thiruvananthapuram local

ലൈഫ് പദ്ധതി പഴയകുന്നുമ്മേലില്‍ അര്‍ഹരായ പലരും പട്ടികയില്‍ നിന്നു പുറത്ത്

കിളിമാനൂര്‍: സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫി ല്‍ ഭൂമി ഉണ്ടെങ്കിലും വീടില്ലാത്തവരുടെ പട്ടിക പുറത്ത് വന്നപ്പോള്‍ പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തില്‍ അര്‍ഹരായ നിരവധി പേരെ തഴഞ്ഞു. അര്‍ഹരായ പലരും പട്ടികക്ക് പുറത്തതായി. ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്യുകയും അടിയന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് തീരുമാനിച്ചതായും അറിയുന്നു.
പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് 1044 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ സ്വന്തമായി ഭൂമി ഉള്ളവരും വീടില്ലാത്തവരുമായ 220 അപേക്ഷകളും ഭൂമിയും വീടും ഇല്ലാത്ത 324 അപേക്ഷകളുമാണ് പഞ്ചായത്ത് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആദ്യവിഭാഗത്തില്‍ 120 പേര്‍ക്ക് മാത്രമാണ് അര്‍ഹത ഉള്ളതായി കണ്ടെത്തി സര്‍ക്കാര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.
രണ്ടാം വിഭാഗത്തിലെ പട്ടിക ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. കിളിമാനൂര്‍ ബ്ലോക്കിലെ മറ്റ് ഗ്രാമപ്പഞ്ചായത്തുകളില്‍ അപേക്ഷകരില്‍ ഭൂരിഭാഗം പേരും പട്ടികയില്‍ കടന്നു കൂടിയപ്പോള്‍ പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തില്‍ ഭൂരിഭാഗവും തഴയപ്പെടുകയായിരുന്നു എന്നാണ് പഞ്ചായത്ത് കമ്മിറ്റിയില്‍ ഇന്നലെ ഉയര്‍ന്ന ആരോപണം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അദാലത്തില്‍ വേണ്ട നിലയില്‍ പഞ്ചായത്ത് ശുഷ്‌കാന്തി കാണിച്ചില്ലത്രെ. അപേക്ഷകരുടെ അവസ്ഥ മനസ്സിലാക്കാന്‍ ഒരു ഉപകമ്മിറ്റി രൂപീകരിച്ചെങ്കിലും അത് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും ആക്ഷേപം ഉയരുന്നു. വീടു വീടാന്തിരം കയറിയിറങ്ങി ബന്ധപ്പെട്ടവര്‍ അപേക്ഷകരില്‍ അര്‍ഹരായവരെ കണ്ടെത്തി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിലും വീഴ്ച്ച പറ്റിയതായി ആരോപണമുണ്ട്.  പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയും ചാക്ക് കൊണ്ട് മറച്ചും കിടക്കുന്ന നിരവധി പേര്‍ ഇപ്പോള്‍ പട്ടികക്ക് പുറത്താണ്. 23ന് പട്ടികയില്‍ പേരുള്ളവരുടെ യോഗം പഞ്ചായത്ത് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ഈമാസം 24 മുതല്‍ പഞ്ചായത്തില്‍ ഗ്രാമസഭകള്‍ ആരംഭിക്കുകയാണ്. അര്‍ഹത ഉണ്ടായിട്ടും പട്ടികക്ക് പുറത്തായവരോട് ഗ്രാമസഭകളില്‍ എന്ത് പറയുമെന്ന ആശങ്കയിലാണ് ജനപ്രതിനിധികളില്‍ ഭൂരിഭാഗം പേരും. പഞ്ചായത്ത് അധികൃതര്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമ്പോള്‍ സര്‍ക്കാര്‍ കൈമലര്‍ത്തിയാല്‍ വലയുന്നത് നിര്‍ധനരായ ഒരുകൂട്ടം ജനങ്ങളായിരിക്കും. അതേസമയം അനര്‍ഹരായ ചെറിയൊരു വിഭാഗം നിലവിലെ പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it