wayanad local

വയനാടിന്റെ കാലാവസ്ഥാവ്യതിയാനം: ആശങ്ക പങ്കുവച്ച് ഭൂമിശാസ്ത്ര സെമിനാര്‍

മീനങ്ങാടി: പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത ചൂഷണവും ഭൂവിനിയോഗത്തിലെ മാറ്റങ്ങളും വയനാടിനെ സമീപഭാവിയില്‍ മരുഭൂമിയാക്കി മാറ്റുമെന്നു മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംസ്ഥാനതല ഭൂമിശാസ്ത്ര സെമിനാര്‍ ചൂണ്ടിക്കാണിച്ചു. വന്‍തോതിലുള്ള പാറഖനനം, വനനശീകരണം, തണ്ണീര്‍ത്തടങ്ങളുടെയും ഇതര ജലസ്രോതസ്സുകളുടെയും നാശം എന്നിവ വയനാടിന്റെ ഭൂഗര്‍ഭ ജലവിതാനത്തില്‍ ഒന്നര മീറ്റര്‍ മുതല്‍ 3 മീറ്റര്‍വരെ താഴ്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇതു നെല്ലുള്‍പ്പെടെയുള്ള പരമ്പരാഗത വയനാടന്‍ വിളകളുടെ നാശത്തിനു കാരണമാവുന്നു. പശ്ചിമഘട്ട മലനിരകളുടെ നാശം വയനാടിന്റെ സൂക്ഷ്മകാലാവസ്ഥയില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഡെക്കാന്‍ പീഠഭൂമിയുടെ ഭാഗമായ വയനാടിന്റെ കാലാവസ്ഥയും പീഠഭൂമിയിലേതിനു സമാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന ആശങ്കയും സെമിനാര്‍ പങ്കുവച്ചു. മുളങ്കാടുകളുടെ ജീവിതചക്രവും വയനാടന്‍ കാലാവസ്ഥയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും സെമിനാര്‍ കണ്ടെത്തുകയുണ്ടായി. മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഭൂമിശാസ്ത്ര പഠനവകുപ്പ് ജില്ലാ സയന്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ 'കേരളം- ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബര്‍ മിനിസാജു, പ്രിന്‍സിപ്പല്‍ സി കെ ഷാജി, ജില്ലാ സയന്‍സ് ക്ലബ്ബ് സെക്രട്ടറി ടി ജി സജി, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ നിശാന്ത് എം മോഹന്‍, ഷിവി കൃഷ്ണന്‍, കെ ടി ബിനു, മനോജ് ചന്ദനക്കാവ്, ഡോ. ബാവ കെ പാലുകുന്ന്, പി ടി ജോസ് സംസാരിച്ചു. കണ്ണൂര്‍ സര്‍വകലാശാല ഭൂമിശാസ്ത്രപഠനവകുപ്പ് പ്രഫസര്‍ ഡോ. ജി ജയപാല്‍, ചിറ്റൂര്‍ ഗവ. കോളജ് ഭൂമിശാസ്ത്രപഠന വകുപ്പ് മേധാവി ഡോ. ജയരാജന്‍, പാരഡൈം ടെക്‌നോളജി ഡയറക്ടര്‍ ഡോ. ടോണി രാജന്‍ മാത്യു, കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ പി അഹമ്മദ് എന്നിവര്‍ അക്കാദമിക സെഷനില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it