Kottayam Local

വനിതാ ഫുട്‌ബോളില്‍ അഭിമാനമായി സഹോദരിമാര്‍

വൈക്കം: കായികരംഗത്ത് വേറിട്ട ചരിത്രം രചിച്ച നാമക്കുഴി സിസ്റ്റേഴ്‌സിന്റെ നാട്ടില്‍ നിന്നു വനിതാ ഫുട്‌ബോളില്‍ മികവു തെളിയിച്ച് നാടിന് അഭിമാനമാവുകയാണ് സഹോദരിമാര്‍. മേവെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ നിന്ന് കായിക രംഗത്തേക്കു ചുവടുവച്ച സഹോദരിമാരായ ശ്രീവിദ്യയും ശ്രീദേവിയുമാണ് നാടിന് അഭിമാനമാവുന്നത്. വനിതാ ഫുട്‌ബോളില്‍ സംസ്ഥാന ദേശീയ തലങ്ങളില്‍ മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ച വച്ചത്. ഇവരില്‍ മൂത്തയാള്‍ ശ്രീദേവി ഹോക്കിയും ഫുട്‌ബോളിലും ഒരുപോലെ മികവു പ്രകടിപ്പിച്ചിരുന്നു.
ഫുട്‌ബോളില്‍ ഇന്റര്‍ യൂനിവേഴ്‌സിറ്റി ചാംപ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. ഹോക്കിയില്‍ സംസ്ഥാന ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത് നിരവധി ഗോളുകളും നേടി. തിരുവനന്തപുരം സായിയിലാണ് ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയത്. ശ്രീവിദ്യയും ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ സജീവസാന്നിധ്യമാണ്. ഒറീസ, ഗോവ, സേലം എന്നിവിടങ്ങളില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ കേരളത്തെ പ്രതിനിധീകരിച്ചു. സംസ്ഥാനതല മല്‍സരങ്ങളില്‍ പങ്കെടുക്കുകയും നിരവധി ഗോളുകള്‍ നേടി മികവു തെളിയിക്കുകയും ചെയ്ത ശ്രീവിദ്യ കാരിക്കോട് ഗവ. മോഡല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം.
ഇപ്പോള്‍ കോട്ടയം ബസേലിയസ് കോളജില്‍ മൂന്നാം വര്‍ഷ രാഷ്ട്രമീമാംസ ബിരുദ വിദ്യാര്‍ഥിനിയാണ്. ശ്രീദേവി ഇവിടെ നിന്ന് ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മേവെള്ളൂര്‍ കൊട്ടാരത്തില്‍ വാര്യത്ത് മുരളീധര വാര്യരുടെയും ബാലാമണിയുടെയും മക്കളാണ് ഈ സഹോദരിമാര്‍.
കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആശ്രമം സ്‌കൂളിലും നിരവധി കുട്ടികളെയാണ് ശ്രീവിദ്യയും ശ്രീദേവിയും പരിശീലിപ്പിക്കുന്നത്.
ഇവരുടെ ശിക്ഷണത്തില്‍ കുലശേഖരമംഗലം സ്‌കൂളില്‍ നിന്നും 25 കുട്ടികള്‍ സംസ്ഥാനതലത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. വനിതാ ഫുട്‌ബോളിന് മികച്ച സാധ്യകളുള്ള അമേരിക്കയില്‍ പരിശീലനം നേടുക എന്നതാണ് ഇവരുടെ ആഗ്രഹം. ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വിസില്‍ സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ ജോലിക്കായി ശ്രമിക്കുകയാണ് മേവെള്ളൂരിന്റെ അഭിമാനമായ സഹോദരിമാര്‍.
Next Story

RELATED STORIES

Share it