വന്യജീവി ആക്രമണം: നഷ്ടപരിഹാരം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനാശത്തിനുമുള്ള നഷ്ടപരിഹാരം ഗണ്യമായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ആക്രമണത്തില്‍ മരണപ്പെടുന്ന വ്യക്തികളുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയില്‍നിന്ന് 10 ലക്ഷം രൂപയായി വര്‍ധിപ്പിക്കും.
വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് മരിച്ചാല്‍ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി വര്‍ധിപ്പിക്കും. മൃഗങ്ങളുടെ ആക്രമണത്തില്‍ സ്ഥിരമായി അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപവരെ നഷ്ടപരിഹാരം അനുവദിക്കും. ഇപ്പോള്‍ 75,000 രൂപവരെയാണ് അനുവദിക്കുന്നത്. വീടുകള്‍, കുടിലുകള്‍, കൃഷി, കന്നുകാലികള്‍ എന്നിവയ്ക്കുണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം പരമാവധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. വ്യക്തികള്‍ക്കുണ്ടാവുന്ന പരിക്കിന് നല്‍കുന്ന സഹായം പരമാവധി 75,000 രൂപ എന്നത് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കും.
പട്ടികവര്‍ഗക്കാരുടെ കാര്യത്തില്‍ ചികില്‍സയ്ക്കു ചെലവാകുന്ന മുഴുവന്‍ തുകയും അനുവദിക്കും. പിരപ്പന്‍കോട് നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ച നെടുമങ്ങാട് മുക്കംപാലമൂട് കുന്നൂര്‍കോണത്തു വീട്ടില്‍ ശ്രീജിത്തിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം അനുവദിച്ചു. 2007ലെ സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ഇ ബി ഷൈഭന് (കോട്ടയം) പ്രത്യേക കേസായി പരിഗണിച്ച് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ചൗക്കിദാര്‍, ഗാര്‍ഡനര്‍ എന്നീ തസ്തികകളില്‍ ഏതെങ്കിലും ഒന്നില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 131 കോടി രൂപ ചെലവ് വരുന്ന അഞ്ച് കുടിവെള്ള വിതരണ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ഓഖി
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടലിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചി കപ്പല്‍നിര്‍മാണശാലയില്‍ നിന്ന് മൂന്നു മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മിച്ചു വാങ്ങാന്‍ തീരുമാനിച്ചു. പട്ടികജാതി, വര്‍ഗ വിഭാഗത്തിനു പ്രത്യേക നിയമനം നടത്തുന്നതിനു വ്യവസായ പരിശീലന വകുപ്പില്‍ രണ്ട് എല്‍ഡി ടൈപ്പിസ്റ്റുമാരുടെയും തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കും.
Next Story

RELATED STORIES

Share it