kozhikode local

ലൈഫ് മിഷന്‍ പദ്ധതി; ജില്ലയില്‍ പൂര്‍ത്തിയായത് 4,700 വീടുകള്‍

കോഴിക്കോട്: കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതിയായ ലൈഫ് മിഷനിലൂടെ ജില്ലയില്‍ 68 ശതമാനം വീടുകളുടെ പണി പൂര്‍ത്തിയായി. സ്വന്തമായി വീടെന്ന 4,700 കുടുംബങ്ങളുടെ സ്വപ്്‌നമാണ് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ജില്ലയില്‍ പൂവണിഞ്ഞത്.2,199 വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഗ്രാമപ്പഞ്ചായത്തുകളില്‍ 1,372, ബ്ലോക്ക് പഞ്ചായത്തുകളില്‍ 2,079, പട്ടികവര്‍ഗ വകുപ്പില്‍ 282, പട്ടികജാതി വകുപ്പില്‍ 249, മുനിസിപ്പാലിറ്റികളില്‍ 487, ജില്ലാ പഞ്ചായത്തില്‍ 29, ന്യൂനപക്ഷക്ഷേമ വകുപ്പില്‍ അഞ്ച്, കോര്‍പറേഷനില്‍ 195, ഫിഷറീസ് വകുപ്പില്‍ രണ്ട് എന്നിങ്ങനെയാണ് പണി പൂര്‍ത്തീകരിച്ചത്്. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും 16 ഗ്രാമ പഞ്ചായത്തുകളും മുഴുവന്‍ പൂര്‍ത്തീകരിക്കാത്ത വീടുകളും പൂര്‍ത്തിയാക്കി.
ജില്ലയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റവും കുടുതല്‍ വീടുകള്‍ നിര്‍മ്മിച്ചത് ബാലുശ്ശേരി പഞ്ചായത്തിന്റെ കീഴിലാണ്. രണ്ടാം സ്ഥാനത്ത് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്താണ്.എല്ലാവര്‍ക്കും അഞ്ചുവര്‍ഷം കൊണ്ടു വീടൊരുക്കുക എന്നതാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യം. സ്ഥലമുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കി ഗുണഭോക്താവു നേരിട്ടോ ഏജന്‍സികള്‍ വഴിയോ വീടു നിര്‍മിച്ചു നല്‍കുന്നു. ഭൂരഹിതര്‍ക്കു ഭവനസമുച്ചയം ഉണ്ടാക്കിക്കൊടുക്കുന്നു. സംസ്ഥാനത്ത് ഇതുവരെ പൂര്‍ത്തിയായത് 41,768 വീടുകള്‍. 75ശതമാനം  വീടുകളാണ് പൂര്‍ത്തിയായത്. 55,595 വീടുകള്‍ പണിയുവാന്‍ ഈ സ്വപ്‌നപദ്ധതി ലക്ഷ്യമിടുന്നു. ജൂണ്‍ അവസാനം വരെയുള്ള കണക്കാണിത്്.  നിലവില്‍ പാലക്കാട് ജില്ലയിലാണ് ഈ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. 5,796 വീടുകള്‍.
രണ്ടാം സ്ഥാനത്ത് വയനാട്്. വീടുകളുടെ എണ്ണം 5,755.ആകെ 4,791 വീടുകളുടെ പണി പൂര്‍ത്തീകരിച്ച തിരുവനന്തപുരമാണ് മൂന്നാംസ്ഥാനത്ത്. കോഴിക്കോട് നാലാം സ്ഥാനത്താണ്. ലൈഫ് മിഷനിലൂടെ നിര്‍മാണം പൂര്‍ത്തീകരിച്ച 4,700 വീടുകളാണ്ജില്ലയില്‍ ഉള്ളത്. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം ഭവന നിര്‍മാണത്തിന് ധനസഹായം ലഭ്യമാക്കിയിട്ടും വ്യത്യസ്ത കാരണങ്ങളാല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക്  കിടപ്പാടം യാഥാര്‍ഥ്യമാക്കുകയാണ് ലൈഫ് പദ്ധതി ചെയ്യുന്നത്.
