Editorial

വനിതാ കമ്മീഷന്‍ പരാമര്‍ശങ്ങള്‍ അപഹാസ്യം

ക്രിസ്ത്യന്‍ പള്ളികളിലെ കുമ്പസാരം നിര്‍ത്തലാക്കണമെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ ആവശ്യം. ചില വൈദികര്‍ കുമ്പസാര രഹസ്യം ആയുധമാക്കി സ്ത്രീപീഡനം നടത്തിയതാണ് അവരെ പ്രകോപിപ്പിച്ചിട്ടുള്ളത്. ഇതു പറഞ്ഞ കൂട്ടത്തില്‍ മുസ്‌ലിം സമുദായത്തിനും അവര്‍ ഒരു കൊട്ടു കൊടുത്തിട്ടുണ്ട്- 'ലൗജിഹാദ്' വ്യാപകമാവുന്നു എന്നാണ് കമ്മീഷന്‍ അധ്യക്ഷയുടെ കണ്ടെത്തല്‍. അതു തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരും പോലിസും ഉദാസീനത കാണിക്കുന്നുവത്രേ. ഒരു വെടിക്ക് എത്രയെത്ര പക്ഷികളെയാണ് രേഖ ശര്‍മയ്ക്ക് കൈയില്‍ കിട്ടുന്നത്!
വൈദികര്‍ മുഴുവനും പുണ്യവാളന്‍മാരൊന്നുമല്ല. കന്യാസ്ത്രീകള്‍ക്കും അപഥസഞ്ചാരങ്ങളുണ്ടാവാം. വൈദികരുമായി ബന്ധപ്പെട്ട് ഈയിടെ ഉയര്‍ന്നുവന്ന പരാതികള്‍ കര്‍ശന നടപടികള്‍ ആവശ്യപ്പെടുന്നുമുണ്ട്. അതോടൊപ്പം ആത്മീയതയെക്കുറിച്ചും ബ്രഹ്മചര്യത്തെപ്പറ്റിയും വിശദമായ ആലോചനകള്‍ നടത്തുകയും പുതിയ തിരിച്ചറിവുകളില്‍ എത്തുകയും വേണം താനും. എന്നാല്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ ചെയ്തത് അങ്ങനെയൊന്നുമല്ല; ഒരു മതത്തില്‍ വിശുദ്ധമായി കണക്കാക്കപ്പെടുന്ന അനുഷ്ഠാനത്തെയപ്പാടെ തെറ്റാണെന്ന് വിധിയെഴുതുകയാണ്.
മതങ്ങള്‍ക്ക് അവയുടേതായ വിശ്വാസങ്ങളും അവയ്ക്ക് അനുസൃതമായ ആചാരമര്യാദകളുമുണ്ട്. മറ്റൊരു മതവിശ്വാസം പുലര്‍ത്തുന്ന വ്യക്തി തന്റെ പദവിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തി അവ നിയമവിരുദ്ധമാക്കണമെന്ന് പറയുന്നത് ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് ചേര്‍ന്നതല്ല. വേണമെങ്കില്‍ രേഖ ശര്‍മയ്ക്ക് കുമ്പസാരം മാത്രമല്ല, കുരിശു വരയ്ക്കലും കുര്‍ബാന കൈക്കൊള്ളലുമെല്ലാം നിര്‍ത്തലാക്കണമെന്നു പറയാം. മുസ്‌ലിംകള്‍ പള്ളിയില്‍ പോവുന്നതും നോമ്പെടുക്കുന്നതും പ്രാകൃതമാണെന്നു പറയാം. ഒരുപക്ഷേ, മതേതരവാദികള്‍ അത്തരം കപടയുക്തികളെ അംഗീകരിച്ചുവെന്നും വരാം. പക്ഷേ, ഇന്ത്യാ മഹാരാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വര സങ്കല്‍പങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഇത്തരം ജല്‍പനങ്ങള്‍.
ക്രിസ്തുമതത്തിലെയും ഇസ്‌ലാം മതത്തിലെയും ദുഷിപ്പുകള്‍ കഴുകിത്തുടച്ച് അവയെ ശുഭ്രസുന്ദരമാക്കാന്‍ കുറേക്കാലമായി സംഘികള്‍ കലശലായി ശ്രമിച്ചുപോരുന്നുണ്ട്. നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം ഈ പരിഷ്‌കരണ സംരംഭങ്ങള്‍ക്കു പിന്നില്‍ ആധിപത്യവാസനയും പ്രകടമാണ്. റുഡ്‌യാര്‍ഡ് കിപ്ലിങ് സൂചിപ്പിച്ച 'വെള്ളക്കാരന്റെ ഭാരം' പോലൊന്നാണത്. മതന്യൂനപക്ഷങ്ങളെ നന്നാക്കിയെടുക്കാനുള്ള 'ഭാരിച്ച ഉത്തരവാദിത്തം' എന്തുകൊണ്ടാണ് രേഖ ശര്‍മയും കൂട്ടരും സ്വന്തം മതത്തിനു നേരെ പ്രയോഗിക്കാത്തത്?
മറ്റുള്ളവര്‍ക്കു പൊറുപ്പിക്കാനാവാത്ത ഒരുപാട് കാര്യങ്ങള്‍ ഹിന്ദുമതത്തിന്റെ ആചാരമര്യാദകളിലുണ്ട്. അവയെയെല്ലാം ഭാരതീയ സംസ്‌കാരവുമായി സമീകരിക്കുന്ന അതേ ശ്വാസത്തില്‍ തന്നെയാണ് ഹിന്ദുത്വവാദികള്‍ അന്യമതവിശ്വാസികളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അപഹസിക്കുന്നത്. മുത്വലാഖിനെതിരേ നിയമമുണ്ടാക്കാന്‍ വെമ്പുന്ന പ്രധാനമന്ത്രിയാണ് താന്‍ കെട്ടിയ പെണ്ണിനെ പെരുവഴിയിലാക്കി ബ്രഹ്മചര്യം സ്വീകരിച്ചത് എന്നോര്‍ക്കണം. വൈദികരുടെ സ്ത്രീപീഡനത്തെക്കുറിച്ചു പറഞ്ഞ് കണ്ണീരൊഴുക്കുന്നവര്‍ നിത്യബ്രഹ്മചാരികളായ സന്യാസിമാരുടെ ലൈംഗിക ആഭാസങ്ങളുടെ നേരെ കണ്ണടയ്ക്കുന്നതും കാണാതിരിക്കരുത്.
Next Story

RELATED STORIES

Share it