Flash News

ലോക കേരളസഭയുടെ പ്രഥമസമ്മേളനം സമാപിച്ചു

ലോക കേരളസഭയുടെ പ്രഥമസമ്മേളനം സമാപിച്ചു
X


തിരുവനന്തപുരം: രണ്ടുദിവസമായി നിയമസഭയില്‍ ചേര്‍ന്ന ലോക കേരള സഭയുടെ പ്രഥമസമ്മേളനം നിശാഗന്ധിയിലെ സമ്മേളനത്തോടെ സമാപിച്ചു.  351 അംഗങ്ങളുള്ള സഭ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ ചേരാനാണ് തീരുമാനം.
സമാപന സമ്മേളനം ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു. തൊഴില്‍ അന്വേഷകരെ സഹായിക്കാന്‍ വിദേശ പരിചയം ഉള്ളവരെ ഉള്‍പ്പെടുത്തി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രവാസി സഹായ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്താം. പ്രവാസികളിലേറെയും ജീവിക്കുന്നതിനായി മോശം സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലെ 50 ലക്ഷം പേര്‍ പ്രവാസികളെ ആശ്രയിച്ചാണ് കഴിയുന്നതെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 86  ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ് ജോലിയെടുക്കുന്നത്. 3.4 ശതമാനം പേര്‍ യു.എസിലും മറ്റുള്ളവര്‍ കാനഡ, ന്യൂസിലാന്‍ഡ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലും തൊഴിലെടുക്കുന്നു. ഈ സാഹചര്യത്തില്‍ ലോകകേരളസഭ സംഘടിപ്പിച്ചത് ഏറ്റവും അനുയോജ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രന്‍, ഡോ. കെ ടി ജലീല്‍, മേയര്‍ വി കെ പ്രശാന്ത്, വിജയന്‍പിള്ള എംഎല്‍എ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, കൗണ്‍സിലര്‍ പാളയം രാജന്‍, രവിപിള്ള, ഡോ. അനിരുദ്ധന്‍, നോര്‍ക്ക റൂട്ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ എന്നിവര്‍ പങ്കെടുത്തു. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത പ്രവാസ മലയാളം മെഗാ ഷോ അരങ്ങേറി.
Next Story

RELATED STORIES

Share it