malappuram local

വണ്‍ സ്‌റ്റോപ്പ് ക്രൈസിസ് സെന്റര്‍ അടുത്തമാസം ആരംഭിക്കും

മലപ്പുറം: അതിക്രമത്തിനിരയാവുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള കേന്ദ്രീകൃത സഹായ കേന്ദ്രം വണ്‍ സ്‌റ്റോപ്പ് ക്രൈസിസ് സെന്ററിന്റെ പ്രവര്‍ത്തനം മെയ് ആദ്യവാരം ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. മന്ത്രിസഭാ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് ആദ്യവാരം സാമൂഹികനീതിമന്ത്രി കെ കെ ഷൈലജ കേന്ദ്രം ഉദ്ഘാടനം ചെയ്യും.
ലിംഗ പദവിയുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമത്തിനിരയാവുന്നവര്‍ക്ക് ആവശ്യമായ കൗണ്‍സലിങ്, വൈദ്യ സഹായം, നിയമ സഹായം, പോലിസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ ഒരുകുടക്കീഴില്‍ ലഭ്യമാക്കുകയും ശാശ്വത പരിഹാരം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് വണ്‍ സ്‌റ്റോപ്പ് ക്രൈസിസ് സെന്റര്‍. സാമൂഹിക നീതി വകുപ്പിനു കീഴില്‍ നടപ്പാക്കുക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളിലൊന്നാണ് ജില്ലയില്‍ ആരംഭിക്കുന്നത്.
ഗാര്‍ഹിക പീഡന നിരോധന നിയമം, പോക്‌സോ ആക്ട് പ്രകാരമുള്ള കേസുകള്‍ക്കിരയായി വരുന്നവര്‍ക്ക് കേന്ദ്രത്തിലൂടെ സമ്പൂര്‍ണ സംരക്ഷണം നല്‍കാനാവും. പെരിന്തല്‍മണ്ണ രജിസ്ട്രാര്‍ ഓഫിസിനു സമീപമുള്ള കെട്ടിടത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിനായി ടോള്‍ഫ്രീ സൗകര്യമൊരുക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഈ മാസം 30ന് പ്രാദേശിക സ്വാഗതസംഘം യോഗം പെരിന്തല്‍മണ്ണയില്‍ ചേരും. ഇന്നലെ കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, പെരിന്തല്‍മണ്ണ ആര്‍ഡിഒ കെ അജീഷ്, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ കെ കൃഷ്ണ മൂര്‍ത്തി, ഡിസിപിഒ, ഗീതാഞ്ജലി, വനിതാ പ്രൊട്ടക്ഷന്‍ ഓഫിസര്‍ എം സി സരള, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ പി അഹമ്മദ് അഫ്‌സല്‍, പി ഗൗരി പങ്കെടുത്തു.
Next Story

RELATED STORIES

Share it