Flash News

വധശിക്ഷ: ഇസ്രായേല്‍ ബില്ല് ഫലസ്തീന്‍കാരെ ലക്ഷ്യംവച്ച്

തെല്‍അവീവ്: ഇസ്രായേലിന്റെ വധശിക്ഷാ ബില്ലിനെതിരേ വിമര്‍ശനവുമായി ഫലസ്തീന്‍ നേതാക്കളും മനുഷ്യാവകാശ സംഘടനകളും. ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ വധശിക്ഷ വിധിക്കാന്‍ ജഡ്ജിമാര്‍ക്ക് സാധിക്കുന്ന തരത്തിലുള്ള നിയമഭേദഗതി ഫാഷിസ്റ്റ് നടപടിയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വധശിക്ഷകളെ നിയന്ത്രിക്കുന്നതിനുള്ള നിയമമാണ് പുതിയ ബില്ല് പ്രകാരം ഭേദഗതി ചെയ്യുന്നത്. ഫലസ്തീന്‍കാരെ ഇസ്രായേല്‍ ലക്ഷ്യംവയ്ക്കുന്നതിന് നിയമസാധുത നല്‍കുന്നതാണു പുതിയ ബില്ലെന്നു മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ബില്ലിന്‍മേലുള്ള പ്രാഥമിക ചര്‍ച്ചകള്‍ ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. ഫലസ്തീന്‍ ജനതയെ ലക്ഷ്യംവയ്ക്കുന്നതാണ് നിയമഭേദഗതിയെന്ന് ഫലസ്തീന്‍ പൗരത്വമുള്ള നെസറ്റ് അംഗമായ ഐദ തൗമ സുലൈമാന്‍ പ്രതികരിച്ചു. തീവ്ര വലതുപക്ഷക്കാരാണ് ഈ ബില്ലിന് പിറകില്‍. ഇതൊരു ഫാഷിസ്റ്റ് നിയമനിര്‍മാണ്. ഫലസ്തീന്‍കാര്‍ക്കെതിരേ ഭീകരാക്രമണങ്ങള്‍ നടത്തുന്ന ജൂതര്‍ക്കെതിരേ പുതിയ നിയമം പ്രയോഗിക്കപ്പെടില്ലെന്നു തീര്‍ച്ചയാണെന്നും അവര്‍ പറഞ്ഞു. ഇസ്രായേല്‍ സമൂഹത്തിനകത്തെ ഫാഷിസത്തിന്റെ അന്തരീക്ഷത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണു നിയമനിര്‍മാണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ നിയമങ്ങള്‍ പ്രകാരം ഹോളോകോസ്റ്റ് അടക്കമുള്ള, ജൂതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ നാത്‌സികള്‍ക്കെതിരേ മാത്രമാണ് ഇസ്രായേലിലെ സിവിലിയന്‍ കോടതികള്‍ക്ക് വധശിക്ഷ ചുമത്താനാവുക. സൈനിക കോടതികള്‍ക്കു മാത്രമാണ് മറ്റു കേസുകളില്‍ വധശിക്ഷ ചുമത്താന്‍ അനുമതിയുള്ളത്. നിയമഭേദഗതി നിലവില്‍ വന്നാല്‍ സിവിലിയന്‍ കോടതികള്‍ക്കും വധശിക്ഷാ ഉത്തരവ് പുറപ്പെടുവിക്കാന്‍ അനുമതി ലഭിക്കും.
Next Story

RELATED STORIES

Share it