ലൈറ്റ് മെട്രോക്ക് 'ദയാവധം'?

തിരുവനന്തപുരം: പദ്ധതിച്ചെലവിന്റെ വര്‍ധന ചൂണ്ടിക്കാട്ടി കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിക്കാന്‍ നീക്കം. ഇതിനു വേണ്ടി നടപടിക്രമങ്ങളില്‍ കാലതാമസം വരുത്തുകയാണ് സര്‍ക്കാര്‍. ലൈറ്റ് മെട്രോ പോലെയുള്ള പദ്ധതികള്‍ സര്‍ക്കാരിനു കൂടുതല്‍ ബാധ്യതയുണ്ടാക്കുമെന്നും ആലോചിച്ചു മാത്രമേ മുന്നോട്ടുപോകൂവെന്നും കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.
എന്നാല്‍, മന്ത്രിസഭാ യോഗതീരുമാനമായതിനാല്‍ പദ്ധതി നടപ്പാക്കാനാവില്ലെന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനു കഴിയില്ല. പദ്ധതി നടപ്പാക്കുമെന്നും അക്കാര്യത്തില്‍ സംശയം വേണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. പദ്ധതി നടപ്പാക്കുമെന്നു തുടര്‍ച്ചയായി അവകാശപ്പെടുമ്പോഴും നടപടിക്രമങ്ങള്‍ നീട്ടിക്കൊണ്ടുപോയി പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമം നടക്കുകയാണെന്ന സംശയം ബലപ്പെടുകയാണ്.
രണ്ടു വര്‍ഷം മുമ്പ് സമര്‍പ്പിച്ച വിശദ പഠന റിപോര്‍ട്ടില്‍ പദ്ധതിച്ചെലവ് 6,728 കോടിയായിരുന്നു. പുതുക്കിയ റിപോര്‍ട്ടില്‍ ഇത് 7,448 കോടിയായി ഉയര്‍ന്നു. ഇങ്ങനെ നീണ്ടാല്‍ ചെലവ് ഇനിയും കൂടും. ഡിഎംആര്‍സി പിന്‍വാങ്ങിയ സാഹചര്യത്തില്‍ പുതിയ കണ്‍സള്‍ട്ടന്റ് തയ്യാറാക്കുന്ന വിശദ പഠന റിപോര്‍ട്ടില്‍ നിലവിലുള്ളവയില്‍ നിന്ന് ഉയര്‍ന്ന തുകയാവും നിര്‍ദേശിക്കുക. ഇതു ചൂണ്ടിക്കാട്ടി പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ശ്രീധരനോട് അടുപ്പമില്ലാതിരുന്ന ചില ഉദ്യോഗസ്ഥരും ലൈറ്റ് മെട്രോ പദ്ധതി ഡിഎംആര്‍സി ഏറ്റെടുക്കുന്നത് ഇഷ്ടമില്ലാതിരുന്ന ചിലരും പദ്ധതി നടപ്പാക്കാതിരിക്കാന്‍ കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്.
പ്ലാനിങ് സെക്രട്ടറിസ്ഥാനത്തു നിന്നു വിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുന്ന വി എസ് സെന്തിലിനാണ് വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ചുമതല. ശ്രീധരന്‍ നേരിട്ട് മുഖ്യമന്ത്രിയെ സമീപിച്ച് കാര്യങ്ങള്‍ തീരുമാനിക്കുന്നത് സെന്തിലിനെ അലോസരപ്പെടുത്തിയിരുന്നുവെന്നാണ് അറിയുന്നത്. ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ തട്ടിയെടുക്കാന്‍ ഡിഎംആര്‍സി ശ്രമിക്കുകയാണെന്നും ഭാവിയില്‍ ആരെങ്കിലും കോടതിയില്‍ പോയാല്‍ വിഴിഞ്ഞം ജുഡീഷ്യല്‍ അന്വേഷണം പോലൊന്ന് നേരിടേണ്ടിവന്നേക്കുമെന്നും വരെ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.
അതിനിടെ, കൊച്ചി മെട്രോ നഷ്ടത്തിലാണെന്നും കെഎസ്ആര്‍ടിസി പോലെ മെട്രോ പദ്ധതികള്‍ മറ്റൊരു ബാധ്യതയാവുമെന്നും ഉദ്യോഗസ്ഥതലത്തില്‍ വ്യാപക പ്രചാരണം നടക്കുകയാണ്. ഇടതു സര്‍ക്കാരിന്റെ തുടക്കം മുതല്‍ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ നീക്കം സജീവമായിരുന്നു. ഇതിനിടെ, തലശ്ശേരി-മൈസൂരു റെയില്‍പ്പാത സാമ്പത്തികമായി മെച്ചമായിരിക്കില്ലെന്ന് ഡിഎംആര്‍സി സാധ്യതാപഠന റിപോര്‍ട്ട് നല്‍കി. ഇതു സര്‍ക്കാരിനു ഡിഎംആര്‍സിയോടുള്ള എതിര്‍പ്പ് ഇരട്ടിയാക്കി.
തുടര്‍ന്ന് ലൈറ്റ് മെട്രോയുടെ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ധനവകുപ്പ്, പൊതുമരാമത്തു വകുപ്പ്, ഗതാഗത വകുപ്പ് സെക്രട്ടറിമാരായിരുന്നു അംഗങ്ങള്‍. സമിതിയുടെ റിപോര്‍ട്ട് അനുസരിച്ചാണ് പദ്ധതി മെച്ചമാവുമോയെന്ന് പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞതെന്നാണ് സൂചന. പദ്ധതി ഇല്ലാതാക്കാനാണ് വിദഗ്ധ സമിതി രൂപവല്‍ക്കരിച്ചതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) നടപ്പാക്കിയ ഹൈദരാബാദ് മെട്രോ പദ്ധതി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ഡിഎംആര്‍സിയുടെ അഭാവത്തില്‍ ഈ മാതൃക പരിഗണിക്കാമെന്ന് ഇവര്‍ പറയുന്നു. ഇ ശ്രീധരനും ഡിഎംആര്‍സിയും പദ്ധതിയില്‍ നിന്നു പിന്മാറിയതോടെ വിഷയം രാഷ്ട്രീയമായി പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്.
Next Story

RELATED STORIES

Share it