ലോറിയിടിച്ചു കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ പുറത്ത്‌

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞദിവസമുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ദാരുണമായി കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ കോട്ട്‌വാലിയിലും ബിഹാറിലെ ബോജ്പൂര്‍ ജില്ലയിലുമാണ് സംഭവങ്ങള്‍. മണല്‍ മാഫിയക്കെതിരേ അന്വേഷണാത്മക റിപോര്‍ട്ട് നല്‍കിയതിന് മധ്യപ്രദേശില്‍ സന്ദീപ് ശര്‍മ എന്ന ദേശീയ ചാനല്‍ റിപോര്‍ട്ടറെയാണ് ലോറിയിടിച്ചു കൊലപ്പെടുത്തിയത്.
ഇന്നലെ രാവിലെ ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു സംഭവം. പിന്തുടര്‍ന്നു വന്ന ടിപ്പര്‍ ലോറി സന്ദീപിനെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്തെ മണല്‍മാഫിയയെ കുറിച്ച് ഒളികാമറാ റിപോര്‍ട്ട് തയ്യാറാക്കിയ സന്ദീപിന് വധഭീഷണി ഉണ്ടായിരുന്നു. റിപോര്‍ട്ടില്‍ പരാമര്‍ശിച്ച പോലിസ് ഉദ്യോഗസ്ഥനില്‍ നിന്നു ഭീഷണി ഉണ്ടായിരുന്നതായി സന്ദീപ് നേരത്തേ പരാതിപ്പെട്ടിരുന്നു. കോട്ട്‌വാലി പോലിസ് സ്‌റ്റേഷനു സമീപത്ത് വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, ബിഹാറിലെ ബോജ്പൂര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകരായ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രാദേശിക മാധ്യമപ്രവര്‍ത്തകരായ നവീന്‍ നിശ്ചല്‍, സുഹൃത്ത് വിജയ് സിങ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കും എസ്‌യുവി കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.
യുവാക്കളുടെ അപകടമരണം ആസൂത്രണം ചെയ്തതാണെന്നും ഇതിനു പിന്നില്‍ ഗ്രാമമുഖ്യനായിരുന്ന അഹമ്മദ് അലിയെന്ന ഹാര്‍ഷുവിനും മകന്‍ ദാബ്ലുവിനും പങ്കുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നവീന്റെ സഹോദരന്‍ പോലിസില്‍ പരാതി നല്‍കി.
ഇതിനിടെ, അപകടത്തിന് ഇരയാക്കിയ വാഹനം നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും അതിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ വാഹനം അഗ്നിക്കിരയാക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ആരോപണവിധേയനായ മുന്‍ ഗ്രാമമുഖ്യന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. ഹാര്‍ഷുമിന്റെ പേരിലുള്ളതാണ് ഈ വാഹനമെന്നാണ് റിപോര്‍ട്ട്.
സംഭവത്തെ തുടര്‍ന്ന് അഹമ്മദ് അലിയെന്ന ഹാര്‍ഷുവും മകനും ഒളിവിലാണെന്നും ഇരുവര്‍ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it