ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. നവംബറില്‍ തുടങ്ങി ഡിസംബര്‍ 15ന് അവസാനിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ—ക്ക് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പു കൂടി വരുന്നതോടെ ഈ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാവും.
2019 മെയിലാണ് മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. അതിനാല്‍ ഏപ്രിലില്‍ തന്നെ തിരഞ്ഞെടുപ്പു നടപടികള്‍ ആരംഭിക്കും. ഫലത്തില്‍ മൂന്നു മാസത്തില്‍ കുറഞ്ഞ ഇടവേള മാത്രമായിരിക്കും പിന്നീടുണ്ടാവുക. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് അടുത്ത മാസം മുതല്‍ തിരഞ്ഞെടുപ്പു നടക്കുന്നത്. ഇതില്‍ മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണു ബിജെപി അധികാരത്തിലില്ലാത്തത്. ഭൂരിപക്ഷ ക്രിസ്ത്യന്‍ സംസ്ഥാനമായ മിസോറാം പിടിച്ചെടുത്താല്‍ ബിജെപിക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സമ്പൂര്‍ണ ആധിപത്യമുണ്ടാവും.
രാജസ്ഥാനിലെ 200 സീറ്റുകളില്‍ 160 സീറ്റുകള്‍ ബിജെപിയുടേയാണ്. കോണ്‍ഗ്രസ്സിന്റെ 25 സീറ്റും ബിഎസ്പിയുള്‍െപ്പടെയുള്ളവരും കൂടി ചേര്‍ന്നാല്‍ 36 സീറ്റുകള്‍ മാത്രമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളത്. കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ പ്രതീക്ഷവയ്ക്കുന്ന സംസ്ഥാനമാണു രാജസ്ഥാന്‍.
മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് സ്വന്തം പാര്‍ട്ടി—ക്കുള്ളില്‍ തന്നെ ധാരാളം ശത്രുക്കളുണ്ട്. ഭരണവിരുദ്ധ വികാരം വേറെയും. സംവരണ വിഷയത്തില്‍ പ്രതിഷേധം ആളിപ്പടര്‍ന്നതും ബിജെപിയിലെ തമ്മിലടിയും വസുന്ധര സര്‍ക്കാരിന് ഭീഷണിയാണ്. രാഷ്ട്രീയ തന്ത്രജ്ഞനും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ടാണ് കോണ്‍ഗ്രസ്സിന് തന്ത്രമൊരുക്കുന്നത്.
231 സീറ്റുകളുള്ള മധ്യപ്രദേശില്‍ 166 സീറ്റാണ് ബിജെപി—ക്ക്. കോണ്‍ഗ്രസ്സിന് 57 സീറ്റ്. ബിജെപിയും ചേര്‍ന്ന പ്രതിപക്ഷത്തിന് 63 സീറ്റാണുള്ളത്. ബിജെപി—ക്ക് ആശങ്കയുണ്ടാക്കുന്ന സംസഥാനമായി മധ്യപ്രദേശ് മാറിയിട്ടുണ്ട്. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനെതിരേ കര്‍ഷകരുടെ രോഷമാണ് പ്രധാനമായും ബിജെപി—ക്ക് ഇവിടെ ആശങ്കയേറ്റുന്നത്. കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ ഉന്നല്‍ കൊടുക്കുന്ന സംസ്ഥാനങ്ങളിലൊന്നു കൂടിയാണു മധ്യപ്രദേശ്.
ഛത്തീസ്ഗഡിലെ 91 സീറ്റുകളില്‍ 49 സീറ്റുകളാണ് ബിജെപി—ക്കുള്ളത്. കോണ്‍ഗ്രസ്സിന് 39 സീറ്റുകളുണ്ട്. ബിഎസ്പിയും സ്വതന്ത്രനും ചേര്‍ന്നാല്‍ 41. അത്ര സുരക്ഷിതമല്ല രമണ്‍ സിങ് സര്‍ക്കാരിന്റെ സ്ഥിതി. അഞ്ച് സംസ്ഥാനങ്ങളില്‍ ചത്തീസ്ഗഡില്‍ മാത്രമാണ് രണ്ടു ഘട്ടമായി നടക്കുന്നത്.

Next Story

RELATED STORIES

Share it