wayanad local

വനംവകുപ്പിലെ നിയമനത്തട്ടിപ്പ് പോലിസ് അന്വേഷണം അവസാനിപ്പിക്കുന്നു

മാനന്തവാടി: വനംവകുപ്പില്‍ വ്യാജ നിയമന ഉത്തരവും ഇന്റര്‍വ്യൂ കാര്‍ഡും നല്‍കി ഉദ്യോഗാര്‍ഥികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസിന്റെ അന്വേഷണം പോലിസ് അവസാനിപ്പിക്കുന്നു. കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാതെയാണ് പോലിസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍, ജില്ലാ കലക്ടറേറ്റില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സംഭവിച്ചതിന് സമാനമായി വനംവകുപ്പിന്റെയും ഡിഎഫ്ഒയുടെയും വ്യാജ സീലും ലെറ്റര്‍ പാഡും ഉണ്ടാക്കി നടത്തിയ തട്ടിപ്പില്‍ വനംവകുപ്പിലെ ചിലര്‍ക്ക് പങ്കുള്ളതായും ഇവരെ വകുപ്പിലെ ചിലര്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേസ് അവസാനിപ്പിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പിടിയിലായ നാലുപേരില്‍ കേസൊതുക്കാനാണ് തീരുമാനം. മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കേസന്വേഷിച്ചിരുന്നത്. മാനന്തവാടി ഡിഎഫ്ഒയുടെ പേരില്‍ നിയമന ഉത്തരവ് നല്‍കി കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസാണ് നാലുപേരില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത്. മാനന്തവാടി എരുമത്തെരുവ് അമ്പുകുത്തി പടിഞ്ഞറയില്‍ ഹരീഷ്, എരുമത്തെരുവില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ കൂത്തുപറമ്പ് മാങ്ങാട്ടിടം മല്ലപ്പള്ളി സനൂപ്, പിണറായി സ്വദേശി കുട്ടന്‍, പേര്യ സ്വദേശി ഉസ്മാന്‍ എന്നിവരെയാണ് പോലിസ് പിടികൂടിയത്. നോര്‍ത്ത് വയനാട് വനം ഡിവിഷനല്‍ ഓഫിസ് പരിധിയിലെ വിവിധ ഓഫിസുകളിലും വിവിധ തസ്തികകളിലും ജോലി നല്‍കാമെന്നു പറഞ്ഞ് ഉദ്യോഗാര്‍ഥികളെ സമിപിക്കുകയും നിയമനം നല്‍കുന്നതായി കാണിച്ച് നോര്‍ത്ത് വയനാട് ഡിഎഫ്ഒയുടെ ഒപ്പ് പതിച്ച് പോസ്റ്റല്‍ വഴി കത്ത് അയക്കുകയും ചെയ്താണ് പണം തട്ടിയത്. ഇതിനായി ഒരാളില്‍ നിന്നും 50,000 രൂപ വീതം ഇവര്‍ കൈപ്പറ്റുകയും ചെയ്‌തെന്നാണ് കേസ്. ജില്ലയില്‍ നിന്ന് അഞ്ചുപേരാണ് ഇത്തരത്തില്‍ പരാതി നല്‍കിയത്. എന്നാല്‍, കണ്ണൂര്‍ ജില്ലയിലെ പിണറായി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും സമാന രീതിയില്‍ 47 പേരില്‍ നിന്നു പണം വാങ്ങിയതായി പരാതിയില്‍ പറഞ്ഞിരുന്നു. 14,48,000 രൂപയാണ് സംഘം കൈക്കലാക്കിയത്. ജോലിയും പണവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് മാസങ്ങള്‍ക്കു ശേഷം പരാതി നല്‍കിയത്. എന്നാല്‍, സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നും ഇവര്‍ക്കാവട്ടെ, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുമായും മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നെങ്കിലും പോലിസ് ഇത്തരത്തിലൊന്നും അന്വേഷിച്ചില്ല.
Next Story

RELATED STORIES

Share it