ഗുണഭോക്താക്കള്‍ക്ക് വീട് പൂര്‍ത്തീകരിക്കാന്‍ മുന്‍കൂര്‍ പണം നല്‍കാന്‍ കഴിയും എന്നതാണ് മറ്റു പദ്ധതികളില്‍ നിന്ന് ലൈഫ് മിഷനെ വ്യത്യസ്തമാക്കുന്നത്. വീടു പൂര്‍ത്തിയാക്കുന്നതിന് മൂന്നുലക്ഷം വരെ എന്നത് ഏകീകരിച്ച് ലൈഫ് മിഷനില്‍ നാലുലക്ഷം രൂപയാക്കി ഉയര്‍ത്തി.നിര്‍മാണ സാമഗ്രികളും മറ്റും സന്നദ്ധ സംഘടനകളില്‍ നിന്നും ലഭ്യമാക്കാനും നടപടിയെടുത്തു. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല കുടുംബശ്രീയെയാണ് ഏല്‍പിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം 300 മുതല്‍ 600 വരെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിക്കുന്നു. ലൈഫ് മിഷന്‍ നിര്‍ദേശിക്കുന്ന 12 പ്ലാനുകളില്‍ ഇഷ്ടമുള്ളതു ഗുണഭോക്താവിനു തിരഞ്ഞെടുക്കാം.
പൊതുവിഭാഗം/പട്ടികജാതി വിഭാഗത്തിന് നാല് ലക്ഷം രൂപയും പട്ടികവര്‍ഗവിഭാഗത്തിന് 6 ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും വാര്‍ഷികപദ്ധതിയുടെ 20% തുകയാണ് ലൈഫ് പദ്ധതിക്കു വേണ്ടി മാറ്റിവച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 2,500 കോടി രൂപയാണ് ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത്.രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരായ ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് ഗ്രാമങ്ങളിലും 75,000 പേര്‍ക്ക് നഗരങ്ങളിലും വീടുനല്‍കാനും വീടും സ്ഥലവും ഇല്ലാത്ത 3,38,380 പേര്‍ക്ക് എല്ലാ ജില്ലയിലും ഭവനസമുച്ചയങ്ങള്‍ നിര്‍മിച്ചുനല്‍കാനുമാണ് ഉദ്ദേശിക്കുന്നത്.
ഇരട്ടവീടുകള്‍ ഒറ്റവീടാക്കി പണിപൂര്‍ത്തിയാക്കും.വീട് നിര്‍മിക്കാന്‍ പ്രത്യേക ധനകാര്യകമ്പനി രൂപീകരിക്കും.വായ്പയായി എടുക്കുന്ന തുക ഭാവിയില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭവനനിര്‍മാണ പദ്ധതി വിഹിതത്തില്‍ നിന്നു പിടിക്കാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പലിശ സര്‍ക്കാര്‍ വഹിക്കും. ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ മികച്ച പുരോഗതിയാണ് ഉണ്ടായിരിക്കുന്നത് എന്ന് ലൈഫ് മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു. വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ടെങ്കിലും പാതിവഴിയിലായ 6,899 വീടുകളില്‍ 4,700 വീടുകള്‍ കഴിഞ്ഞ ഏഴുമാസം കൊണ്ട് പൂര്‍ത്തീകരിക്കാനായി എന്നത് വലിയ നേട്ടമാണ്. ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ഭവനനിര്‍മാണത്തിന് ധനസഹായം അനുവദിക്കുന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളും ജില്ലയില്‍ പുരോഗമിച്ചു വരുന്നു.എഴുപതു പഞ്ചായത്തുകളില്‍ ഗുണഭോക്തൃ സംഗമം നടത്തി.
നിപ വൈറസ് പ്രതിസന്ധിയും കനത്തമഴയും ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രണ്ടാംഘട്ടത്തില്‍ ജില്ലയില്‍ ഭൂമിയുള്ള 8,643 ഭവനരഹിത കുടുംബങ്ങളാണ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്ളത്.ഇരുപത്തഞ്ചോളം പഞ്ചായത്തുകളിലായി ഏകദേശം 1,050 ഗുണഭോക്താക്കള്‍ക്ക് ഒന്നാംഗഡു വിതരണം ചെയ്തുകഴിഞ്ഞു. 600 ഗുണഭോക്താക്കള്‍ക്ക് കരാറായി. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ലൈഫ്് ഗുണഭോക്താക്കള്‍ക്കും ജൂലൈ 31 ഓടെ ഒന്നാംഗഡു വിതരണം ചെയ്യുമെന്നും ജില്ലാ കോ ഓഡിനേറ്റര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it