malappuram local

ലോകകപ്പ് പ്രവചന മല്‍സര ആവേശത്തില്‍ പ്രവാസി ഫുട്‌ബോളര്‍

നഹാസ് എം നിസ്താര്‍ പെരിന്തല്‍മണ്ണ: ലോകകപ്പ് ആവേശത്തില്‍ പ്രവചന മല്‍സരവുമായി പ്രവാസിയായ മുന്‍ ഫുട്‌ബോളര്‍. പട്ടിക്കാട് സ്വദേശിയും മുന്‍ സെവന്‍സ് ഫുട്‌ബോള്‍ താരവുമായ പുത്തന്‍വീട്ടില്‍ സാലിഹാണ് പതിനഞ്ചോളം ചോദ്യവും സമ്മാനവുമായി നാട്ടുകാര്‍ക്ക് മുന്‍പില്‍ ലോകകപ്പ് ആവേശം സമ്മാനിക്കുന്നത്. മല്‍സര സമയത്തിനു മുന്‍പ് പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കാണ് ഒരോരുത്തരും ഉത്തരം എഴുതി നല്‍കേണ്ടത്. കളിയുടെ ജയപരാജയം മാത്രമല്ല. കളിക്കാരന്റെ ഫ്രീകിക്ക്, കോര്‍ണര്‍ ലഭിക്കുന്നത്. ഗോളടിക്കുന്ന രീതി, ചുവപ്പ് കാര്‍ഡ് ആര്‍ക്ക്, ഗോള്‍ സമയം, കളിക്കാരനെ പിന്‍വലിക്കുന്നത്, പെനാല്‍റ്റിയെടുക്കുന്ന താരം,  ഗോളടിക്കുന്ന സമയവും വ്യക്തിയും തുടങ്ങി ഒരു കളിയുടെ മുഴുവന്‍ ആവേശവും ഉള്‍പ്പെടുത്തിയാണ് ചോദ്യാവലി. പത്ത് രൂപ മുടക്കി ഉത്തരം എഴുതുന്നവര്‍ക്ക് കളി തുടങ്ങുന്നതു വരെ ഉത്തരത്തില്‍ മാറ്റങ്ങള്‍ വരുത്താം. എന്നാല്‍ കളിയുടെ വിസില്‍ മുഴങ്ങിയാല്‍ ഉത്തരം മാറ്റാനാവില്ല. പിന്നെ ചോദ്യകര്‍ത്താവും പങ്കെടുക്കുന്നവരും ടിവിക്കു മുന്‍പില്‍ഒത്തുകൂടും. കളിയുടെ ഒരോ നീക്കവും ചോദ്യകര്‍ത്താവിനോടൊപ്പം പങ്കെടുക്കുന്നവര്‍ക്കും നെഞ്ചിടിപ്പിന്റെ നിമിഷമായിരിക്കും. കളി അവസാനിക്കുന്നതോടെ വിജയിയെ പ്രഖ്യാപിക്കും. 10 രൂപ മുടക്കുന്നവര്‍ക്ക് 150 രൂപ സമ്മാനവും നല്‍കും. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം പുതു തലമുറകള്‍ക്കു കൈമാറുന്നതോടൊപ്പം കളിയിലെ നിയമങ്ങളും നീക്കങ്ങളും മറ്റുള്ളവര്‍ക്ക് പകരുകയെന്ന ദൗത്യം കൂടി ഇതിലുടെ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് സാലിഹ് പറഞ്ഞു. പട്ടിക്കാട് പാസ്‌ക്ക് ക്ലബിലെ  അംഗവും ഗോള്‍കീപ്പറുമായ സാലിഹ് നിരവധി ക്ലബ്ബുകള്‍ക്കു വേണ്ടി ബൂട്ട് അണിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വെറ്ററന്‍സ് ടൂര്‍ണമെന്റുകളില്‍ സജീവമാണ്. പത്തു വയസു മുതല്‍ കാല്‍പന്തിനെ നെഞ്ചോടു ചേര്‍ത്ത ഈ നാല്‍പത്തെട്ടുകാരന്‍ നാട്ടിലെ പാസ്‌ക് ക്ലബ്ബിന്റെ ചാരിറ്റി വിഭാഗത്തില്‍ സജീവ പങ്കാളിയാണ്. പട്ടിക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു പുറകിലെ വീട്ടില്‍ ഭാര്യയും മൂന്നുമക്കളുമൊത്ത്്് താമസിക്കുന്ന സാലിഹ് കടുത്ത ബ്രസീല്‍ ആരാധകനാണ്. കഴിഞ്ഞ ലോകക്കപ്പും കോപ്പ അമേരിക്കന്‍ ഫുട്ബാളിലും സാലിഹിന്റെ ചോദ്യവും പ്രവചനവും നാട്ടുകാര്‍ക്കും കളിയെ സ്‌നേഹിക്കുന്നവര്‍ക്കും കടുത്ത ആവേശമാണ് നല്‍കിയത്.
Next Story

RELATED STORIES

Share it