Flash News

റഷ്യന്‍ വിപ്ലവത്തില്‍ കൊമ്പൊടിഞ്ഞ് കാളക്കൂട്ടം

റഷ്യന്‍ വിപ്ലവത്തില്‍ കൊമ്പൊടിഞ്ഞ് കാളക്കൂട്ടം
X

മോസ്‌കോ:  റഷ്യയില്‍ വമ്പന്‍മാരുടെ മടക്കയാത്രകള്‍ അവസാനിക്കുന്നില്ല. സ്വന്തം മണ്ണില്‍ ചവിട്ട് നിന്ന് അവസാന നിമിഷം വരെ പടപൊരുതിയ റഷ്യക്ക് മുന്നില്‍ സ്പാനിഷ് വമ്പന്‍മാരുടെ പ്രതാപത്തിന്റെ കണക്കുകള്‍ നിഷ്പ്രഭമായപ്പോള്‍ നെഞ്ചുവിരിച്ച് റഷ്യ ക്വാര്‍ട്ടറിലേക്കും തലതാഴ്ത്തി സ്‌പെയിന്‍ പുറത്തേക്കും മടങ്ങി. പോരാട്ടം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ 4-3നായിരുന്നു റഷ്യയുടെ പോരാളികള്‍ വിജയം സ്വന്തമാക്കിയത്. സ്‌പെയിന്റെ കോക്കെയുടെയും ആസ്പാസിന്റെയും ഷോട്ടുകള്‍ തടുത്തിട്ട റഷ്യന്‍ ഗോള്‍കീപ്പര്‍ അക്കിന്‍ഫീവിന്റെ മികവാണ് ആതിഥേയര്‍ക്ക് അഭിമാന ക്വാര്‍ട്ടര്‍ സമ്മാനിച്ചത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് റഷ്യ ക്വാര്‍ട്ടറില്‍ കടന്നത്.
വിരസമായ തുടക്കമായിരുന്നു മല്‍സരത്തിന്റേത്. ഇരു ടീമുകളും ഗോള്‍വല കാത്ത് കരുതലോടെ കളിച്ചതോടെ ആദ്യ 10 മിനിറ്റിനുള്ളില്‍ തണുപ്പന്‍ കളിക്കായിരുന്നു മോസ്‌കോ മൈതാനം സാക്ഷ്യം വഹിച്ചത്.  എന്നാല്‍ 12ാം മിനിറ്റില്‍ റഷ്യയിലെ ആരാധകരുടെ പുഞ്ചിരി മായ്ച്ച് സ്പാനിഷ് നിര അക്കൗണ്ട് തുറന്നു. റഷ്യയുടെ യൂറി സിര്‍ക്കോവിന്റെ ഹാന്‍ഡ് ബോളില്‍ ബോക്‌സിന് വലത് ഭാഗത്ത് നിന്ന് ലഭിച്ച ഫ്രീകിക്കിലാണ് സ്പാനിഷ് നിര ലക്ഷ്യം കണ്ടത്. റയല്‍ മാഡ്രിഡ് താരം ഇസ്‌കോയെടുത്ത ഫ്രീകിക്ക് റഷ്യന്‍ പ്രതിരോധനിര താരം സെര്‍ജി ഇഗ്നോവിച്ചിന്റെ കാലില്‍തട്ടി പോസ്റ്റിലേക്ക് കയറുകയായിരുന്നു. സെര്‍ജിയോ റാമോസിനെ പ്രതിരോധിക്കുന്നതിനിടെയാണ് ഇഗ്നോവിച്ചിന് പിഴച്ചത്. റഷ്യന്‍ ലോകകപ്പിലെ 10ാമത്തെ സെല്‍ഫ്‌ഗോളുകൂടിയായിരുന്നു ഇത്.  1-0ന് സ്‌പെയിന്‍ മുന്നില്‍.
പന്തടക്കത്തില്‍ സ്പാനിഷ് നിര ആധിപത്യം പുലര്‍ത്തിയതോടെ ഗോളവസരം സൃഷ്ടിക്കാനാവാതെ സ്‌പെയിന്‍ വിയര്‍ത്തു. 23ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിന്റെ ഫൗളില്‍ റഷ്യക്കനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും സ്പാനിഷ് നിരയുടെ പ്രതിരോധക്കരുത്തിനെ മറികടക്കാന്‍ കഴിഞ്ഞില്ല. റഷ്യയുടെ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിച്ച സ്പാനിഷ് നിരയ്ക്ക് മുന്നില്‍ റഷ്യയുടെ പ്രതിരോധ നിര നന്നായി വിയര്‍ത്തു. 25ാം മിനിറ്റില്‍ റഷ്യന്‍ വലകുലുക്കാന്‍ ജോര്‍ഡി ആല്‍ബയ്ക്ക് മികച്ചൊരവസരം ലഭിച്ചെങ്കിലും പന്തിനെ എത്തിപ്പിടിയ്ക്കാന്‍ താരത്തിന് കഴിഞ്ഞില്ല.
