kozhikode local

ലൈഫ് പദ്ധതിക്ക് മുന്‍ഗണന നല്‍കി നഗരസഭാ ബജറ്റ്

വടകര: നഗരപരിധിയിലെ ഭൂമിയും വീടും ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് ലക്ഷ്യവുമായി ലൈഫ് പദ്ധതിയുടെ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കി വടകര നഗരസഭാ ബജറ്റ്. പ്രാരംഭ ബാക്കി ഉള്‍പ്പടെ 54,23,26,869 രൂപ വരവും 41,65,96,429 രൂപ ചെലവും 12,57,30,440 മിച്ചമുള്ള 2017-18ലെ പുതുക്കിയ ബജറ്റും 96,03,32,050 രൂപ വരവും 88,47,35,085 രൂപ ചിലവും 7,55,96,965 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2018-19 വര്‍ഷത്തെ മതിപ്പ് ബജറ്റും നികുതി ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പി ഗീത അവതരിപ്പിച്ചു.
ലൈഫ് പദ്ധതിയ്ക്ക് 29 കോടി രൂപ വകയിരുത്തിയ ബജറ്റില്‍ നഗര പരിധിയില്‍ ഐടി പാര്‍ക്ക് ആരംഭിക്കാനും ലക്ഷ്യമിടുന്നു. നഗരസഭാ ഡെയ്‌ലി മാര്‍ക്കറ്റ് കെട്ടിടം പുനര്‍ നിര്‍മിക്കാന്‍ 50 ലക്ഷവും, നഗരസഭാ ജീവനക്കാര്‍ക്ക് ക്വാട്ടേഴ്‌സ് നിര്‍മ്മാണത്തിന് 25 ലക്ഷവും മാതൃകാ അംഗന്‍വാടിക്ക് സ്ഥലം കണ്ടെത്തുന്നതിനും, അംഗന്‍വാടികളുടെ നവീകരണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക വ്യാവസായിക മൃഗ സംരക്ഷണ മേഖലകള്‍ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
മേഖലയില്‍ പ്ലേറ്റ്, ഗ്ലാസ് വിതരണം ചെയ്യുന്ന യൂണിറ്റ് ആരംഭിക്കാനും, കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന കോട്ടപ്പറമ്പ് നവീകരണ പദ്ധതി ഒന്നാം ഘട്ട പ്രവൃത്തി ഈ വര്‍ഷം തന്നെ നടപ്പിലാക്കുമെന്നും ഉറപ്പു നല്‍കുന്നു.ലിങ്ക് റോഡ് പ്രവേശനത്തില്‍ ഹെറിറ്റേജ് ഷോപ്പിങ്ങിനും, വയോജന പകല്‍ വിശ്രമ കേന്ദ്രത്തിനും കൂടാതെ പൈക്കാട്ട് മലയില്‍ എസ്‌സി കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി 45 സെന്റ് സ്ഥലം വാങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചതായും,അഴിത്തല തൂക്കു പാലത്തിന്റെ സാധ്യത പഠനത്തിനും ഫണ്ട് വകയിരുത്തിയിട്ടുമുണ്ട്. യോഗത്തില്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ ആമുഖ പ്രസംഗം നടത്തി. ബജറ്റിന്‍മേലുള്ള ചര്‍ന്ന് ഇന്ന് കാലത്ത് 11 മണിക്ക് നടക്കും.
Next Story

RELATED STORIES

Share it