malappuram local

വട്ടപ്പാറയില്‍ ജീവന്‍ പൊലിയുമ്പോഴും കണ്ണുതുറക്കാതെ അധികൃതര്‍

ശഫീഖ്    ആയപ്പള്ളി

പുത്തനത്താണി: വട്ടപ്പാറയിലെ മരണം മണക്കുന്ന അപകട വളവില്‍ ജീവനുകള്‍ പൊലിയുമ്പോഴും സുരക്ഷാ നടപടി സ്വീകരിക്കാതെ അധികൃതര്‍. അപകടങ്ങള്‍ തുടര്‍ക്കഥയായി നിരവധി ജീവനുകള്‍ നഷ്ടമായിട്ടും വേണ്ടത്ര സുരക്ഷാ നടപടികള്‍ ഇവിടെയില്ല. ഏറ്റവുമൊടുവില്‍ കണ്ടയ്‌നര്‍ ലോറി ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് മറിഞ്ഞ് മൂന്നുജീവനുകള്‍ പൊലിഞ്ഞത് നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ്. ജില്ലയിലെ തന്നെ പ്രധാന അപകടമേഖലയായ വട്ടപ്പാറയിലെ വാഹന അപകടങ്ങള്‍ക്ക് അറുതി വരുത്താനുള്ള ശാശ്വത നടപടികളൊന്നുമെടുക്കാത്ത അധികൃതരുടെ നിസ്സംഗതയ്‌ക്കെതിരേ ജനരോഷം ശക്തമാണ്.
വട്ടപ്പാറയിലെ അപകടങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാവുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് പൂര്‍ത്തിയാക്കാതെ തകര്‍ന്ന് നോക്കുകുത്തിയായിട്ട് വര്‍ഷങ്ങളായി. അപകട വളവുകളിലൂടെയുള്ള യാത്ര ഒഴിവാക്കി സുരക്ഷിത  യാത്രയൊരുക്കാന്‍ നിര്‍ദ്ദിഷ്ട ബൈപാസിന് കഴിയുമെന്നറിഞ്ഞിട്ടുപോലും കണ്ണടച്ചിരിക്കുകയാണ് രാഷ്ട്രീയക്കാരും അധികൃതരും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് നിര്‍മാണം തുടങ്ങുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കിലും പ്രവൃത്തിയുടെ ഉദ്ഘാടനം അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് തന്നെ നടത്തി. ബൈപാസിന്റെ ഇരു സൈഡുകളിലും ഭൂമി ഏറ്റെടുത്ത് വീതി കൂട്ടാന്‍ വേണ്ടി നിലവിലെ റോഡ് മാന്തിപ്പൊളിക്കുക മാത്രമാണ് അന്ന് നടന്നത്.
പൊട്ടി പൊളിഞ്ഞ റോഡ് റീ ടാറിങ് നടത്താന്‍ വരെ അന്ന് അധികൃതര്‍ക്കായില്ല. തുടര്‍ന്നുവന്ന ഇടതു സര്‍ക്കാര്‍ ബൈപാസിനോട് അയിത്തം കല്‍പ്പിക്കുകയാണ്. ആദ്യമൊക്കെ ബൈപാസ് വഴി വാഹനങ്ങള്‍ ഓടിയിരുന്നെങ്കിലും റോഡ് പാടെ തകര്‍ന്നതോടെ ഓട്ടം നിലയ്ക്കുകയായിരുന്നു. നിലവിലുള്ള റോഡ് റീ ടാറിങ് നടത്തിയാല്‍ വട്ടപ്പാറ ഒഴിവാക്കി ഇതിലൂടെ പോവാന്‍ പറ്റുമെന്ന ആവശ്യവും അധികൃതര്‍ കാണാത്തമട്ടാണ്.
വട്ടപ്പാറ വളവില്‍ ഒരു മാസം മുമ്പ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഇന്ധനം ലീക്കായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അന്ന് ആബിദ് ഹുസയ്ന്‍ തങ്ങള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും അപകടം കുറക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കയും ചെയ്തിരുന്നു. എന്നാല്‍, ഒരു മാസം കഴിഞ്ഞിട്ടും കര്‍മ പദ്ധതികളെല്ലാം കടലാസില്‍ ഒതുങ്ങിയെന്നല്ലാതെ ഒന്നും നടപ്പാക്കാനായിട്ടില്ല.
Next Story

RELATED STORIES

Share it