വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനു നേരെ ആക്രമണം

പത്തനാപുരം (കൊല്ലം): വനിതാ കമ്മീഷന്‍ അംഗത്തിനും ഡ്രൈവര്‍ക്കും നേരെ ഹര്‍ത്താ ല്‍ അനുകൂലികളുടെ അക്രമം. വനിതാ കമ്മീഷന്‍ അംഗം കൊല്ലം കരിക്കോട് അഫ്‌സല്‍ കോട്ടേജില്‍ ഷാഹിദ കമാലി(47) നും ഡ്രൈവര്‍ കരിക്കോട് നിഥിന്‍ മന്ദിരത്തില്‍ നിഥിനു(28) മാണു മര്‍ദനമേറ്റത്.കൊട്ടാരക്കര-പത്തനാപുരം മിനിഹൈവേയില്‍ തലവൂര്‍ നടുത്തേരിയിലുള്ള കോണ്‍ഗ്രസ് ഭവനു മുന്നില്‍ വച്ച് ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. പത്തനാപുരം മൗണ്ട് താബോര്‍ ദയറയിലെ കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് അവിടേക്കു പോകവെയാണ് ഹര്‍ത്താലനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. ആരായാലും കാറ് ഇപ്പോള്‍ കടത്തിവിടില്ലെന്നായിരുന്നു വണ്ടി തടഞ്ഞവരുടെ നിലപാടെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ വണ്ടിയുടെ മുന്നിലെ ഗ്ലാസ് അടിച്ചുതകര്‍ത്തു. തന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയും മുടി പിടിച്ചുവലിക്കുകയും ചെയ്തു. നീ കോണ്‍ഗ്രസ്സിനെ വഞ്ചിച്ചുപോയവളല്ലേ എന്നു പറഞ്ഞായിരുന്നു ആക്രമണമെന്നും അവര്‍ ആരോപിച്ചു. കുന്നിക്കോട് പോലിസ് എത്തിയാണ് വാഹനം കടത്തിവിട്ടത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ അംഗത്തെ പത്തനാപുരത്തെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനലൂര്‍ ഡിവൈഎസ്പി അനില്‍കുമാര്‍, പത്തനാപുരം സിഐ അന്‍വര്‍ എന്നിവര്‍ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. വനിതാ കമ്മീഷന്‍ അംഗത്തിന്റെ പരാതിയില്‍ 25ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുന്നിക്കോട് പോലിസ് കേസെടുത്തു. അതേസമയം, ഷാഹിദാ കമാലിനെ മര്‍ദിച്ചതില്‍ പോലിസ് സത്വര നടപടികള്‍ സ്വീകരിക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന് നേരെയുണ്ടായ കൈയേറ്റത്തില്‍ മന്ത്രി കെ കെ ശൈലജ അപലപിച്ചു.

Next Story

RELATED STORIES

Share it