ലോഹവിസ്മയത്തിന്റെ ലോകങ്ങള്‍

ലോഹവിസ്മയത്തിന്റെ ലോകങ്ങള്‍
X

ബൈജു ലൈലാരാജ്
രുകിയൊഴുകുന്ന ലോഹലായനിയെ മെരുക്കിയെടുത്ത് തണുപ്പിച്ച്, വിളക്കിച്ചേര്‍ത്ത് ത്രിമാനരൂപങ്ങള്‍ നിര്‍മിക്കുന്നവന്‍ ആരാണ്? കുലത്തൊഴിലെങ്കില്‍ അവന്‍ മൂശാരിയോ കൊല്ലപ്പണിക്കാരനോ ആവാം. നിര്‍മിതികള്‍ വിഗ്രഹങ്ങളോ വീട്ടുപകരണങ്ങളോ ആവാം. കലാപ്രവര്‍ത്തകനെങ്കില്‍ അവനെ ശില്‍പിയെന്നു വിളിക്കാം.
കലാകാരന്‍ കലകൊണ്ട് തന്നെ ജീവിക്കണം എന്നു പറഞ്ഞത് പ്രശസ്ത ചിത്രകാരന്‍ കെ സി എസ് പണിക്കരാണ്. പിതൃസൂക്തം  പ്രാവര്‍ത്തികമാക്കിയ സല്‍പുത്രനാണ് എസ് നന്ദഗോപാല്‍. ഇന്ത്യന്‍ ശില്‍പകലയുടെ പരിണാമസൂചികയില്‍ തന്റേതായ തന്റേടമുദ്ര ആലേഖനം ചെയ്തവന്‍. ഒറ്റനോക്കില്‍ വിസ്മയം ജനിപ്പിക്കുന്ന ഒട്ടേറെ ലോഹശില്‍പങ്ങള്‍ ഭൂമിയുടെ പല ഭാഗത്തും നിക്ഷേപിച്ച ശേഷം കഴിഞ്ഞ വിഷുദിനത്തില്‍           നന്ദഗോപാല്‍ ഭൂമിയുപേക്ഷിച്ചു.


1946ല്‍ ബംഗളൂരുവിലായിരുന്നു        നന്ദഗോപാലിന്റെ ജനനം. മദ്രാസ് ലയോള കോളജില്‍ നിന്ന് ഊര്‍ജതന്ത്രത്തില്‍ ബിരുദം. മദിരാശിയിലെ തന്നെ കോളജ് ഓഫ് ആര്‍ട്‌സില്‍ നിന്നു ശില്‍പകലയില്‍ ഡിപ്ലോമയും കരസ്ഥമാക്കി. പിതാവായ കെ സി എസ് പണിക്കരുടെ പ്രശസ്തിയുടെ നിഴല്‍പ്പാടില്‍ നിന്ന് അകലം പാലിക്കാന്‍ ആദ്യകാലങ്ങളില്‍ തന്നെ നന്ദഗോപാല്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു. അച്ഛന്റെ ചിത്രകലയുടെ സ്വാധീനവലയത്തില്‍ അകപ്പെടാതിരിക്കാന്‍ കൂടിയാണ് നന്ദഗോപാല്‍ ശില്‍പകലയിലേക്കു ചുവടുമാറിയത്. 1970ല്‍ തന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ ഡല്‍ഹി ലളിതകലാ അക്കാദമിയില്‍ നിന്നു ലഭിച്ച ദേശീയപുരസ്‌കാരം തനത് ശൈലിയുടെ അംഗീകാരമായി.
നന്ദഗോപാലിന്റെ ശില്‍പങ്ങളുമായി ഇടപെടാന്‍ അവസരം ലഭിച്ചത് എണ്‍പതുകളുടെ തുടക്കത്തിലായിരുന്നു, മദിരാശിക്ക് ചെന്നൈ നഗരത്തിന്റെ പകിട്ടും പത്രാസും ലഭിക്കുന്നതിനുമുമ്പ്. കെ സി എസ് പണിക്കര്‍ സ്ഥാപിച്ച ചോളമണ്ഡലം കലാഗ്രാമത്തിന്റെ തനിനാടന്‍ പരിസരങ്ങളുമായി ഇഴുകിച്ചേരാന്‍ വിസമ്മതിക്കുന്ന ഒരുതരം വിമ്മിട്ടം നന്ദഗോപാലിന്റെ ശില്‍പങ്ങളില്‍ നിന്നു പ്രവഹിക്കുന്നതായി എനിക്കനുഭവപ്പെട്ടു. ഈ കാര്യം ഞാന്‍ നന്ദേട്ടനോട് പറഞ്ഞപ്പോള്‍ ഊറിചിരിച്ചുകൊണ്ട് അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ ഉരുവിട്ട വാക്കുകള്‍ എന്റെ ബോധമണ്ഡലത്തില്‍ ഇന്നും വിളങ്ങി നില്‍ക്കുന്നു:



''എടോ പരിസരങ്ങളുമായി സമരസപ്പെടാന്‍ കലാകാരന് ഒരു കാലത്തും സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവന്റെ കലാസൃഷ്ടികളും പൊരുത്തപ്പെടാതെ വേറിട്ടുനില്‍ക്കും.''

