ലൈറ്റ് മെട്രോ പദ്ധതിപ്രക്ഷോഭം സംഘടിപ്പിക്കും: യുഡിഎഫ്

കോഴിക്കോട്/തിരുവനന്തപുരം: സര്‍ക്കാരിന്റെ അനാസ്ഥമൂലം ലൈറ്റ് മെട്രോയില്‍ നിന്നു ഡിഎംആര്‍സി പിന്‍വാങ്ങിയതിനെതിരേ യുഡിഎഫ് ബഹുജന പ്രക്ഷോഭത്തിലേക്ക്. കോഴിക്കോട്ടും തിരുവനന്തപുരത്തും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവാന്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമെടുത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ. എം കെ മുനീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. എം ജി എസ് നാരായണന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ സമരരംഗത്തെത്തിച്ച് സര്‍ക്കാരിനെതിരായ ശക്തമായ വികാരമാക്കി മാറ്റാനാണ് നീക്കം. റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരെയും വിവിധ സംഘടനകളെയും സമരത്തില്‍ അണിനിരത്തും. തിരുവനന്തപുരത്ത് കെ മുരളീധരന്‍ എംഎല്‍എ, മുന്‍മന്ത്രി വി എസ് ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബഹുജന കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സമരപരിപാടികള്‍ തീരുമാനിക്കും. ബഹുജന പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ചയാണ് ബഹുജന കണ്‍വന്‍ഷന്‍ ചേരുന്നത്.
സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് പദ്ധതിയില്‍ നിന്നു പിന്‍മാറുന്നതെന്നു ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ നേരത്തേ പ്രതികരിച്ചിരുന്നു. ഇ ശ്രീധരനെ കാണാന്‍ പോലും മുഖ്യമന്ത്രി തയ്യാറാവാത്തത് ഡിഎംആര്‍സിയെ ഒഴിവാക്കാനാണെന്നും ഇതു ദുരൂഹമാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ലൈറ്റ് മെട്രോ സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും അവര്‍ അറിയിച്ചു. അതേസമയം, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച ലൈറ്റ് മെട്രോ പദ്ധതി യാഥാര്‍ഥ്യമാവണമെങ്കില്‍ ഡിഎംആര്‍സിയെ തന്നെ നിര്‍വഹണച്ചുമതല ഏല്‍പ്പിക്കണമെന്നു വി എസ് ശിവകുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. പദ്ധതി ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്നാവശപ്പെട്ട് 14ന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊച്ചി മെട്രോ ശ്രീധരനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ ഇപ്പോള്‍ അദ്ദേഹത്തെ ഒഴിവാക്കുന്നത് ദുരൂഹമാണെന്ന് ശിവകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it