wayanad local

വനഗ്രാമങ്ങളില്‍ വൈദ്യുതിയെത്തും

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍പ്പെട്ട മണിമുണ്ട, പാമ്പന്‍കൊല്ലി വനഗ്രാമങ്ങളിലും വൈദ്യുതിയെത്തുന്നു. വനത്തിലൂടെ ഈ ഗ്രാമങ്ങളിലേക്ക് ഭൂഗര്‍ഭ കേബിള്‍ വലിക്കാന്‍ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ ടി സാജന്‍ അനുമതി നല്‍കി. കെഎസ്ഇബി കല്‍പ്പറ്റ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് വനഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിനു വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പച്ചക്കൊടി കാട്ടിയത്.
ഏറ്റവും ഒടുവില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍ നടത്തിയ ഇടപെടലും മണിമുണ്ടയിലും പാമ്പന്‍കൊല്ലിയിലും വൈദ്യുതിയെത്തുന്നതിനുള്ള മുഖ്യതടസ്സം നീങ്ങുന്നതിനു സഹായകമായി. വനത്തിലൂടെ കേബിള്‍ വലിക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ രണ്ടു വനഗ്രാമങ്ങളും സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിക്ക് പുറത്തായിരുന്നു. വനാവകാശ നിയമം അനുസരിച്ച് വനേതര ആവശ്യങ്ങള്‍ക്ക് ഒരു ഹെക്റ്ററില്‍ താഴെ വനഭൂമി ഉപയോഗപ്പെടുന്നതിനു അനുമതി നല്‍കാന്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് അധികാരമുണ്ട്. ഇതനുസരിച്ചാണ് മണിമുണ്ട, പാമ്പന്‍കൊല്ലി വൈദ്യുതീകരണത്തിന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.
മണിമുണ്ട, പാമ്പന്‍കൊല്ലി ഗ്രാമങ്ങളിലായി 60 പട്ടികവര്‍ഗ കുടുംബങ്ങളാണ് താമസം. നായ്ക്കട്ടി പിലാക്കാവില്‍ നിന്നു 1.3 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളാണ് ഈ ഗ്രാമങ്ങളിലേക്ക് വലിക്കേണ്ടത്. മൂന്നു കിലോമീറ്റര്‍ എല്‍ടി ലൈനും വലിച്ച് 100 കെവിഎ ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിച്ചാല്‍ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കാന്‍ കഴിയും. ഇതിനു 48 ലക്ഷം രൂപ ചെലവാണ് കെഎസ്ഇബി കണക്കാക്കുന്നത്.
കാട്ടിലൂടെ ലൈന്‍ വലിക്കുന്നതിനു അനുമതി നല്‍കുന്നതില്‍ വനംവന്യജീവി വകുപ്പിനുള്ള വിമുഖതയ്‌ക്കെതിരേ മണിമുണ്ട, പാമ്പന്‍കൊല്ലി ഗ്രാമവാസികള്‍ രംഗത്തുവന്നിരുന്നു. ഗ്രാമീണര്‍ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനെ തടഞ്ഞുവയ്ക്കുകയുമുണ്ടായി. ഈ അവസരത്തില്‍ വൈദ്യുതീകരണത്തിനുള്ള തടസ്സം നീക്കുമെന്ന് വാര്‍ഡന്‍ വാക്കുനല്‍കിയെങ്കിലും സത്വര നടപടിയുണ്ടായില്ല. ഇങ്ങനെയിരിക്കെയാണ് കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ വിഷയം ഉന്നയിച്ചത്. അപ്പോള്‍, കെഎസ്ഇബി ഒരിക്കല്‍ക്കൂടി അപേക്ഷ നല്‍കിയാല്‍ വനത്തിലൂടെ ഭൂഗര്‍ഭ കേബിള്‍ വലിക്കുന്നതിന് അനുമതി നല്‍കാമെന്നു വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കെഎസ്ഇബി സര്‍ക്കിള്‍ ചീഫ് ഡപ്യൂട്ടി എന്‍ജിനീയര്‍ അപേക്ഷ നല്‍കിയത്. മണിമുണ്ട, പാമ്പന്‍കൊല്ലി ഗ്രാമങ്ങളിലേക്ക് ഭൂഗര്‍ഭ കേബിള്‍ വലിക്കുന്നതിനു 0.3 ഹെടക്റ്റര്‍ വനഭൂമി മാത്രമാണ് ആവശ്യം.
വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍ തന്നെയുള്ള ചെട്ട്യാലത്തൂരാണ് വൈദ്യുതിയെത്താത്ത മറ്റൊരു വനഗ്രാമം. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് ചെട്ട്യാലത്തൂര്‍ പ്രദേശം. നൂല്‍പ്പുഴ പമ്പ്ഹൗസ് പരിസരത്തുനിന്ന് വനാതിര്‍ത്തിവരെ രണ്ടര കിലോമീറ്റര്‍ 11 കെവിഒഎച്ച് ലൈനും കാട്ടിലൂടെ 1.8 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളും തുടര്‍ന്ന് മൂന്നു കിലോമീറ്റര്‍ ഒഎച്ച് ത്രീഫേസ് ലൈനും ഒരു ട്രാന്‍സ്‌ഫോര്‍മറുമാണ് ചെട്ട്യാലത്തൂര്‍ ഗ്രാമം വൈദ്യുതീകരിക്കുന്നതിന് ആവശ്യം. ഇതിനായി 75 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി വൈദ്യുതി ബോര്‍ഡ് തയ്യാറാക്കിയിരുന്നു. വനംവന്യജീവി വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഇതു പ്രാവര്‍ത്തികമായില്ല. നൂല്‍പ്പുഴ പഞ്ചായത്തില്‍പ്പെട്ട ചെട്ട്യാലത്തൂരില്‍ 107 വീടുകളാണ് ഉള്ളത്. ഇതില്‍ 57ഉം  തതലമുറകളായി താമസിച്ചുവരുന്ന ആദിവാസികളുടേതാണ്.
ചെട്ടിമാരുടേതാണ് പൊതുവിഭാഗത്തില്‍പ്പെട്ട വീടുകളില്‍ അധികവും. വൈദ്യുതിക്കായുള്ള ചെട്ട്യാലത്തൂര്‍ ഗ്രാമവാസികളുടെ കാത്തിരിപ്പിനു പതിറ്റാണ്ടുകളാണ് പഴക്കം. വനത്തിലൂടെ ഗ്രാമത്തിലേക്ക് ഓവര്‍ ഹെഡ് (ഒഎച്ച്) ലൈന്‍ വലിക്കുന്നത് എതിര്‍ത്ത വനം-വന്യജീവി വകുപ്പ് തന്നെയാണ് ഭൂഗര്‍ഭ ലൈന്‍ നിര്‍ദേശിച്ചത്. എന്നാല്‍, വൈദ്യുതി വകുപ്പ് ഭൂഗര്‍ഭ കേബിള്‍ പദ്ധതിയുമായി എത്തിയപ്പോഴും വനംവന്യജീവി വകുപ്പ് ഉടക്കിടുകയാണുണ്ടായത്.
Next Story

RELATED STORIES

Share it