സമതലങ്ങളോടു സമരം ചെയ്ത് കുതിച്ചുചാടാന്‍ വെമ്പല്‍ കാട്ടുന്ന           നന്ദഗോപാലിന്റെ ലോഹശില്‍പങ്ങള്‍ മൂന്നു തലങ്ങളിലാണ് ഞാനുമായി സംവദിച്ചത്. ആദ്യനോട്ടത്തില്‍ തന്നെ വിസ്മയം ജനിപ്പിച്ച് അദൃശ്യമായ ഒരു പാശക്കുരുക്കിനാല്‍ അവയെന്നെ വളഞ്ഞിട്ടു പിടിച്ചുനിര്‍ത്തി. പിച്ചളത്തിളക്കം, പളുങ്ക് പൂശിയ ചെമ്പ് തകിടിന്റെ കവചതുല്യമായ പ്രതിരോധഭാവം, അയഥാര്‍ഥ്യത്തിലേക്ക് കണ്ണിറുക്കി ക്ഷണിക്കുന്ന സുഷിരങ്ങള്‍, ആകാശങ്ങളോട് അങ്കം കുറിച്ച് അഗ്രമൂര്‍ച്ചകള്‍ കാട്ടി ഭീഷണിപ്പെടുത്തുന്ന കുന്തമുനകള്‍- കാഴ്ചയുടെ ലോഹപ്രളയത്തില്‍ ഞാന്‍ ഒലിച്ചുപോവുകയായിരുന്നു.
മുങ്ങിനിവര്‍ന്നു നിന്നപ്പോള്‍ ഞാന്‍ രണ്ടാം നോട്ടത്തിന്റെ തലത്തിലെത്തിയെന്നു മനസ്സിലായി. സൂക്ഷ്മമായ പരിശോധന ആവശ്യപ്പെടുന്ന ശില്‍പനിരീക്ഷകന്റെ ഭൂതക്കണ്ണാടി അണിഞ്ഞ് ഞാന്‍ നന്ദഗോപാല ശില്‍പങ്ങളെ ആസ്വദിക്കാന്‍ തയ്യാറെടുത്തു. കാലം പുതുമില്ലീനിയം. കാഴ്ചയുടെ ഇന്ദ്രിയാനുഭൂതി പകര്‍ന്നുതന്ന വൈകാരികമായ വിസ്മയങ്ങളില്‍ നിന്ന് ഞാന്‍ വിടുതല്‍ നേടി. വിവേകിയുടെ വീക്ഷണം സ്വീകരിച്ച നേരം വിശകലനം ആവശ്യപ്പെടുന്ന കലാസൃഷ്ടികളായി നന്ദഗോപാലശില്‍പങ്ങള്‍ എനിക്കു മുന്നില്‍ നിരന്നുനിന്നു.



രേഖാചിത്രങ്ങള്‍ക്കു ലോഹമാംസം വച്ചുപിടിപ്പിച്ച പ്രതീതി. പ്രാചീന ചുവര്‍ചിത്രങ്ങളിലെ സൗമ്യകഥാപാത്രങ്ങള്‍ പിച്ചളക്കുപ്പായമിട്ട് നെഞ്ചുനിവര്‍ത്തി നില്‍ക്കുന്ന വിചിത്ര ലോകങ്ങള്‍. അരുതാത്തതാണെന്ന് ഞാന്‍ കരുതിയ വ്യത്യസ്തതകളുടെ സമ്മേളനങ്ങള്‍. പാശ്ചാത്യ സിദ്ധാന്തവും പൗരസ്ത്യ ഭാവുകത്വവും തോളുരുമ്മി നില്‍ക്കുന്നു. പൗരാണിക ബിംബങ്ങള്‍ ആധുനിക ശൈലിയുമായി ലോഹ്യം സ്ഥാപിക്കുന്ന കൂട്ടുലോഹസൃഷ്ടികള്‍. ജ്യാമിതീയമായ ആകൃതികളില്‍ നിന്നു തലനീട്ടി ഒളിഞ്ഞുനോക്കുന്ന അമൂര്‍ത്തരൂപങ്ങള്‍.
എസ് നന്ദഗോപാല്‍ ഇന്ന് നമ്മോടൊപ്പമില്ല എന്ന ഭൗതിക യാഥാര്‍ഥ്യത്തില്‍ നിന്ന് ഞാന്‍ ആസ്വാദനത്തിന്റെ മൂന്നാം കരയിലേക്കു തുഴയുകയാണ്.



ഉച്ഛിക്കു മുകളില്‍ ജ്വലിച്ചുനില്‍ക്കുന്ന വെങ്കലസൂര്യനില്‍ നിന്നു വെളിച്ചപ്പെടലിന്റെ ജ്വാലാരശ്മികള്‍ താഴേക്കു പതിക്കുകയാണ്. തന്റേതായ ഒരു രസാനുഭവസിദ്ധാന്തം ലോഹലിപികളില്‍ എഴുതിച്ചേര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു എസ് നന്ദഗോപാല്‍.
Next Story

RELATED STORIES

Share it