malappuram local

വനപാലകരെ കണ്ട് ഓടിരക്ഷപ്പെട്ട നാലംഗ വേട്ടസംഘം കീഴടങ്ങി

നിലമ്പൂര്‍: മൃഗവേട്ടയ്ക്കിടെ വനപാലകരെ കണ്ട് വാഹനങ്ങളും തോക്കും ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട നാലംഗസംഘം വനം വകുപ്പിന് മുന്നില്‍ കീഴടങ്ങി. കുറുമ്പലങ്ങോട് പാര്‍ട്ടിക്കുന്ന് ആപത്ത് കാട്ടില്‍ മുഹമ്മദ് ഷരീഫ്(28), ചുങ്കത്തറ പൊറ്റാരത്ത് അബ്ദുള്‍ നാസര്‍(43), ചുങ്കത്തറ അണ്ടിക്കുന്ന് കണ്ണാട്ടില്‍ ഉസ്മാന്‍(38), ചുങ്കത്തറ വെള്ളാരംകുന്ന് പറമ്പാടന്‍ നൗഷാദലി(22) എന്നിവരാണ് നിലമ്പൂര്‍ റെയ്ഞ്ച് ഓഫിസര്‍ എം പി രവിന്ദ്രനാഥ് മുമ്പാകെ തിങ്കളാഴ്ച വൈകീട്ട് കീഴടങ്ങിയത്.
ജില്ലാ കോടതിയിലും തുടര്‍ന്ന് ഹൈക്കോടതിയിലും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയതോടെയാണ് പ്രതികള്‍ കീഴടങ്ങിയത്. മാര്‍ച്ച് 20ന് കാഞ്ഞിരപുഴ ഫോറസ്റ്റ് സ്റ്റേഷനിലെ കൊട്ടീരി വീട്ടിമല വനമേഖലയില്‍ വച്ചാണ് സംഭവം. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ കെ അശോക് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ സുനില്‍ കുമാര്‍, കെ രമേശ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ മനോജ് കുമാര്‍, വി മുഹമ്മദ് അഷ്റഫ്, എം എസ് ഖമറുദ്ദീന്‍, ഡ്രൈവര്‍ അബ്ദുള്‍ റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ വനത്തില്‍ രാത്രികാല പെട്രോളിങിനിടെ വേട്ടസംഘം ഇവരുടെ മുന്നില്‍പ്പെടുകയായിരുന്നു. രണ്ട് ബൈക്കുകള്‍, ഒരു നാടന്‍ തോക്ക്, മൊബൈല്‍ ഫോണുകള്‍, സേര്‍ച്ച് ലൈറ്റുകള്‍, കത്തികള്‍, ബാഗ് എന്നിവ ഉപേക്ഷിച്ച് സംഘം അന്ന് ഓടിരക്ഷപ്പെട്ടു. അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതോടെ ഇവര്‍ ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയുമായിരുന്നു. രണ്ടുമാസം മുമ്പ് അബ്ദുള്‍ നാസര്‍ മറ്റൊരാളില്‍ നിന്നു വാങ്ങിയതാണ് തോക്കെന്നാണ് മൊഴി. തോക്ക് നല്‍കിയ ആള്‍ക്കെതിരേയും വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. നൗഷാദലി, മുഹമ്മദ് ഷെരീഫ് എന്നിവരുടെതാണ് ബൈക്കുകള്‍. വൈല്‍ഡ് ലൈഫ് ആക്ട് പ്രകാരവും വനം നിയമപ്രകാരവുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it