Ramadan Special

വചനഘോഷം തീര്‍ക്കാന്‍ വ്രതമാസം

വചനഘോഷം തീര്‍ക്കാന്‍ വ്രതമാസം
X


വിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന്റെ വാര്‍ഷികാചരണം കൂടി കുറിച്ചുകൊണ്ടാണ് പുണ്യറമദാന്‍ സമാഗതമായത്. നന്മകളുടെ പ്രതിഫലം അനേകമിരട്ടിയായി വര്‍ധിക്കുന്ന സവിശേഷതയുള്ള റമദാനില്‍ അതുകൊണ്ടുതന്നെ പരമാവധി ഖുര്‍ആന്‍ പാരായണം ചെയ്തുതീര്‍ക്കാനുള്ള പ്രതിജ്ഞ ആദ്യനാളുകളിലേ എടുക്കേണ്ടതാണ്. ഖുര്‍ആന്‍ പഠിച്ചും ശ്രദ്ധിച്ചും പാരായണം ചെയ്തും നാവും കാതും മനസ്സും അനുഗ്രഹ ധന്യത നിറഞ്ഞതാക്കി മാറ്റാന്‍ ഓരോ വിശ്വാസിയും കണിശത പുലര്‍ത്തേണ്ടതാണ്. വിശുദ്ധ ഖുര്‍ആനെയും അതിന്റെ പാരായണത്തെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിച്ചാലേ പാരായണത്തിലൂടെ ലഭ്യമാവേണ്ട നേട്ടങ്ങള്‍ കൈവരിക്കാനാവൂ. ഖുര്‍ആന്‍ പാരായണം കൂടുതല്‍ ചൈതന്യവത്താക്കാന്‍ ഏതാനും കാര്യങ്ങള്‍ വായനക്കാര്‍ക്കു വേണ്ടി വിവരിക്കുകയാണ് ഇവിടെ. പാരായണം ചെയ്യുന്നവന്റെ അവസ്ഥയാണ് അതിലൊന്ന്. വുദു ചെയ്ത് അച്ചടക്കത്തോടെ ഇരുന്നുകൊണ്ടായിരിക്കണം ഖുര്‍ആന്‍ പാരായണം. ഖിബ്‌ലക്ക് അഭിമുഖമാവാനും ചാരിയോ ചമ്രംപടിഞ്ഞോ ഇരിക്കാതെ ഗുരുസാന്നിധ്യത്തിലെന്നപോലെ തല താഴ്ത്തിയ നിലയിലായിരിക്കാനും ശ്രദ്ധിക്കണം. ഓതിത്തീര്‍ക്കേണ്ട തോത് നേരത്തേ നിശ്ചയിച്ചിരിക്കണമെന്നതാണ് രണ്ടാമത്തേത്. ഒരു രാപകല്‍ കൊണ്ട് ഒന്നും രണ്ടും മൂന്നും പ്രാവശ്യം പാരായണം ചെയ്തുതീര്‍ത്തിരുന്നവരും മാസത്തില്‍ ഒരു തവണ ഖുര്‍ആന്‍ ഓതിത്തീര്‍ത്തിരുന്നവരും മുന്‍ഗാമികളില്‍ ഉണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു അംറി(റ)നോട് ആഴ്ച തോറും ഖുര്‍ആന്‍ ഓതി പൂര്‍ത്തിയാക്കാനായിരുന്നു തിരുനബി (സ) നിര്‍ദേശിച്ചിരുന്നത്. ഉസ്മാന്‍ (റ), സൈദുബ്‌നു സാബിത് (റ), ഇബ്‌നു മസ്ഊദ് (റ), ഉബയ്യുബ്‌നു കഅ്ബ് (റ) പോലുള്ള സഹാബികള്‍ ഇങ്ങനെ ആഴ്ചതോറും പാരായണം പൂര്‍ത്തിയാക്കുമായിരുന്നു. നേരത്തേ നിശ്ചയിച്ച തോത് തീര്‍ക്കാന്‍ സഹായകമാവുന്നവിധം ഓരോ ദിവസത്തിനും വേണ്ടി കൃത്യമായ വിഭജനം മുന്‍കൂട്ടി നടത്തണമെന്നതാണ് മറ്റൊന്ന്. അര്‍ഥവും ആശയങ്ങളും ചിന്തിച്ച് സാവകാശവും അക്ഷരസ്ഫുടതയും വാചകവ്യക്തതയും ഉറപ്പുവരുത്തുന്ന നിലയിലായിരിക്കണമെന്നതാണ് വേറൊന്ന്. ഖുര്‍ആന്‍ പാരായണത്തിനിടയില്‍ വിനീതനാവുകയെന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. കാരണം പടച്ചവനോട് കേണപേക്ഷിക്കലാണ്. സര്‍വശക്തന്‍ അത് ഇഷ്ടപ്പെടുന്നതുമാണ്. ഓരോ ആയത്തിനോടുള്ള കടമകള്‍ ഗൗനിക്കലാണ് മറ്റൊരു അദബ്. സുജൂദ് ചെയ്യേണ്ട ആയത്തുകള്‍ ഓതുകയോ കേള്‍ക്കുകയോ ചെയ്താല്‍ സുജൂദ് ചെയ്യുക എന്നത് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. വിശുദ്ധ ഖുര്‍ആനില്‍ 14 സ്ഥലങ്ങളില്‍ സുജൂദ് ചെയ്യേണ്ട ഭാഗങ്ങള്‍ കാണിക്കുന്നുണ്ട്. എല്ലാ മുസ്ഹഫുകളിലും ഏറെ കൃത്യതയോടെ ആ സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ശബ്ദം സ്വയം കേള്‍ക്കാന്‍ പാകത്തിലെങ്കിലും ഉച്ചത്തില്‍ പാരായണം ചെയ്യണമെന്നതാണ് മറ്റൊന്ന്. വ്യാകരണ പാരായണ ശാസ്ത്രനിയമങ്ങളും ആശയവും വികൃതമാവാത്തവിധം പരമാവധി ആകര്‍ഷകമായും ശബ്ദസൗന്ദര്യത്തോടെയും പാരായണം ചെയ്യല്‍ അദബുകളില്‍ പെട്ടതാണ്. അക്ഷരങ്ങളും നാമങ്ങളും പഠിച്ചാലും പ്രവൃത്തിയാണ് സൃഷ്ടികര്‍ത്താവിന്റെ തിരുസന്നിധിയില്‍ വിലപ്പെട്ടത്. പാപങ്ങള്‍ കരിച്ചുകളയുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ ഖേദിച്ചു മടങ്ങേണ്ടവരാണ് നാം. നിഷ്‌കളങ്കതയോടെ പ്രയത്‌നിച്ചാല്‍ അനുഭവഫലം തീര്‍ച്ച. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.
Next Story

RELATED STORIES

Share it