kozhikode local

വടകര നഗരസഭയില്‍ ബോധവല്‍ക്കരണവും ശുചീകരണവും ഊര്‍ജിതമാക്കുന്നു

വടകര: നിപാ വൈറസിനെതിരെ മുന്‍കരുതലെടുക്കുന്നതിനായി വടകര നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ബോധവല്‍ക്കരണവും ശുചീകരണവും ഊര്‍ജ്ജിതമാക്കുന്നു. ഭീതി പടരുന്ന സാഹചര്യത്തില്‍ ഭയമല്ല, കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.
നഗരസഭ, പഞ്ചായത്ത് വാര്‍ഡുകളില്‍ ശുചീകരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. നഗരസഭയില്‍ മഴക്കാല പൂര്‍വശുചീകരണം അവസാനഘട്ടത്തിലാണ്. ബോധവവല്‍ക്കരണ നടപടികളുടെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും നാളെ മുതല്‍ ബോധവല്‍ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്യും.
പകര്‍ച്ചപനിയെ നേരിടുന്നതിനായി നഗരസഭയില്‍ മഴക്കാല പൂര്‍വപ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരിയിലേ തുടക്കം കുറിച്ചിരുന്നു. ഇതുവരെ മാരകമായ രോഗങ്ങളൊന്നും വടകരയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. നിപാ വൈറസ് ബാധയെ തുടര്‍ന്ന് ജില്ലയില്‍ പൊതുപരിപാടികള്‍ മാറ്റിയ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുന്ന തിയേറ്ററുകളിലും, മറ്റും നിയന്ത്രണണമേര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ പകര്‍ച്ചപനിയെ പ്രതിരോധിക്കുന്നതിനായി ഐസൊലേഷന്‍ വാര്‍ഡ് തുറന്നിട്ടുണ്ടെങ്കിലും നിപാ ലക്ഷണങ്ങളുമായെത്തുന്നവരെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. നഗരസഭ പരിധിക്കുള്ളിലെ സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റുപരിശീലനകേന്ദ്രങ്ങളും— അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി.
നഗരത്തിലെ എല്ലാ ഹോട്ടലുകലിലും കൂള്‍ബാറുകളിലും ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കി. ഹോട്ടലുകളില്‍ തിളപ്പിച്ചാറിയ വെള്ളമേ വിതരണം ചെയ്യാന്‍ പാടുള്ളുവെന്നും കേടായ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കരുതെന്നും അറിയിച്ചിട്ടുണ്ട്.
വീടുകളിലെ കുടിവെള്ള സംഭരണി മൂടിവെക്കണം. സോപ്പ് ഉപയോഗിച്ച് കൈകഴുകകയും രോഗികളുമായുള്ള അടുത്തസമ്പര്‍ക്കം ഒഴിവാക്കുകയും വേണം. തുറന്ന് വച്ച വെള്ളത്തിന്റെടാങ്ക്, പള്ളികളിലെ ഹൗളുകള്‍ എന്നിവിടങ്ങളില്‍ നിന്നും വെള്ളം ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it