kozhikode local

ലോക കയാക്കിങ് ചാംപ്യന്‍ഷിപ്പ്: താരങ്ങള്‍ എത്തിത്തുടങ്ങി

താമരശ്ശേരി: ഒന്നാമത് ലോക കയാക്കിംഗ് ചാംപ്യന്‍ഷിപ്പിനും ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിനും കോടഞ്ചേരി ഒരുങ്ങി. 18 മുതല്‍ 22 വരെയാണ് മലബാര്‍ വേള്‍ഡ് കയാക്കിങ് ചാംപ്യന്‍ഷിപ്പ്. ഇത്തവണ സംസ്ഥാന ടൂറിസം വകുപ്പിവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ചാംപ്യന്‍ഷിപ്പ് .
കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ ,ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീന്‍തുള്ളിപ്പാറ എന്നിവടങ്ങളിലാണ് മല്‍സരങ്ങള്‍. ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള കായിക താരങ്ങള്‍ കോടഞ്ചേരിയില്‍ എത്തിത്തുടങ്ങി . ഇവര്‍ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ കരിയാത്തുംപാറ പുഴ എന്നിവടങ്ങളിലായി പരിശീലനം ആരംഭിച്ചു.
വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് ദിവസങ്ങളിലായി 25 ടീമുകളാണ് പങ്കെടുക്കുന്നത്. വിജയികളാകുന്ന മല്‍സരാര്‍ഥികള്‍ക്ക് 15 ലക്ഷം രൂപയാണ് സമ്മാനം. ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ബംഗഌരു മദ്രാസ് ഫണ്‍ ടൂള്‍സാണ് സാങ്കേതിക സഹായം നല്‍കുന്നത്. ജിഎംഐ കോഴിക്കോട്, ജില്ലാ പഞ്ചായത്ത്, കോടഞ്ചേരി, തിരുവമ്പാടി,ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണവുമുണ്ട്. ഇന്ത്യക്ക് പുറമെ ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, ഇന്തൊനേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, നോര്‍വെ, നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍, ചെക്ക് റിപ്പബ്ലിക്ക്, ഓസ്ട്രിയ, നെതര്‍ലാന്‍ഡ്, യുഎസ്എ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പുരുഷ, വനിത താരങ്ങള്‍ ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഫ്രഞ്ച് ഒളിമ്പിക്‌സ് സംഘാംഗവും നിലവിലെ ചാമ്പ്യനുമായ ന്യൂട്രിയ ന്യൂമാന്‍, സ്‌പെയിനില്‍ നിന്നുള്ള ഗോഡ് സെറ സോള്‍സ്, 2012 ഒളിമ്പിക്‌സ് വെള്ളി മെഡല്‍ നേടിയ ചെക് താരം വാവെറിങ്ക് റാഡിലെക്, അമേരിക്കന്‍ ഫ്രീ സ്‌റ്റെല്‍ സംഘാംഗവും റെഡ്ബുള്‍ അത്‌ലറ്റുമായ ഡെയിന്‍ ജാക്‌സണ്‍, കാനഡ ഫ്രീ സ്‌റ്റെല്‍ സംഘാംഗം നിക് ട്രൗട്ട്മാന്‍ തുടങ്ങിയ ലോകോത്തര കായിക താരങ്ങള്‍ ഇത്തവണ പങ്കെടുക്കും.
തുടക്കക്കാര്‍, പരിചിതര്‍, പ്രത്യേക വിഭാഗം എന്നിങ്ങനെ ഇന്ത്യയിലെ കായിക താരങ്ങള്‍ക്കായി മത്സരങ്ങള്‍ ഉണ്ടായിരിക്കും. അന്താരാഷ്ട്ര കാനോയിംഗ് ഫെഡറേഷന്‍ അംഗീകരിച്ചിരിക്കുന്ന ഫ്രീ സ്‌റ്റൈല്‍, സ്ലാലോം, എക്‌സട്രീം സ്ലാലോം എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരം.
ടീം റേസ് ലോക ചാമ്പ്യന്‍ഷിപ്പായിരിക്കും മത്സരത്തിന്റെ അവസാന ഇനം. ജര്‍മ്മനി, ഫ്രാന്‍സ് എന്നിവടങ്ങളില്‍ നിന്നുള്ള ക്യാമറ സംഘം സമൂഹമാധ്യമങ്ങള്‍ വഴി മത്സരത്തിന്റെ തത്സമയ സംപ്രേഷണം നടത്തും. അഡിഡാസ് സിക് ലൈന്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകര്‍ ഒലാഫ് ഒബ്‌സൊമ്മെറാണ് ജര്‍മ്മന്‍ ക്യാമറാ സംഘത്തെ നയിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന സാഹസിക കായികവിനോദ ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങള്‍ കാമറ സംഘം സന്ദര്‍ശിക്കുന്നുണ്ട് .
18ന് ഫ്രീസ്‌റ്റൈല്‍ മത്സരങ്ങള്‍ ചക്കിട്ടപ്പാറ മീന്‍തുള്ളിപ്പാറയില്‍, 19 ന് ഇന്റര്‍മീഡിയറ്റ് മത്സരങ്ങള്‍ കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയില്‍, 20 ന് സ്ലാലോം, ബോട്ടോര്‍ ക്രോസ്സ് മത്സരങ്ങള്‍ ആനക്കാംപൊയില്‍ ഇരുവഞ്ഞിപ്പുഴയില്‍, 21ന് ബോട്ടര്‍ ക്രോസ്സ് ഫൈനല്‍, ഡൗണ്‍ റിവര്‍ മത്സരങ്ങള്‍ ഇരുവഞ്ഞിപ്പുഴയില്‍, 22 ന് സൂപ്പര്‍ ഫൈനല്‍ അരിപ്പാറയില്‍, 22 ന് ഇന്റര്‍മീഡിയറ്റ് ഫൈനല്‍ പുലിക്കയം ചാലിപ്പുഴയിലും നടക്കും.
Next Story

RELATED STORIES

Share it