Editorial

ലൈംഗികാരോപണങ്ങള്‍രോഗമല്ല, രോഗലക്ഷണം

ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരേ പാലക്കാട് ജില്ലയിലെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ലൈംഗികാരോപണം നടത്തിയതു സംബന്ധിച്ച വിവാദം സിപിഎമ്മിലെ ഗ്രൂപ്പ് വടംവലി മാത്രമല്ല, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന അധാര്‍മികതകളും പുറത്തുകൊണ്ടുവരുന്നുണ്ട്. സാധാരണഗതിയില്‍ പോലിസ് കേസിനു കാരണമാവുന്ന പരാതി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്തതില്‍ തന്നെ എംഎല്‍എയെ രക്ഷിക്കാനുള്ള ശ്രമം നടന്നുവെന്നു വ്യക്തമാണ്. മൂന്നാഴ്ച മുമ്പ് ലഭിച്ച പരാതിയെപ്പറ്റി ഇപ്പോഴും അന്വേഷിച്ചുവരുകയാണെന്നു കോടിയേരി പറയുമ്പോള്‍, പി കെ ശശി തനിക്ക് ഇത്തരമൊരു പരാതിയെപ്പറ്റി യാതൊരു വിവരവുമില്ലെന്നും ഇനി ഉണ്ടായാല്‍ തന്നെ ഒരു മാര്‍ക്‌സിസ്റ്റിന്റെ ആര്‍ജവത്തോടെ അതു നേരിടുന്നുവെന്നും പറയുന്നു. പക്ഷേ, പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന നേതൃത്വം പരാതി മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തു ചേര്‍ന്നുനില്‍ക്കുന്ന കാരാട്ട് ദമ്പതിമാര്‍ യെച്ചൂരിക്കെതിരേ പരസ്യമായ നിലപാടാണ് സ്വീകരിച്ചത്. പോളിറ്റ് ബ്യൂറോ, എല്ലാ പരാതികളും പതിവുപോലെ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നു വ്യക്തമാക്കിയത് യെച്ചൂരിക്കുള്ള ഒരു കൊട്ടെന്ന നിലയ്ക്കാണ് മനസ്സിലാക്കേണ്ടത്. ഗ്രൂപ്പുവഴക്കിനുള്ള വെടിമരുന്ന് എന്നതിനപ്പുറം പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്ന ലൈംഗികമായ അരാജകത്വമാണ് കൂടുതല്‍ ഗൗരവമുള്ള വിഷയം. പി കെ ശശി വിവാദം ശക്തിപ്പെടുന്നതിനിടയില്‍ ഒരു ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി ഇതേ കാരണത്തിനു സസ്‌പെന്റ് ചെയ്തു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് പി ശശിക്കെതിരേ ഉയര്‍ന്ന ലൈംഗിക പീഡന പരാതി കണ്ണൂര്‍ ജില്ലയില്‍ ഒരുപാട് വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. അതേ ജില്ലയില്‍ തന്നെ മറ്റൊരു നേതാവിനെതിരേ വന്ന ആരോപണത്തെ പാര്‍ട്ടി നേരിട്ടത് ജനക്കൂട്ടത്തിന്റെ ശക്തി കാണിച്ചാണെന്നു കേട്ടിരുന്നു. എറണാകുളം പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ അപഥസഞ്ചാരം മറ്റു സഖാക്കള്‍ തന്നെയാണ് ഒളികാമറ വച്ച് പുറത്തുകൊണ്ടുവന്നത്. പ്രവര്‍ത്തകരുടെ സ്വഭാവശുദ്ധി സംരക്ഷിക്കാനുള്ള ഉല്‍സാഹത്തേക്കാള്‍ ഗ്രൂപ്പുവഴക്കായിരുന്നു അതിന്റെ പ്രചോദനം എന്നു പറയപ്പെട്ടിരുന്നു. കുറേ പുറത്തുനിന്ന ശേഷമാണ് ആ സഖാവ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. സദാചാരം, ധാര്‍മികത തുടങ്ങിയവ ബൂര്‍ഷ്വാ സങ്കല്‍പങ്ങളാണെന്നു വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെ ആധാരമാക്കുന്നുവെങ്കിലും, സിപിഎം അടക്കമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പൊതുവില്‍ തങ്ങളുടെ പ്രവര്‍ത്തകരുടെ സ്വഭാവശുദ്ധിക്കും സത്യസന്ധതയ്ക്കും ഊന്നല്‍ നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അത്തരം കാര്‍ക്കശ്യങ്ങളൊക്കെ പ്രവര്‍ത്തകര്‍ ഒഴിവാക്കുകയാണ്. ലിംഗനീതിയുടെയും ആധുനികതയുടെയും പേരില്‍ സിപിഎമ്മിന്റെ വിദ്യാര്‍ഥി-യുവജന വിഭാഗങ്ങള്‍ തന്നെയാണ് മതപാഠനങ്ങളെ പരിഹസിച്ചുകൊണ്ട് രംഗത്തുള്ളത്. പരോക്ഷമായി അവര്‍ സ്വതന്ത്ര ലൈംഗികത പ്രോല്‍സാഹിപ്പിക്കുകയും കുടുംബം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും കാണാനിരിക്കുന്നേയുള്ളൂ.

Next Story

RELATED STORIES

Share it