Flash News

ജപ്പാന്‍ കാറ്റില്‍ കൊളംബിയ വീണു

ജപ്പാന്‍ കാറ്റില്‍ കൊളംബിയ വീണു
X

സരാന്‍സ്‌ക്: ഗ്രൂപ്പ് എച്ചില്‍ കരുത്തരായ കൊളംബിയയെ അട്ടിമറിച്ച് ജപ്പാന്‍. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍ വിജയം സ്വന്തമാക്കിയത്. കളിയുടെ അഞ്ചാം മിനിറ്റില്‍ത്തന്നെ 10 പേരായി ചുരുങ്ങേണ്ടി വന്നതാണ് കൊളംബിയക്ക് തിരിച്ചടിയായത്.
സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസിനെ പുറത്തിരുത്തി 4-2-3-1 ഫോര്‍മാറ്റില്‍ കൊളംബിയെ ബൂട്ടണിഞ്ഞപ്പോള്‍ അതേ ഫോര്‍മാറ്റിലായിരുന്നു ജപ്പാന്‍ തന്ത്രം മെനഞ്ഞത്. മികച്ച തുടക്കം പ്രതീക്ഷിച്ച കൊളംബിയക്ക് അഞ്ചാം മിനിറ്റില്‍ത്തന്നെ ഇരട്ട പ്രഹരമേറ്റു. അഞ്ചാം മിനിറ്റില്‍ കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയി. ഗോള്‍പോസ്റ്റിലേക്കുള്ള കഗാവയുടെ ഷോട്ടിനെ ബോക്‌സില്‍ കൈവച്ച് തടുത്തതിനാണ് സാഞ്ചസിന് ചുവപ്പുകാര്‍ഡ് നല്‍കിയത്. ഇതിന്റെ ശിക്ഷയായി ജപ്പാന് അനുകൂലമായി പെനല്‍റ്റിയും റഫറി വിധിച്ചു. കിക്കെടുത്ത ഷിന്‍ജി കഗാവയുടെ കാലുകള്‍ക്ക് ലക്ഷ്യം പിഴക്കാതിരുന്നതോടെ കൊളംബിയക്കെതിരേ തുടക്കത്തിലേ തന്നെ ജപ്പാന്‍ ആധിപത്യം നേടിയെടുത്തു. ലീഡ് നേടിയതോടെ പന്തടക്കത്തില്‍ കൂടുതല്‍ കരുത്തുകാട്ടി ജപ്പാന്‍ പന്ത് തട്ടിയതോടെ ഗോള്‍ മടക്കാന്‍ കൊളംബിയന്‍ നിര നന്നായി വിയര്‍ത്തു. 10 പേരായി ചുരുങ്ങിയതിന്റെ ക്ഷീണം കൊളംബിയക്ക് തിരിച്ചടിയായെങ്കിലും പോരാട്ടം കൈവിടാതെയാണ് കൊളംബിയന്‍ താരങ്ങള്‍ പന്ത് തട്ടിയത്. 25ാം മിനിറ്റില്‍ കൊളംബിയക്ക് ലീഡുയര്‍ത്താന്‍ കോര്‍ണര്‍ കിക്കിലൂടെ ലഭിച്ച സുവര്‍ണാവസരം ജപ്പാന്‍ പ്രതിരോധത്തിന് മുന്നില്‍ തകര്‍ന്നു. എന്നാല്‍ പോരാട്ടം തുടര്‍ന്ന കൊളംബിയക്കാര്‍ 39ാം മിനിറ്റില്‍ സമനില പിടിച്ചു. ക്വിന്റെറോ എടുത്ത ഫ്രീകിക്ക് ജപ്പാന്റെ ഗോളിയെ നിഷ്പ്രഭമാക്കി വലയില്‍ പതിക്കുകയായിരുന്നു. ജപ്പാന്‍ ഗോളി കവാഷിമ പന്ത് ഡൈവ് ചെയ്ത് പിടിച്ചെങ്കിലും പന്ത് ഗോള്‍ലൈന്‍ കടക്കുകയായിരുന്നു. മല്‍സരം 1-1 എന്ന നിലയില്‍. പിന്നീടുള്ള സമയത്ത് ഇരു കൂട്ടരും പ്രതിരോധത്തിലേക്കൊതുങ്ങിയതോടെ ആദ്യ പകുതി സമനില പങ്കിട്ടാണ് ഇരു കൂട്ടരും പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ കൂടുതല്‍ ഊര്‍ജത്തോടെ ജപ്പാന്‍ പന്ത് തട്ടിയതോടെ കൊളംബിയന്‍ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തി. 54ാം മിനിറ്റില്‍ കൊളംബിയന്‍ ഗോള്‍മുഖം ലക്ഷ്യമാക്കിയുള്ള ഒസാക്കയുടെ മിന്നല്‍ ഷോട്ട് ഓസ്പിന തടുത്തിട്ടു. 59ാം മിനിറ്റില്‍ സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസിനെ കൊളംബിയ കളത്തിലിറക്കി. 70ാം മിനിറ്റില്‍ ജപ്പാന്റെ കവാഗയ്ക്ക് പകരം കെയിസൂക്കയും കൊളംബിയ ഇസ്‌ക്വിര്‍ഡോയെ പിന്‍വലിച്ച് ബാക്കയെയും കളത്തിലിറക്കി. മൂന്ന് മിനിറ്റിനുള്ളില്‍ കൊളംബിയന്‍ കോട്ട തകര്‍ത്ത് ജപ്പാന്‍ ലീഡെടുത്തു. ബോക്‌സിനുള്ളിലേക്ക് വന്ന കോര്‍ണര്‍ കിക്കിനെ ഹെഡ്ഡറിലൂടെ യുവ ഒസാക്കോ വലയിലാക്കുകയായിരുന്നു. മല്‍സരം 2-1 ന് ജപ്പാന്റെ കൈകളില്‍. പിന്നീടുള്ള സമയത്ത് പ്രതിരോധത്തില്‍ ഉരുക്കുകോട്ട പണിത ജപ്പാന് മുന്നില്‍ കൊളംബിയയുടെ തന്ത്രങ്ങളെല്ലാം നിഷ്പ്രഭമായതോടെ അട്ടിമറി ജയത്തോടെ ജപ്പാന്‍ റഷ്യന്‍ ലോകകപ്പിലെ ആദ്യ മല്‍സരം ആഘോഷമാക്കി. ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ നിര്‍ണായകമായ മൂന്ന് പോയിന്റും ജപ്പാന്‍ സ്വന്തമാക്കി.
Next Story

RELATED STORIES

Share it