Flash News

'ലൗ ജിഹാദി'ന് തെളിവില്ല; ഹാദിയാ കേസ് അവസാനിപ്പിച്ചു

കെ എ സലിം

ന്യൂഡല്‍ഹി: ഹാദിയാ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം അവസാനിപ്പിച്ചു. ഹാദിയയുടെ മതംമാറ്റത്തിനു പിന്നില്‍ ബലപ്രയോഗം നടന്നതിനോ തീവ്രവാദബന്ധത്തിനോ തെളിവു ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഹാദിയയും ഷഫിന്‍ ജഹാനും തമ്മിലുള്ള വിവാഹത്തില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ വിവാഹത്തെക്കുറിച്ച് സുപ്രിംകോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും എന്‍ഐഎ വ്യക്തമാക്കി.
ഹാദിയാ കേസ് ഉള്‍പ്പെടെ കേരളത്തില്‍ അടുത്തിടെ നടന്ന 89 മിശ്രവിവാഹങ്ങളില്‍ ലൗ ജിഹാദ് ആരോപണമുയര്‍ന്ന 11 എണ്ണമാണ് എന്‍ഐഎ അന്വേഷിച്ചത്. ഷഫിന്‍ ജഹാന്‍-ഹാദിയ വിവാഹത്തില്‍ ലൗ ജിഹാദ് ഇല്ല. അതിനു പിന്നില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമോ ബാഹ്യ ഇടപെടലുകളോ കണ്ടെത്താനായിട്ടില്ല.
വിവാഹത്തിലേക്കു നയിച്ച സാഹചര്യങ്ങളില്‍ തീവ്രവാദബന്ധങ്ങളില്ലെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവര്‍ ഹാദിയക്കും ഷഫിനും സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍, സംഘടിത ഗൂഢാലോചനയോ കുറ്റകൃത്യങ്ങളോ നടന്നിട്ടില്ല. അതിനാല്‍ കടുത്ത വകുപ്പുകളുള്ള യുഎപിഎ അടക്കമുള്ള നിയമങ്ങള്‍പ്രകാരം എന്തെങ്കിലും കുറ്റം ചുമത്താനുള്ള തെളിവുകളും ഇവര്‍ക്കെതിരേയില്ല. ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ടിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.
മറ്റു മതംമാറ്റ കേസുകളില്‍, ഇതെല്ലാം തന്നെ കേവലം പ്രണയത്തിന്റെ പേരിലുള്ള മതംമാറ്റ വിവാഹങ്ങളാണെന്നും മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ടുണ്ടായ മതംമാറ്റങ്ങളില്‍ ഗൂഢാലോചനയോ ബാഹ്യ ഇടപെടലുകളോ കണ്ടെത്താനായില്ലെന്നും ഏജന്‍സി നിഗമനത്തിലെത്തി. ചില പ്രത്യേക കൂട്ടായ്മകള്‍ വഴിയാണ് മതപരിവര്‍ത്തനം നടക്കുന്നതെന്ന് കണ്ടെത്തിയെങ്കിലും അതിനു പിന്നില്‍ ബലപ്രയോഗമുള്ളതായി കണ്ടെത്താനായില്ല. ചില വിവാഹങ്ങളില്‍ പെണ്‍കുട്ടികള്‍ ഇസ്‌ലാം സ്വീകരിച്ചതും ചിലതില്‍ പുരുഷന്‍മാര്‍ ഇസ്‌ലാം സ്വീകരിച്ചതും ഉള്‍പ്പെടും. മിശ്രവിവാഹങ്ങളില്‍ ചില സാഹചര്യങ്ങളില്‍ യുവാവിനെയോ യുവതിയെയോ പോപുലര്‍ ഫ്രണ്ട് മതം മാറാന്‍ സഹായിച്ചിട്ടുണ്ട്. ചില മതംമാറ്റ ശ്രമങ്ങള്‍ പരാജയപ്പെട്ടതായും മൂന്ന് സംഭവങ്ങള്‍ ഉദ്ധരിച്ച് എന്‍ഐഎ വ്യക്തമാക്കി. എന്നാല്‍, പോപുലര്‍ ഫ്രണ്ട് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ സംഘടനയ്‌ക്കെതിരേ അന്വേഷണം തുടരേണ്ടതുണ്ടെന്നും അറിയിച്ചു.
2016 ഡിസംബറിലാണ് വൈക്കം സ്വദേശിനി ഡോ. ഹാദിയയും കൊല്ലം സ്വദേശി ഷഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നടന്നത്. ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ച് 2017 മെയില്‍ വിവാഹം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഷഫിന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ വിവാഹം സുപ്രിംകോടതി ശരിവച്ചു. എന്നാല്‍, ഷഫിന്‍ ജഹാന് നേരെ ഹാദിയയുടെ അച്ഛന്‍ ആരോപിച്ചിരുന്ന തീവ്രവാദബന്ധം സംബന്ധിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്നതു സംബന്ധിച്ചും കോടതി എന്‍ഐഎയോട് അന്വേഷണം തുടരാനും ആവശ്യപ്പെടുകയുണ്ടായി. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ നേരിട്ടു ഹാജരായി ബോധ്യപ്പെടുത്തിയതിനാല്‍ വിവാഹത്തെക്കുറിച്ച് അന്വേഷിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് വിവാഹത്തിന്റെ പശ്ചാത്തലവും മറ്റും സംബന്ധിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജി ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍ഐഎയുടെ അന്വേഷണം നടന്നത്.

Next Story

RELATED STORIES

Share it