36ാം മിനിറ്റില്‍ ഗോള്‍മടക്കാന്‍ റഷ്യക്ക് ലഭിച്ച സുവര്‍ണാവസരം അലക്‌സാണ്ടര്‍ ഗോളോവിന്‍ നഷ്ടപ്പെടുത്തിക്കളഞ്ഞു. സ്പാനിഷ് പെനല്‍റ്റി ബോക്‌സിനുള്ളില്‍ നിന്ന് ഗോളോവിന്‍ തൊടുത്ത ഷോട്ട് ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നു. ഒടുവില്‍ മല്‍സരത്തിന്റെ 40ാം മിനിറ്റില്‍ പെനല്‍റ്റി ഭാഗ്യം റഷ്യയെ തേടിയെത്തി. റഷ്യക്കനുവദിച്ച കോര്‍ണറില്‍ നിന്ന് സ്പാനിഷ് ബോക്‌സിലേക്കുയര്‍ന്ന വന്ന പന്ത് സ്പാനിഷ് ഡിഫന്‍ഡര്‍ പിക്വെയുടെ കൈയില്‍ തട്ടിയതിനാണ് റഷ്യക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത ആന്റം സ്യൂബയ്ക്ക് ലക്ഷ്യം പിഴക്കാതെ വന്നതോടെ സ്‌പെയിനെതിരേ റഷ്യ 1-1 സമനില പിടിച്ചു.റഷ്യന്‍ ലോകകപ്പിലെ സ്യൂബയുടെ മൂന്നാമത്തെ ഗോളുകൂടിയായിരുന്നു ഇത്. പിന്നീടുള്ള ആദ്യ പകുതിയിലെ സമയത്ത് ഗോളൊഴിഞ്ഞ് നിന്നതോടെ 1-1 സമനില പങ്കിട്ടാണ് ഇരു കൂട്ടരും കളം പിരിഞ്ഞത്. ആദ്യ പകുതിയില്‍ 71 ശതമാനം സമയത്തും പന്തടക്കിവച്ച സ്‌പെയിന്‍ മൂന്ന് തവണ ഗോള്‍ ശ്രമം നടത്തിയപ്പോള്‍ അഞ്ച് തവണ റഷ്യയും സ്പാനിഷ് ഗോള്‍മുഖം വിറപ്പിച്ചു.
രണ്ടാം പകുതിയില്‍ ഒരു മാറ്റവുമായാണ് റഷ്യ ഇറങ്ങിയത്. യുറി സിര്‍ക്കോവിനെ പിന്‍വലിച്ച് പകരം വഌദിമിര്‍ ഗ്രാനാറ്റിനെ റഷ്യ കളത്തിലിറക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ലീഡുയര്‍ത്താന്‍ ജോര്‍ഡി ആല്‍ബയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും റഷ്യന്‍ ഗോള്‍കീപ്പര്‍ അക്കിന്‍ഫീവ് അനായാസം പന്ത് പിടിച്ചെടുത്തു. 51ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അവസരവും സ്‌പെയിന് മുതലാക്കാനായില്ല. കോക്കെയുടെ കിക്കിനെ ഡീഗോ കോസ്റ്റ ഹെഡ്ഡ് ചെയ്‌തെങ്കിലും ഗോള്‍പോസ്റ്റിന് മുകളിലൂടെ പന്ത് പുറത്തുപോയി. 56ാം മിനിറ്റില്‍ റഷ്യ നടത്തിയ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിനെ സെര്‍ജിയോ റാമോസിന്റെ അവസരോചിത ഇടപെടല്‍ രക്ഷപെടുത്തുന്നു.
