Flash News

ലോക്പാല്‍: നിയമനം എന്ന്‌? സുപ്രിം കോടതി

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി സുപ്രിംകോടതി. ലോക്പാല്‍ നിയമനത്തിന് എത്ര സമയമെടുക്കുമെന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പത്തു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ആര്‍ ഭാനുമതി എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. ലോക്പാല്‍ നിയമനം  പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്നു വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം.
സന്നദ്ധ സംഘടനയായ കോമണ്‍കോസ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിച്ചായിരുന്നു ഉത്തരവ്. ലോക്പാല്‍ നിയമന വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍  സമര്‍പ്പിച്ചു. ലോക്പാലിനായുള്ള സെലക്ഷന്‍ കമ്മിറ്റി ഉടന്‍ യോഗം ചേരുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹരജി ഈ മാസം 17ന് വീണ്ടും വാദം കേള്‍ക്കുന്നതിനായി കോടതി മാറ്റിവച്ചു.
സര്‍ക്കാര്‍ ബോധപൂര്‍വം ലോക്പാല്‍ നിയമനം വൈകിക്കുകയാണെന്ന് കോമണ്‍കോസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ ആരോപിച്ചു. നിയമനം വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് കോടതി ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞവര്‍ഷം ഏപ്രില്‍ 27ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. വിധി പുറത്തുവന്ന് ഒരു വര്‍ഷത്തിലധികം കഴിഞ്ഞിട്ടും ലോക്പാല്‍ നിയമനം നടത്താത്ത സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യമാണെന്നു കാണിച്ചാണ് ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. പ്രതിപക്ഷനേതാവില്ലാത്ത സാഹചര്യത്തില്‍ ലോക്‌സഭയില്‍ ലോക്പാല്‍ നിയമനം അസാധ്യമാണെന്നും ഈ സാഹചര്യത്തില്‍ നിയമം ഭേദഗതി ചെയ്യേണ്ടിവരുമെന്നുമുള്ള വാദമാണ് കേന്ദ്രം സുപ്രിംകോടതിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍, ഭേദഗതി പൂര്‍ത്തിയാവുന്നതു വരെ ലോക്പാല്‍ നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന് 2017ല്‍ കോടതി വ്യക്തമാക്കിയിരുന്നു.
ലോക്പാല്‍ നിയമനം വൈകുന്നത് സംബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ചിലും കോടതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയിലേക്കുള്ള നിയമജ്ഞന്റെ നിയമനത്തിനു നടപടിയെടുക്കാന്‍ തീരുമാനിച്ചതായാണ് അന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹത്ഗിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചതായി ഈ വര്‍ഷം മെയ് 15ന് അറ്റോര്‍ണി ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it