വടയമ്പാടിയിലെ ജാതിമതില്‍ വിരുദ്ധ സമരത്തിന് പിന്തുണ നല്‍കും: കെപിഎംഎസ്

കോട്ടയം: വടയമ്പാടിയിലെ ജാതിമതില്‍ വിരുദ്ധസമരത്തിന് കെപിഎംഎസ് പൂര്‍ണപിന്തുണ നല്‍കുമെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. കെപിഎംഎസില്‍നിന്ന് നേരത്തെ പുറത്താക്കപ്പെട്ടവരാണ് വടയമ്പാടി സമരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയും കൈയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തത്. എന്നാല്‍, ഈ വിഷയത്തില്‍ കെപിഎംഎസ് തുടക്കംമുതല്‍ സമരരംഗത്താണ്. വിജയിക്കുംവരെ ശക്തമായ സമരപരിപാടികളുമായി സംഘടന മുന്നോട്ടുപോവുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജാതിമതിലിനെതിരേ നടത്തിയ ദലിത് സ്വാഭിമാന കണ്‍വന്‍ഷന്‍ അടിച്ചമര്‍ത്തുന്നതിന് പോലിസ് കാണിച്ച ആവേശം സംശയാസ്പദമാണ്. സമാധാനപരമായി സമ്മേളനം നടത്തിയവരെ പോലിസ് ക്രൂരമായി മര്‍ദിക്കുകയും സമരക്കാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് പോലിസ് സംരക്ഷണവുമാണ് നല്‍കിയത്. സമരക്കാരെ ഒഴിവാക്കി ചര്‍ച്ച നടത്തി കൈയേറ്റക്കാര്‍ക്കാര്‍ക്ക് അനുകൂലമായ സമീപനം സ്വീകരിക്കുകയാണ് എംഎല്‍എയും ജില്ലാ ഭരണകൂടവും ബിജെപി-കോണ്‍ഗ്രസ്-സിപിഎം പാര്‍ട്ടികളും ചെയ്തത്. കേവലം ഭൂമി കൈയേറ്റം മാത്രമായി ചിത്രീകരിച്ച് സമരത്തെ അടിച്ചൊതുക്കാനാണ് ശ്രമം. ഈ ഭൂമിക്ക് ലഭിച്ച പട്ടയവും എന്‍എസ്എസിന് ഈ ക്ഷേത്രത്തിനോ പൂജാദികര്‍മങ്ങള്‍ക്കോ അവകാശമുണ്ടോയെന്ന കാര്യവും പരിശോധിക്കണം. ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ച് യഥാര്‍ഥ അവകാശികള്‍ക്ക് ക്ഷേത്രവും ഭൂമിയും കൈമാറണം. വടയമ്പാടി സമരത്തെ സഹായിക്കുന്നവരെയെല്ലാം മാവോവാദികളെന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ലജ്ജാകരമാണ്. ദലിത് സമരങ്ങളെ പരാജയപ്പെടുത്തണമെങ്കില്‍ സമരക്കാരെ മാവോവാദികളായി ചിത്രീകരിക്കേണ്ടത് പോലിസിന്റെ ആവശ്യമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി എം വിനോദ്, കോട്ടയം യൂനിറ്റ് സെക്രട്ടറി റെജി കാരാപ്പുഴ, എന്‍ കെ ഗിരീഷ്‌കുമാര്‍ എന്നിവര്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it