61ാം മിനിറ്റില്‍ റഷ്യ ടീമില്‍ മാറ്റം വരുത്തി. അലക്‌സാണ്ടര് സമദോവിനെ പിന്‍വലിച്ച് പകരം ഡെനിസ് ചെറിഷേവിനെ റഷ്യ കളത്തിലിറക്കി. 65ാം മിനിറ്റില്‍ ഗോള്‍ നേടിയ സ്യൂബയെ പിന്‍വലിച്ച് ഫൈദോര്‍ സ്‌മോളോവിനും റഷ്യ അവസരം നല്‍കി. 67ാം മിനിറ്റില്‍ ഡേവിഡ് സില്‍വയെ പിന്‍വലിച്ച് സൂപ്പര്‍ താരം ഇനിയസ്റ്റയെ സ്‌പെയിനും മൈതാനത്തിറക്കി. 70ാം മിനിറ്റില്‍ നാച്ചോയെ കയറ്റി ഡാനി കര്‍വാചലിന് സ്‌പെയിന്‍ അവസരം നല്‍കിയെങ്കിലും ലീഡെടുക്കാന്‍ സ്‌പെയിന് കഴിഞ്ഞില്ല. അവസാന മിനിറ്റുകളിലേക്കെത്തിയപ്പോള്‍ പോരാട്ടം കടുത്തു. 85ാം മിനിറ്റില്‍ റഷ്യന്‍ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ഇനിയസ്റ്റ തൊടുത്ത  ബുള്ളറ്റ് ഷോട്ട് റഷ്യന്‍ ഗോള്‍ കീപ്പര്‍ തകര്‍പ്പന്‍ ഡൈവിലൂടെ തട്ടിയകറ്റി. നിശ്ചിത സമയവും ഇഞ്ചുറി ടൈമും പൂര്‍ത്തിയായപ്പോഴും ഇരു ടീമും 1-1 സമനില പാലിച്ചതോടെ മല്‍സരം അധിക സമയത്തേക്ക് നീണ്ടു. 20 മിനിറ്റ് അധിക സമയത്തും 1-1 സമനില പാലിച്ചതോടെ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക്.
സ്‌പെയിന് വേണ്ടി ആദ്യകിക്കെടുത്ത ഇനിയസ്റ്റ് പന്ത് വലയിലെത്തിച്ചു. സ്‌പെയിന്‍ 1-0ന് മുന്നില്‍. എന്നാല്‍ റഷ്യയ്ക്കുവേണ്ടി കിക്കെടുത്ത സ്‌മോളോവും വലകുലുക്കിയതോടെ മല്‍സരം 1-1 എന്ന നിലയിലേക്ക്. സ്‌പെയിന് വേണ്ടി രണ്ടാം കിക്കെടുത്ത പിക്വെയും വലകുലുക്കി. സ്‌പെയിന്‍ 2-0ന് മുന്നില്‍. റഷ്യക്ക് വേണ്ടി കിക്കെടുത്ത ഇഗ്നേഷേവിച്ചും ലക്ഷ്യം കണ്ടതോടെ മല്‍സരം 2-2 എന്ന നിലയിലേക്ക്.  എന്നാല്‍ സ്‌പെയിന് വേണ്ടി മൂന്നാം കിക്കെടുത്ത കോക്കെയ്ക്ക് പിഴച്ചപ്പോള്‍ റഷ്യയുടെ ഗോളോവിന്‍ ലക്ഷ്യം കണ്ടു. 3-2ന് റഷ്യ മുന്നില്‍. നാലാം കിക്കെടുത്ത റാമോസ് ലക്ഷ്യം കണ്ടെത്തിയതോടെ സ്‌പെയിന്‍ വീണ്ടും 3-3 സമനിലയിലേക്ക്്. നാലാം കിക്കെടുത്ത ചെറിഷേവും ലക്ഷ്യം കണ്ടെത്തിയതോടെ 4-3ന് റഷ്യ മുന്നില്‍.  സ്‌പെയിന് വേണ്ടി അവസാന കിക്കെടുത്ത അസ്പാസിന്റെ ഷോട്ട് റഷ്യന്‍ ഗോളിയുടെ കാലില്‍ത്തട്ടി പുറത്തേക്ക് തെറിച്ചതോടെ 4-3ന് പെനല്‍റ്റി ജയിച്ച് റഷ്യ ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ സ്പാനിഷ് രാജാക്കന്‍മാര്‍ക്ക് തല താഴ്ത്തി മടങ്ങേണ്ടി വന്നു. റഷ്യന്‍ ലോകകപ്പില്‍ പുറത്തുപോവുന്ന നാലാമത്തെ വമ്പന്‍മാരാണ് സ്‌പെയിന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനിയും പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുപോയിരുന്നു.
Next Story

RELATED STORIES

Share it