര്‍ട്ട് കെട്ടിടം നിര്‍മിക്കുന്ന ജോലികളിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെയാണ് തടഞ്ഞുവച്ചിരിക്കുന്നതെന്ന് അറിയുന്നു.
ഇതിനിടെ തൊഴിലാളികളെ വിട്ടുകിട്ടാന്‍ മാവോവാദി സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്ന് സ്ഥലമുടമ വെളിപ്പെടുത്തി. രക്ഷപ്പെട്ട തൊഴിലാളിയെ ചോദ്യംചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. തിരുനെല്ലിയില്‍ റിസോര്‍ട്ടിനെതിരേ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാവോവാദി സംഘം ആക്രമണം നടത്തിയിരുന്നു.
കഴിഞ്ഞദിവസം കുറ്റിയാടി മേഖലയിലും മാവോവാദികളെ കണ്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.
തൊഴിലാളികളെ തടഞ്ഞു വച്ചിരുന്നതായി പറയപ്പെടുന്ന തൊള്ളായിരം, കള്ളാടി, ആനക്കാംപൊയില്‍ പ്രദേശങ്ങള്‍ നിലമ്പൂര്‍ വനമേഖലയോട് ചേര്‍ന്നതാണ്.
രണ്ടു വര്‍ഷം മുമ്പ് തോക്കുധാരികളായ അജ്ഞാതര്‍ അരിയുള്‍പ്പെടെ ആവശ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് പോലിസ് ഈ ഭാഗങ്ങളില്‍ ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിരുന്നു. ആറു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് വയനാട്ടില്‍ വീണ്ടും മാവോവാദികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്.
Next Story

RELATED STORIES

Share it