Flash News

ലോക മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഒരു നൂറ്റാണ്ട്

അമൃത്‌സര്‍: ലോക മനസ്സാക്ഷിയെ പിടിച്ചുകുലുക്കുകയും ഇന്ത്യക്കാരില്‍ സ്വാതന്ത്ര്യത്തിനുള്ള അഭിവാഞ്ഛ ഊട്ടിയുറപ്പിക്കുകയും ചെയ്ത ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഒരു നൂറ്റാണ്ട്. 1919 ഏപ്രില്‍ 13ലെ വൈശാഖ പൗര്‍ണമി ദിവസം എന്നത്തെയും പോലെ ആഘോഷങ്ങളുടേതായിരുന്നില്ല. കാരണം, മൂന്നു ദിവസം മുമ്പുണ്ടായ സംഘര്‍ഷം 25 പേരുടെ ജീവന്‍ അപഹരിച്ചത് ജനങ്ങളുടെ മനസ്സില്‍ മായാതെ നില്‍പുണ്ടായിരുന്നു.
വൈശാഖ പൗര്‍ണമിയിലെ ആ ഞായറാഴ്ച തെരുവുകള്‍ ആഘോഷങ്ങളൊന്നുമില്ലാതെ ശാന്തമായിരുന്നെങ്കിലും സുവര്‍ണക്ഷേത്രം ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. സമീപത്തെ ജാലിയന്‍ വാലാബാഗും ചതുരാകൃതിയിലുള്ള കിണറിനു സമീപപ്രദേശവും സുവര്‍ണക്ഷേത്രത്തിലേക്കും കാലിച്ചന്തയായ മാള്‍ മന്തിയിലേക്കുമുള്ള ആളുകളാള്‍ നിറഞ്ഞുകവിഞ്ഞിരുന്നു.
അതേസമയം, റൗലത്ത് ആക്റ്റിനെതിരേ സമരം ചെയ്തവരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചതിനും പോലിസിന്റെ അതിക്രമങ്ങള്‍ക്കുമതിരേ പ്രതിഷേധിക്കാന്‍ ജാലിയന്‍ വാലാബാഗ് മൈതാനിയില്‍ ജാതി-മതഭേദമന്യേ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. ആയിടെ ബ്രിട്ടിഷ് ജനറല്‍ ഡയര്‍ നടത്തിയ പ്രസ്താവനയും ഇന്ത്യക്കാരില്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇംഗ്ലീഷ് യുവതിയെ ഹിന്ദു ദൈവങ്ങളോട് ഉപമിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യക്കാരോടുള്ള ബ്രിട്ടന്റെ തരംതാണ വിവേചനമായാണ് ഇന്ത്യന്‍ സമൂഹം ആ പ്രസ്താവനയെ കണ്ടത്. ബ്രിട്ടിഷ് ഉേദ്യാഗസ്ഥന്റെ ഈ പ്രസ്താവനയ്‌ക്കെതിരേ സമാധാനമായി പ്രതിഷേധിക്കാന്‍ കൂടിയാണ് അന്ന് ആ യോഗം കൂടിയത്.
യോഗം തുടങ്ങിയതിനു പിന്നാലെ അമൃത്‌സറിലെ സൈനിക കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ് ഇ എച്ച് ഡയര്‍ 90 അംഗങ്ങള്‍ വരുന്ന ഒരു ചെറിയ സായുധസേനയുമായി മൈതാനം വളഞ്ഞു. യന്ത്രത്തോക്കുകള്‍ ഘടിപ്പിച്ച രണ്ടു വാഹനങ്ങളും ഡയര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍, മതിലുകളാല്‍ ചുറ്റപ്പെട്ട മൈതാനത്തിലേക്കുള്ള വഴി തീരെ ചെറുതായിരുന്നതിനാല്‍ ആ വാഹനങ്ങള്‍ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൈതാനത്തിലേക്കുള്ള വാതിലുകള്‍ തീരെ ഇടുങ്ങിയവയാണ്. അതില്‍ മിക്കതും സ്ഥിരമായി അടച്ചിട്ടിരിക്കുകയുമാണ്. പ്രധാന വാതിലാണ് താരതമ്യേന വലുപ്പം കൂടിയതെങ്കിലും ആ പ്രവേശന വാതില്‍ ഡയര്‍ സൈനികരെക്കൊണ്ടും വാഹനത്തെക്കൊണ്ടും അടച്ചിരുന്നു.
പെട്ടെന്ന് യാതൊരു മുന്നറിയിപ്പും നല്‍കാതെ ഡയര്‍ വെടിവയ്പിന് ഉത്തരവിടുകയായിരുന്നു. യോഗം പിരിച്ചുവിടുക എന്നതിലുപരി ബ്രിട്ടിഷുകാര്‍ക്കെതിരേ ഒന്നിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്കാരെ ഭയപ്പാടിലാക്കുക എന്നുതന്നെയായിരുന്നു ലക്ഷ്യം. വെടിക്കോപ്പുകള്‍ തീരുന്നതുവരെയാണ് സൈന്യം നിറയൊഴിച്ചത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനായി ജനങ്ങള്‍ കൂട്ടത്തോടെ മൈതാനത്തിനകത്തുള്ള ഒരു ചെറിയ കിണറ്റിലേക്ക് ചാടി. 120 മൃതശരീരങ്ങളാണ് ഈ ചെറിയ കിണറ്റില്‍ നിന്നു മാത്രം പിന്നീട് ലഭിച്ചത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമായാണ് 1919 ഏപ്രില്‍ 13ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല അറിയപ്പെടുന്നന്നത്. ബ്രിട്ടിഷുകാരുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 379 പേര്‍ മരണമടഞ്ഞു. ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റു. യഥാര്‍ഥത്തില്‍ ആയിരത്തിലധികം പേരാണ് അന്നു ബ്രിട്ടിഷുകാരുടെ തോക്കിനു മുമ്പില്‍ ജീവന്‍ ഹോമിച്ചത്. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതിനു കാരണമായ പ്രധാന സംഭവങ്ങളിലൊന്നായി ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു.
Next Story

RELATED STORIES

Share it