kozhikode local

വടകരയെ സമ്പൂര്‍ണ ഹോം ഷോപ്പ് നഗരസഭയാക്കും

വടകര : കോഴിക്കോട് ജില്ലയെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടകര നഗരസഭയെ സമ്പൂര്‍ണ ഹോംഷോപ്പ് നഗരസഭ ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് തുടക്കമായി. പ്രാദേശികമായി നിര്‍മിക്കുന്ന കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് സുസ്ഥിരമായ പ്രാദേശിക വിപണി ഒരുക്കുന്നതിനു വേണ്ടിയുള്ള സ്ഥിരം സംവിധാനമാണ് ഹോം ഷോപ്പ് പദ്ധതി. പദ്ധതി പ്രാവര്‍ത്തികമാകുമ്പോഴേക്കും നഗരസഭയില്‍ മാത്രം നൂറിലേറെ വനിതകള്‍ക്ക് സ്ഥിരം തൊഴില്‍ ലഭ്യമാകും.
നവംബര്‍ അവസാനവാരം സമ്പൂര്‍ണ പദ്ധതി പ്രഖ്യാപനം നടത്തുന്ന തരത്തില്‍ സമയബന്ധിതമായ പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപരേഖയായി. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ മാസം ഇരുപതാം തിയ്യതിക്കുള്ളില്‍ എല്ലാ വാര്‍ഡുകളിലും എഡിഎസ് ജനറല്‍ ബോഡികള്‍ പൂര്‍ത്തീകരിക്കും. 25 ആണ് അപേക്ഷകള്‍ നല്‍കുന്നതിനുള്ള അവസാന തിയ്യതി. നവംബര്‍ ഒന്നിന് വിദഗ്ദരെ ഉള്‍പ്പെടുത്തിയ ഇന്റര്‍വ്യൂ ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറുദിവസത്തെ വിദഗ്ദപരിശീലനം ലഭ്യമാക്കും. നവംബര്‍ 25നു മുമ്പ് വടകരയെ സമ്പൂര്‍ണ ഹോം ഷോപ്പ് നഗരസഭയായി പ്രഖ്യാപിക്കും. പ്രവര്‍ത്തന പരിപാടി ആസൂത്രണം ചെയ്യുന്നതിന് വേണ്ടി വടകര നഗരസഭ സാംസ്‌കാരിക നിലയത്തില്‍ വച്ചു നടന്ന സിഡിഎസ് ജനറല്‍ബോഡി യോഗം നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍പേഴ്‌സണ്‍ പി ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പിഎം ഗിരീശന്‍ പദ്ധതി വിശദീകരണം നടത്തി. ഹോം ഷോപ്പ് സെക്രട്ടറി പ്രസാദ് കൈതക്കല്‍ ക്ലാസെടുത്തു. അരവിന്ദാക്ഷന്‍ മാസ്റ്റര്‍, പി സഫിയ, റീന ജയരാജ്, പി കേളു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെകെ മിനി സംസാരിച്ചു.

Next Story

RELATED STORIES

Share it