വംശനാശഭീഷണിക്കിടെ ലോക അങ്ങാടിക്കുരുവി ദിനം

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: കൂടുവയ്ക്കാനിടവും കൊത്തിപ്പെറുക്കാന്‍ ധാന്യമണികളും കിട്ടാതായതോടെ കാഴ്ചയില്‍ നിന്നു മറഞ്ഞ അങ്ങാടിക്കുരുവികള്‍ക്കായി ഒരു ദിനം. നാളെയാണ് ആ ദിനം. ഗ്രാമങ്ങളില്‍ കൂടുകൂട്ടിയിരുന്ന ചാരനിറത്തിലുള്ള അങ്ങാടിക്കുരുവികള്‍ ഇപ്പോള്‍ വംശനാശഭീഷണി നേരിടുകയാണെന്ന് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി (ടിഎന്‍എച്ച്എസ്) കണ്ടെത്തിയിട്ടുണ്ട്.
വംശനാശത്തിന്റെ വക്കിലാണെങ്കിലും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള പക്ഷികളാണ് ഇവയെന്ന് പക്ഷിനിരീക്ഷകനും അങ്ങാടിക്കുരുവി നിരീക്ഷണ പ്രൊജക്ടിന്റെ കോ-ഓര്‍ഡിനേറ്ററുമായ കെ ബി സഞ്ജയന്‍ പറഞ്ഞു. ഫഌറ്റുകളുടെ എണ്ണം കൂടിയതോടെ അവിടേക്ക് അമ്പലപ്രാവുകള്‍ ധാരാളമായി ചേക്കാറുണ്ട്. അമ്പലപ്രാവിന്റെ ഭക്ഷണരീതിയും കൂടുകൂട്ടലും ഒക്കെ അങ്ങാടിക്കുരുവികളുമായി സാമ്യമുണ്ട്. അതിനാല്‍, പലയിടങ്ങളിലും തീറ്റ തേടാന്‍ കഴിയാത്ത സ്ഥിതിയാണ് അങ്ങാടിക്കുരുവികള്‍ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അരി സംഭരിക്കുന്ന ഗോഡൗണുകള്‍ക്കടുത്തും ഇവയെ കാണാം. എന്നാല്‍, നഗരവികസനം കാരണം അങ്ങാടിക്കുരുവികള്‍ അയല്‍നാടുകളിലേക്ക് ചേക്കേറാന്‍ തുടങ്ങിയിരിക്കുകയാണ്.
മനുഷ്യര്‍ക്കിടയില്‍ വളരുന്ന അങ്ങാടിക്കുരുവികളെ  മനുഷ്യര്‍ തന്നെയാണ് ഇല്ലാതാക്കുന്നത്. കൂടു വയ്ക്കാനുള്ള ഇടം പോലും കൊടുക്കാതെ കെട്ടിടനിര്‍മാണ രീതി മാറി. വെള്ളം കുടിക്കാന്‍ ചെറുകുളങ്ങള്‍ പോലുമില്ലാതാക്കി. ചെടികളില്‍ വ്യാപകമായി കീടനാശിനി പ്രയോഗം വന്നതോടെ പ്രാണികളെയും കിട്ടാതായി. ഭക്ഷ്യവസ്തുക്കളെല്ലാം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞുകെട്ടി സൂക്ഷിക്കാന്‍ തുടങ്ങി. വലിച്ചെറിയുമ്പോള്‍ പോലും അത് ഭദ്രമായി പ്ലാസ്റ്റിക്കില്‍ പൊതിയുന്നു. മനുഷ്യന്‍ ജീവിതശൈലി മാറ്റിയതോടെ പിടിച്ചുനില്‍ക്കാനാവാതെ അങ്ങാടിക്കുരുവികളും തളര്‍ന്നുതുടങ്ങി.
വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ടിന്റെ റിപോര്‍ട്ട് പ്രകാരം വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍  ഈ കുഞ്ഞന്‍ കുരുവികളുമുണ്ട്. ലോകത്ത് ഏറ്റവുമധികം പ്രദേശങ്ങളില്‍ കാണപ്പെടുന്ന പക്ഷിയെന്ന വിശേഷണം ഒരുപക്ഷേ അങ്ങാടിക്കുരുവിക്കായിരിക്കും.
Next Story

RELATED STORIES

Share it