malappuram local

ലൈഫ്മിഷന്‍ രണ്ടാംഘട്ടംപുതിയ വീടുകളുടെ നിര്‍മാണം 25മുതല്‍ ആരംഭിക്കും

മലപ്പുറം: ജില്ലയില്‍ ലൈഫ് മിഷന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പുതിയ വീടുകളുടെ നിര്‍മാണം 25ന് ആരംഭിക്കും. 106 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ആകെ 14,657 ഗുണഭോക്താക്കളാണു ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയിലുള്ളത്. ഇതില്‍ പട്ടിക ജാതിക്കാര്‍ 1327, പട്ടിക വിഭാഗക്കാര്‍ 124, ജനറല്‍ 13206 എന്നിങ്ങനയുള്ളവരാണ് ഗുണഭോക്താക്കള്‍. മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ലൈഫ് മിഷന്റെ ഭാഗമായി നാലു ലക്ഷം രൂപ വീടിനുള്ള ധനസഹായം അനുവദിക്കും. ഇതിന്റെ ഭാഗമായി ഗുണഭോക്താക്കളുടെ സംഗമങ്ങള്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമാരംഭിച്ചു കഴിഞ്ഞു. 20നകം ഗുണഭോക്തൃ സംഗമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ലൈഫ് മിഷന്‍ പ്രസിദ്ധീകരിച്ച 12 മാതൃകാ സ്‌കെച്ചുകളില്‍ നിന്നു ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് ഭവനങ്ങള്‍ക്ക് ഏകദിന പെര്‍മിറ്റ് നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 400 സ്വ.ഫീറ്റും അധികമായി അഞ്ചുശതമാനവും വിസ്തീര്‍ണം പരമാവധി നിജപ്പെടുത്തിയിരിക്കണം. ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന നിബന്ധനയുണ്ട്. നിലവില്‍ 20 ശതമാനം തുക വകയിരുത്തിയിട്ടുള്ള ഗ്രാമപ്പഞ്ചായത്തുകള്‍ക്ക്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവ വകയിരുത്തിയിട്ടുള്ള 20% തുകയില്‍ നിന്നുള്ള ആനുപാതിക വിഹിതവും ലഭിക്കും. കൂടുതല്‍ ഗുണഭോക്താക്കളുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പോരാതെ വരുന്ന തുക പലിശ രഹിത വായ്പയായി ലൈഫ്മിഷന്‍ അനുവദിക്കും. ലൈഫ് പട്ടികയിലുള്ളൊരു ഗുണഭോക്താവ് അര്‍ഹനല്ലെന്ന് കാണുന്ന പക്ഷം അയാളെ ഒഴിവാക്കാന്‍ നിര്‍വ്വഹണ ഉദേ്യാഗസ്ഥന്റെ റിപോര്‍ട്ടിന്മേല്‍ തദ്ദേശ സ്ഥാപന സമിതി തീരുമാനം കൈക്കൊള്ളേണ്ടതാണ്. അനര്‍ഹനായ ഒരാള്‍ ആനുകൂല്യം കൈപ്പറ്റിയാല്‍ ഈ തീരുമാനം എടുത്ത കമ്മിറ്റിക്കും നിര്‍വഹണ ഉദേ്യാഗസ്ഥനും ബാധ്യതയുണ്ടായിരിക്കുമെന്ന് ലൈഫ്മിഷന്‍ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it