ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടം ലക്ഷ്യം കണ്ടില്ല; പൂര്‍ത്തിയായത് 41 ശതമാനം വീടുകള്‍

തിരുവനന്തപുരം: സ്ഥലവും വീടുമില്ലാത്തവര്‍ക്കും സ്ഥലം മാത്രമുള്ളവര്‍ക്കും വീടുവച്ചു നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടം ലക്ഷ്യം കണ്ടില്ല. പദ്ധതി പകുതിപോലും പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ഒന്നാംഘട്ടത്തിന്റെ കാലപരിധി രണ്ടുമാസം കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണു പദ്ധതിക്കു തിരിച്ചടിയായത്. മാര്‍ച്ച് 31 അവസാനിച്ചപ്പോള്‍ പൂര്‍ത്തിയായത് 41 ശതമാനം വീടുകള്‍ മാത്രം. മാര്‍ച്ച് 31നകം 61,694 വീടുകളാണു ലക്ഷ്യമാക്കിയിരുന്നത്. പൂര്‍ത്തിയായത് 26,188 എണ്ണം മാത്രം. മെയ് 31 ആണ് പദ്ധതി പൂര്‍ത്തിയാക്കാനുള്ള പുതുക്കിയ തിയ്യതി. 15.26 ശതമാനം വീടുകള്‍ മാത്രം പൂര്‍ത്തിയാക്കിയ പട്ടികജാതി വകുപ്പിനാണ് വലിയ വീഴ്ച സംഭവിച്ചത്. 8,649 വീടുകള്‍ പൂര്‍ത്തിയാക്കേണ്ട സ്ഥാനത്ത് 1,320 എണ്ണം മാത്രമാണു പൂര്‍ത്തിയായത്. വയനാട് ജില്ലയില്‍ 187 വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടതില്‍ പൂര്‍ത്തിയായത് 16 എണ്ണം മാത്രം. പട്ടികവര്‍ഗ വകുപ്പിനു കീഴിലുള്ള 12,849 വീടുകളില്‍ 6,074 എണ്ണം പൂര്‍ത്തിയാക്കി.
സംസ്ഥാന ശരാശരിയില്‍ എറണാകുളം, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളാണു മുന്നില്‍. അതിനിടെ പദ്ധതിയുടെ രണ്ടാംഘട്ടത്തിനു തുടക്കമായി. രണ്ടാംഘട്ടത്തില്‍ 2.5 ലക്ഷം വീടുകള്‍ നിര്‍മിക്കാനാണു ലക്ഷ്യമിടുന്നത്. ഒന്നാംഘട്ടത്തില്‍ ലക്ഷ്യമിട്ടതും പൂര്‍ത്തിയായതുമായ വീടുകളുടെ കണക്ക്: എറണാകുളം 1,110- 672, കണ്ണൂര്‍ 2,912- 1,416, പത്തനംതിട്ട 1,398- 662, ആലപ്പുഴ 3,205- 1,407, തിരുവനന്തപുരം 6,540- 2,842, പാലക്കാട് 9,123- 3,658, തൃശൂര്‍ 3,494- 1,380, മലപ്പുറം 3,190- 1,249, കൊല്ലം 4,258- 1,629, കോഴിക്കോട് 7,689- 2,273, കാസര്‍കോട് 3,229- 1,101, ഇടുക്കി 4,289- 1,448, കോട്ടയം 1,638- 549, വയനാട് 9,683- 2,519.
Next Story

RELATED STORIES

Share it