kozhikode local

വടകര മനാറുല്‍ ഇസ്‌ലാം സഭ ലീഗ്‌വല്‍ക്കരിക്കാന്‍ ശ്രമം

പിസി അബ്ദുല്ല
വടകര:   വഖ്ഫ് സ്ഥാപനങ്ങളും കോടികളുടെ സ്വത്തുക്കളുമുള്ള വടകര താഴങ്ങാടി ആസ്ഥാനമായ മനാറുല്‍ ഇസ്‌ലാം സഭ സമ്പൂര്‍ണമായി ലീഗ് വല്‍ക്കരിക്കാന്‍ നീക്കം. സൊസൈറ്റീസ് ആക്ട് പ്രകാരം 1935ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സഭ മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ കീഴിലാണെന്ന് വരുത്തി തീര്‍ത്ത് ലീഗുകാര്‍ മാത്രമടങ്ങിയ പുതിയ ഭരണ സമിതിയെ പ്രതിഷ്ഠിക്കാനാണ്  നീക്കം.
തിരഞ്ഞെടുക്കപ്പെട്ട മനാറുല്‍ ഇസ്‌ലാം സഭാ ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞ ജൂണ്‍ 21ന് അവസാനിച്ചിരുന്നു. ലീഗിന്റെ താല്‍പര്യ പ്രകാരം പുതിയ തിരഞ്ഞെടുപ്പ് നടത്താതെ പഴയ കമ്മിറ്റി നിയമവിരുദ്ധമായി ഭരണത്തില്‍ തുടരുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ഈമാസം 25ന് പുതിയ ഭരണസമിതി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ഇതിനിടെ, മനാറുല്‍ ഇസ്‌ലാം സഭ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ കീഴിലാണെന്ന് അവകാശപ്പെട്ട് ബന്ധപ്പെട്ടവര്‍ പത്ര വാര്‍ത്തകള്‍ നല്‍കി. മുനിസിപ്പല്‍ ലീഗ് കമ്മിറ്റിയുടെ പാനലില്‍ മല്‍സരിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് പ്രചാരണവും ആരംഭിച്ചു.
ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ പ്രഫ. മഹ്മൂദ്, ടി ഐ നാസര്‍ എന്നിവരാണ് മനാറുല്‍ ഇസ്‌ലാം സഭാ ഭാരണ തലപ്പത്തുള്ളത്. ഇവരുടെ ലീഗ് ഭാരവാഹിത്വം  ഉപയോഗിച്ച്  സഭ സമ്പൂര്‍ണമായി ലീഗ് വലല്‍ക്കരിക്കാനും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുമാണ് നീക്കമെന്നാണ് ആരോപണം.മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദാണ് പുതിയ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക വരണാധികാരി. എന്നാല്‍, ചില ജീവനക്കാരെ ഉപയോഗിച്ച് അദ്ധേഹം  തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് സഭയുടെ ആജീവനാംഗവും ഹൈകോടതി അഭിഭാഷകനുമായ കെ നൂറുദ്ധീന്‍ മുസ്‌ല്യാര്‍ നിയമ നടപടിക്ക് നോട്ടീസ് അയച്ചു. വരണാധികാരിയുടെ അഭാവത്തില്‍ ജീവനക്കാരന്‍ സ്വീകരിച്ച എല്ലാ നാമ നിര്‍ദേശ പത്രികകളും അസാധുവാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്വതന്ത്രമായ തിരഞ്ഞെടുപ്പ് സാധ്യമാക്കാതിരിക്കാന്‍ 203 പേരടങ്ങിയ സഭാമെംബര്‍മാരുടെ ലിസ്റ്റ് സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടും വരണാധികാരി നല്‍കുന്നില്ലെന്നും പരാതിയുണ്ട്.1998ലെ മതസ്ഥാപന ദുരുപയോഗ നിയമത്തിന്റെ പരിധിയില്‍ വരുന്ന പ്രവര്‍ത്തനങ്ങളാണ് മനാറുല്‍ ഇസ്‌ലാം സഭയില്‍ നടക്കുന്നത്. ഇതു പ്രകാരം ലീഗ് പാനലിലുള്ളവരുടെ സ്ഥാര്‍ഥിത്വം  നിയമ വിരുദ്ധമായതിനാല്‍ ഞായറാഴ്ച നടത്താന്‍ തീരുമാനിച്ച ഭരണ സമിതി തിരഞ്ഞെടുപ്പ് മാറ്റിവക്കണമെന്നാണ് അഡ്വ. നൂറുദ്ധീന്‍ മുസ്‌ല്യാരുടെ ആവശ്യം. തിരഞ്ഞെടുപ്പുമായി മുന്നൊട്ടുപോയാല്‍ കോടതിയെ സമീപിക്കുമെന്ന് അദ്ധേഹം തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it