kozhikode local

വടകര കോ-ഓപറേറ്റീവ് കോളജില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം

വടകര: കുരിക്കിലാട് കോ-ഓപ്പറേറ്റീവ് കോളജിലും, ജില്ലാ ആശുപത്രിയിലും നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളടക്കം 13 പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കോളജില്‍ എബിവിപി സംഘടിപ്പിച്ച വിശാല്‍ അനുസ്മരണ പരിപാടിയോടനുബന്ധിച്ചാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടയില്‍ മേപ്പയ്യൂരില്‍ എസ്എഫ്‌ഐ നേതാവിന് വെട്ടേറ്റ സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തിറങ്ങിയതോടെയാണ് ഇരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി ഗേറ്റ് അടച്ചിട്ട് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് ആശുപത്രി പരിസരവും സംഘര്‍ഷ ഭരിതമാക്കി.
ഇതേ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ നാലു എബിവിപി പ്രവര്‍ത്തകരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആര്‍എസ്എസ് ജില്ലാ പ്രചാരക് സുജിത്ത് അടക്കം നാലു പേരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എബിവിപി വടകര നഗര്‍ പ്രസിഡന്റ് കേദാര്‍ നാഥ്, വിഷ്ണു എസ് രാജീവ്, മിഥുന്‍, അശ്വന്ത്, ആര്‍ദ്ര, അനുശ്രീ, ശ്രീകാവ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി മുടപ്പിലാവില്‍ സ്വദേശി നിഖില്‍, പ്രവര്‍ത്തകരായ അമൃത്, അഭിന്‍, ആദിത്യ, പ്രണവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആശുപത്രി പരിസരത്ത് നടന്ന സംഘര്‍ഷത്തിലാണ് സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ ആര്‍എസ്എസ് ജില്ലാ പ്രചാരക് സുജിത്തിനും, എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി നിഖിലിനും പരുക്കേറ്റത്. വിശാല്‍ അനുസ്മരണ ചടങ്ങിന് നേരെ മാരകായുധങ്ങളുമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയായിരുന്നെന്ന് എബിവിപി നേതൃത്വം ആരോപിച്ചു.
പരിക്കേറ്റവരെ കയറ്റിയ കാര്‍ അക്രമികള്‍ തടഞ്ഞതായും ഇവര്‍ ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അക്രമത്തില്‍ പ്രതിഷേധിച്ച് ഇരുവിഭാഗം വിദ്യാര്‍ത്ഥി സംഘടനകളും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കോളജില്‍ സംഘര്‍ഷം നടന്ന പാശ്ചാതലത്തില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it