ലോകായുക്തയ്ക്കു നല്‍കിയ റിപോര്‍ട്ടില്‍ തെറ്റുണ്ടെങ്കില്‍ സമ്മതിക്കണം: ഹൈക്കോടതി

കൊച്ചി: പാറ്റൂര്‍ ഭൂമിക്കേസുമായി ബന്ധപ്പെട്ട് ലോകായുക്തയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ തെറ്റുണ്ടെങ്കില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അത് സമ്മതിക്കണമെന്ന് ഹൈക്കോടതി.കാര്യങ്ങള്‍ വ്യക്തമാക്കി ജേക്കബ് തോമസ് സത്യവാങ്മൂലം നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ആരോപണ വിധേയമായ ഭൂമിയുടെ സെറ്റില്‍മെന്റ് റജിസ്റ്ററിന്റെ ആധികാരികതയില്‍ സംശയമുള്ളതായി ജേക്കബ് തോമസ് നേരത്തേ ലോകായുക്തയ്ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇത് മൊത്തം മാറ്റി എഴുതിയതാണോ അതോ ചില ഭാഗങ്ങള്‍ മാറ്റി എഴുതിയതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നായിരുന്നു ജേക്കബ് തോമസ് എഴുതിയിരുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ജേക്കബ് തോമസ് ഇന്നലെ ഹാജരാവണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ രാവിലെ കേസ് പരിഗണിച്ച കോടതി രേഖകള്‍ പരിശോധിക്കാന്‍ ജേക്കബ് തോമസിന് സമയം നല്‍കി. തുടര്‍ന്ന് 12 മണിക്ക് വീണ്ടും കേസ് പരിഗണിച്ചു. സെറ്റില്‍മെന്റ് രജിസ്റ്ററില്‍ കുഴപ്പമില്ലെന്നും ചില അനക്‌സറുകളിലാണ് പ്രശ്‌നമെന്നും ജേക്കബ് തോമസ് നേരിട്ട് കോടതിയെ അറിയിച്ചു. ലഭിച്ചിരുന്ന എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്തയ്ക്ക് റിപോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു. സെറ്റില്‍മെന്റ് രജിസ്റ്റര്‍ ആധികാരികമല്ലെങ്കില്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഇ സി ഭരത്ഭൂഷണ്‍ സമര്‍പ്പിച്ച ഹരജി തള്ളുമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ജേക്കബ് തോമസ് മറ്റൊരു വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് 21ന് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it