Flash News

ലോങ് മാര്‍ച്ചിന് സാധ്യത മങ്ങി

കണ്ണൂര്‍: കേരളമാകെ ശ്രദ്ധയാകര്‍ഷിച്ച തളിപ്പറമ്പ് കീഴാറ്റൂരിലെ വയല്‍ക്കിളി സമരം പുതിയ വഴിത്തിരിവില്‍. സിപിഎം നേതൃത്വവുമായി വയല്‍ക്കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ നടത്തിയ രഹസ്യചര്‍ച്ചയെ തുടര്‍ന്ന് ലോങ്മാര്‍ച്ചിന് സാധ്യത മങ്ങിയതോടെ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയും അവരെ പിന്തുണയ്ക്കുന്ന ഐക്യദാര്‍ഢ്യ സമിതിയും അകലുന്നു.
സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് ഒരു സൂചന പോലും വിവിധ പരിസ്ഥിതി-പൗരാവകാശ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ഐക്യദാര്‍ഢ്യ സമിതിയുടെ ഭാരവാഹികളെ സുരേഷ് അറിയിച്ചിരുന്നില്ലെന്നാണ് വിവരം. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സമിതി ഭാരവാഹികള്‍ ഇക്കാര്യം അറിയുന്നത്. ഇതാണ് സമരക്കാര്‍ക്കിടയില്‍ ഭിന്നത ഉടലെടുക്കാന്‍ കാരണം. നേരത്തെ കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ ബഹുജന സമരം സംഘടിപ്പിച്ച് വിജയിപ്പിച്ച ഐക്യദാര്‍ഢ്യ സമിതി ഭാരവാഹികള്‍ സുരേഷിന്റെ പുതിയ നീക്കത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതോടെ ലോങ്മാര്‍ച്ച് പ്രഖ്യാപനം നീട്ടിവയ്ക്കാന്‍ കണ്ണൂരില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നിര്‍ബന്ധിതമായി.
ഇക്കഴിഞ്ഞ എട്ടിനു രാവിലെയാണ് സുരേഷ് കീഴാറ്റൂര്‍ പി ജയരാജനുമായി സിപിഎം ജില്ലാ ഓഫിസില്‍ കൂടിക്കാഴ്ച നടത്തിയത്. സിപിഎം നിയോഗിച്ച പരപ്പ സ്റ്റോണ്‍ ക്രഷര്‍വിരുദ്ധ സമരനേതാവ് ഒ കെ സിറാജുദ്ദീനായിരുന്നു മധ്യസ്ഥന്‍. ദേശീയപാത ബൈപാസ് അലൈന്‍മെന്റ് കീഴാറ്റൂരില്‍നിന്ന് മാറ്റില്ലെന്ന് ജയരാജന്‍ ആവര്‍ത്തിച്ചെങ്കിലും മറ്റു ചില ഉറപ്പുകള്‍ വയല്‍ക്കിളികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതുവഴി കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനും ബിജെപി അടക്കമുള്ള രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളുടെ മുനയൊടിക്കാനും സിപിഎമ്മിനായി. അലൈന്‍മെന്റ് മാറ്റുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം വയല്‍ക്കിളികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്നാണ് എതിര്‍പ്പുകള്‍ക്കിടയിലും കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുമായി വയല്‍ക്കിളികള്‍ വേദി പങ്കിട്ടത്. അലൈന്‍മെന്റ് മാറ്റുമെന്ന് അവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഈമാസം 31നകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കീഴാറ്റൂരിലെ അലൈന്‍മെന്റ് മാറ്റില്ലെന്നും ജില്ലാ കലക്്ടര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്നാല്‍, സമരക്കാര്‍ക്കിടയില്‍ ഭിന്നതകളൊന്നുമില്ലെന്നാണ് സുരേഷ് കീഴാറ്റൂരിന്റെ വാദം. തങ്ങള്‍ പുതുതായി വയല്‍ക്കിളികളെന്ന പേരില്‍ പുരുഷ-സ്ത്രീ സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ചതായും അതുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ശാസ്ത്ര സാഹിത്യ പരിഷത്ത് റിപോര്‍ട്ടിന് അനുകൂലമായി തളിപ്പറമ്പ് നഗരത്തിലൂടെ മേല്‍പ്പാലം പണിയാനുള്ള നീക്കം അട്ടിമറിച്ചത് ചില റിയല്‍ എസ്റ്റേറ്റ് വ്യാപാരികളാണെന്നാണ് സൂചന. പൂക്കോത്ത് തെരു വഴിയുള്ള ബൈപാസ് നിര്‍മാണം മാറ്റിയപ്പോള്‍ നഗരത്തിലൂടെ ദേശീയപാത പണിയാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍, ദേശീയപാത അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഈ നീക്കം റിയല്‍ എസ്‌റ്റേറ്റ് വ്യാപാരികള്‍ അട്ടിമറിച്ചെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it