ലൈംഗികാരോപണം: ഈ വര്‍ഷം സാഹിത്യ നൊബേല്‍ നല്‍കില്ല

സ്‌റ്റോക്‌ഹോം: ഈ വര്‍ഷം സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം നല്‍കില്ലെന്ന് സ്വീഡിഷ് അക്കാദമി. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ ഉയര്‍ന്ന ലൈംഗിക പീഡന-സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ അക്കാദമിയുടെ ജനസമ്മതിയെ ബാധിച്ചതിനെ തുടര്‍ന്നാണ് അവാര്‍ഡ് ദാനം മാറ്റിവച്ചത്. 2018ലെ അവാര്‍ഡ് 2019ലെ പുരസ്‌കാരത്തിനൊപ്പം നല്‍കുമെന്നും അക്കാദമി അറിയിച്ചു. സ്‌റ്റോക്‌ഹോമില്‍ ചേര്‍ന്ന പ്രതിവാര മീറ്റിങിലാണ് തീരുമാനം.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അക്കാദമി സാഹിത്യ പുരസ്‌കാരം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടില്ല. യുദ്ധം നടന്നുകൊണ്ടിരിക്കെ 1943ലാണ് ഇതിനു മുമ്പ് പുരസ്‌കാരം നല്‍കാതിരുന്നത്.
അക്കാദമി അംഗവും സാഹിത്യകാരിയുമായ കാതറീന ഫ്രോസ്‌റ്റെന്‍സണിന്റെ ഭര്‍ത്താവ് ഴാങ് ക്ലോദ് ആര്‍നോള്‍ട്ടിന്റെ പേരില്‍ ഉയര്‍ന്ന ലൈംഗിക ആരോപണമാണ് അക്കാദമിയെ പ്രതിസന്ധിയിലാക്കിയത്. ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഇദ്ദേഹത്തിനെതിരേ കഴിഞ്ഞ നവംബറില്‍ 18 സ്ത്രീകള്‍ ആരോപണം ഉന്നയിച്ചിരുന്നു. സ്വീഡിഷ് അക്കാദമിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലാണ് ആര്‍നോള്‍ട്ട് ലൈംഗിക പീഡനം നടത്തിയതെന്നാണ് റിപോര്‍ട്ടുകള്‍.
ഇതിന്റെ പേരില്‍ ഇദ്ദേഹത്തിന്റെ ഭാര്യ കാതറീനയെ സമിതിയില്‍ നിന്നു പുറത്താക്കേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി തീരുമാനിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ആറ് അക്കാദമി അംഗങ്ങള്‍ സ്ഥാനമൊഴിയുകയും ചെയ്തു.
Next Story

RELATED STORIES

Share it