Alappuzha local

വനിതാ കമ്മീഷന്‍ അദാലത്തില്‍ ലഭിച്ചത് 100 പരാതികള്‍

ആലപ്പുഴ: സ്ത്രീസഹജമായ അവകാശങ്ങള്‍ പോലും സംരക്ഷിക്കാന്‍ സമൂഹം തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി  വനിതാ കമ്മീഷന്‍. പ്രസവാവധി  കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ ജോലിയില്‍ തുടരാന്‍ അനുവദിക്കാതെ പിരിച്ചുവിട്ടെന്ന പരാതിയുമായി  സ്വകാര്യ സകൂള്‍ അധ്യാപികയായ പരാതിക്കാരി  കൈകുഞ്ഞുമായി അദാലത്തിലെത്തി. സമാന സ്വഭാവമുള്ള പരാതിയുമായി എന്‍ജിനിയറിങ്് കോളേജ് അധ്യാപികയും അദാലത്തിലെത്തിയിരുന്നു.
വെക്കേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍  പിരിച്ചു വിട്ടതായുള്ള  അറിയിപ്പാണ്  ജില്ലയിലെ ഒരു പ്രമുഖ  സ്വകാര്യ എഞ്ചിനിയറിങ് കോളജിലെ അധ്യാപികക്ക് ലഭിച്ചത്. ഒരു സ്ഥാപനത്തില്‍ 100 ദിവസത്തിലധികം ജോലിചെയ്തവര്‍ക്ക് തൊഴില്‍ നിയമ പ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് തൊഴിലെടുക്കുന്നവരും തൊഴിലുടമയും ബോധവാരല്ലെന്ന്  കമ്മീഷന്‍ നിരീക്ഷിച്ചു. രണ്ടു പരാതിയിലും എതിര്‍ കക്ഷികള്‍ ഹാജരായില്ല. കമ്മീഷന്റെ നിര്‍ദേശം ലഭിച്ചിട്ടും അദാലത്തില്‍ ഹാജരാകാത്ത സ്ഥാപന അധികൃതര്‍ക്കെതിരെ കമ്മീഷന്‍ പോലിസ് നടപടി സ്വീകരിച്ചു.
വീട്ടുകാരുടെ അനുവാദമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം  വിവാഹം കഴിച്ച ദമ്പതികള്‍ പരസ്പരം കുറ്റപ്പെടുത്തി വിവാഹ മോചനത്തിനായി കമ്മീഷനെ സമീപിച്ചു. പൊരുത്തപ്പെട്ടുു ജീവിക്കുതിന് കമ്മീഷന്‍ പല തവണ കൗസിലിങും ഉപദേശവും നല്‍കിയിട്ടും വിവാഹ മോചനത്തില്‍   ഉറച്ചു നിന്നവരോട് ആവശ്യം നേടിയെടുക്കുന്നതിന് കുടുംബ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.
വിധവകളുടെ സംരക്ഷണം ഉത്തരവാദിത്വമായി കരുതിയിരുന്ന മുന്‍കാല നിലപാടുകളില്‍ വീഴ്ചവന്നതായി സൂചിപ്പിക്കുന്ന തരത്തിലുള്ള നിരവധി പരാതികളും കമ്മീഷന് ലഭിച്ചു. മരിച്ചുപോയ ഭര്‍ത്താവിന് അവകാശപ്പെട്ട സ്വത്ത് വിട്ടു നല്‍കാന്‍ ഭര്‍ത്തൃ സഹോദരങ്ങള്‍ തയ്യാറാകുന്നില്ലെന്ന പരാതിയില്‍ കോടതിയുടെ ഇടപെടലിന് കമ്മീഷന്‍ നിര്‍ദേശിച്ചു.
പ്രശ്‌നങ്ങള്‍ക്ക് കോടതിയില്‍ തീര്‍പ്പുണ്ടാകുന്നതിനുള്ള കാലതാമസം കണക്കിലെടുത്ത് വസ്തു തര്‍ക്കം,സ്വത്ത് ഭാഗം ചെയ്യല്‍ തുടങ്ങിയ സിവില്‍ സ്വഭാവമുള്ള പരാതികളുമായും സ്ത്രീകള്‍ വനിത കമ്മീഷനെ സമീപിക്കുകയാണെന്ന് അദാലത്തിന് നേതൃത്വം നല്‍കിയ അഡ്വ. എം എസ് താര അഭിപ്രായപ്പെട്ടു. മകന്‍ റബ്ബര്‍ തോട്ടത്തില്‍ പണിയെടുത്തതിന്റെ കൂലിയായ ഒന്നര ലക്ഷത്തോളം രൂപ തോട്ടമുടമ നല്‍കുന്നില്ലെന്ന പരാതിയുമായി എഴുപത്തിയഞ്ചുകാരിയായ അമ്മയുടെ പരാതിയില്‍ കമ്മീഷന്‍ നടപടി സ്വീകരിച്ചു.
ദേശീയ സമ്പാദ്യ ഭവന്‍ ഹാളില്‍ നടന്ന അദാലത്തില്‍ 32 കേസുകള്‍ തീര്‍പ്പാക്കി. കക്ഷികള്‍ ഹാജരാകാതിരുന്നതിനാലും  പരിഹാരത്തിന് മതിയായ സമയം വേണ്ടതിനാലും 46 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. 22 പരാതികളില്‍  പോലളിസിന്റെയും വിവിധ വകുപ്പുകളുടെയും റിപോര്‍ട്ട് തേടി. അഭിഭാഷകരായ ജലജ ചന്ദ്രന്‍, പി.ആര്‍.ഷോളി, ജുനോ എബ്രഹാം,അംബിക കൃഷ്ണന്‍, കൗണ്‍സിലിംഗ് വിദഗ്ധരായ രാജലക്ഷ്മി, ക്രിസ്റ്റീന റോസ് മാത്യു എന്നിവരും അദാലത്തില്‍ പങ്കാളികളായി.
Next Story

RELATED STORIES

Share it