Flash News

ലോക കേരളസഭാ സമ്മേളനം ഇന്നു മുതല്‍

തിരുവനന്തപുരം: ലോക കേരളസഭാ സമ്മേളനം കേരള നിയമസഭാ മന്ദിരത്തില്‍ ഇന്നു മുതല്‍ ആരംഭിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ലോക കേരളസഭയുടെ പ്രഥമ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 8.30 മുതല്‍ 9.30 വരെ അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ നടക്കും. 9.30നു സഭയുടെ രൂപീകരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി പ്രഖ്യാപനം നടത്തും. അതിനുശേഷം സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും. തുടര്‍ന്ന് സഭാനടത്തിപ്പിനെക്കുറിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തും. സഭാനേതാവ് മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിക്കും.
ലോക കേരളത്തെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി, വിവിധ റീജ്യനുകളുടെ പ്രതിനിധികള്‍, പ്രമുഖ എന്‍ആര്‍ഐ വ്യവസായികള്‍, വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ സംസാരിക്കും.
ഉച്ചയ്ക്ക് 2.30 മുതല്‍ നാലു വരെ നടക്കുന്ന ഉപസമ്മേളനങ്ങളില്‍ കരടുരേഖയിന്മേല്‍ മേഖല തിരിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍, പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പ്, അമേരിക്ക, മറ്റു ലോകരാജ്യങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചാണു ചര്‍ച്ചകള്‍. ഇന്ത്യയിലെ ഇതരസംസ്ഥാന മേഖലാ ചര്‍ച്ചയില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എ കെ ബാലന്‍ എന്നിവര്‍ക്കു പുറമേ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കരുണാകരന്‍, എംഎല്‍എമാരായ കെ സി ജോസഫ്, ഇ എസ് ബിജിമോള്‍ പങ്കെടുക്കും.
വ്യവസായ-തദ്ദേശ സ്വയംഭരണ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനാണ് ഏകോപന ചുമതല. പശ്ചിമേഷ്യ മേഖലാ ചര്‍ച്ചയില്‍ മന്ത്രിമാരായ കെ ടി ജലീല്‍, ടി പി രാമകൃഷ്ണന്‍, എംപിമാരായ അബ്ദുല്‍ വഹാബ്, എ സമ്പത്ത്, എംഎല്‍എമാരായ ഇ പി ജയരാജന്‍, എ പി അനില്‍കുമാര്‍, എം കെ മുനീര്‍, അബ്ദുല്‍ ഖാദര്‍ പങ്കെടുക്കും. വനംവകുപ്പ്, പട്ടികജാതി-വര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണുവിനാണ് ഏകോപന ചുമതല. ഏഷ്യയിലെ ഇതര രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലാ ചര്‍ച്ചയില്‍ മന്ത്രിമാരായ മാത്യു ടി തോമസ്, കടകംപള്ളി സുരേന്ദ്രന്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഫ. വി കെ രാമചന്ദ്രന്‍, എംപിമാരായ എം ഐ ഷാനവാസ്, എം ബി രാജേഷ്, എംഎല്‍എമാരായ തോമസ് ചാണ്ടി, കെ മുരളീധരന്‍ പങ്കെടുക്കും. സാംസ്‌കാരിക-ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിനാണ് ഏകോപന ചുമതല.
യൂറോപ്പ്-അമേരിക്ക മേഖലാ ചര്‍ച്ചയില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, എംപിമാരായ ശശി തരൂര്‍, പി കെ ബിജു, എംഎല്‍എമാരായ സി എഫ് തോമസ്, പി ടി തോമസ്, രാജു എബ്രഹാം പങ്കെടുക്കും. റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി എച്ച് കുര്യനാണ് ഏകോപന ചുമതല. മറ്റു ലോകരാജ്യങ്ങളുള്‍പ്പെട്ട ഉപസമ്മേളനത്തില്‍ മന്ത്രി ജി സുധാകരന്‍, പ്രഫ. സി രവീന്ദ്രനാഥ്, എംപിമാരായ കെ കെ രാഗേഷ്, ജോയ് എബ്രഹാം, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബി ഗണേഷ്‌കുമാര്‍, മഞ്ഞളാംകുഴി അലി പങ്കെടുക്കും. ഗതാഗത-ദേവസ്വം സെക്രട്ടറി ജ്യോതിലാലിനാണ് ഏകോപന ചുമതല. 4.30നു നടക്കുന്ന പൊതുസമ്മേളനത്തില്‍ മേഖലാ ചര്‍ച്ചകളുടെ അവതരണം നടക്കും. 6.15 മുതല്‍ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും.
Next Story

RELATED STORIES

Share it