palakkad local

വനിതാ ടൂറിസം പോലിസിനെ നിയമിക്കണമെന്ന ആവശ്യം ശക്തം

മലമ്പുഴ: സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രവും കേരളത്തിന്റെ ഉദ്യാന റാണിയുമായ മലമ്പുഴ ഉദ്യാനത്തില്‍ വനിതാ ടൂറിസം പോലിസിനെ നിയമിക്കണമെന്നാവശ്യം ശക്തമാവുന്നു. കേരള പിറവി ദിനത്തില്‍ മലമ്പുഴ എസ്പി ലൈനിന് സമീപം മദ്യപിച്ചെത്തിയ വിനോദ സഞ്ചാരിയായ സ്ത്രീ നാട്ടുകാരോടും പോലിസുകാരോടും പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതിന്റെ സാഹചര്യത്തിലാണ് മലമ്പുഴയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഡ്യൂട്ടിയിലുണ്ടാകുന്ന ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് പട്ടാമ്പി സ്വദേശിയായ സ്ത്രീ മദ്യപിച്ച് നടുറോഡില്‍ പരാക്രമം നടത്തിയത്. ഈ സംഭവം സമീപത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ വിളിച്ചറിയതിനെ തുടര്‍ന്ന സ്ഥലത്തെത്തിയ മലമ്പുഴ പോലിസിനോടും യുവതി അപമര്യാദയായി പെരുമാറി. ഓണം, പെരുന്നാള്‍ ക്രിസ്തുമസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ക്കും മറ്റു പൊതുഅവധി ദിനങ്ങളിലും മലമ്പുഴയിലെ തിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷയുടെ ഭാഗമായ കൂടുതല്‍വനിതാ പോലിസിനെ ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട്. അല്ലാത്ത സാഹചര്യത്തില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടാവുമ്പോള്‍ മാത്രം സ്റ്റേഷനില്‍ നിന്നും വനിതാ പോലിസെത്തുന്ന രീതിയാണ് നിലനില്‍ക്കുന്നത്. ക്രിസ്മസ് സീസണടുക്കുന്നതോടെ സന്ദര്‍ശകര്‍ കൂടുതലായെത്തുന്ന സമയമായതിനാല്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കേണ്ടത് പോലിസിന്റെയും ടൂറിസം വകുപ്പിന്റെയും ബാധ്യതയാണ്. അയല്‍ ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ദിനംതോറും ആയിരക്കണക്കിന് പേരെത്തുന്ന കേരളത്തിന്റെ ഉദ്യാനറാണിയില്‍ സ്ത്രീ സുരക്ഷക്കായി ഉദ്യാനത്തിനകത്തും പുറത്തും വനിതാ ടൂറിസം പോലിസിന്റെ സ്ഥിരം നിയമനം വേണമെന്നാവശ്യം ശക്തമാവുകയാണ്.
Next Story

RELATED STORIES

Share it