thiruvananthapuram local

ലേബര്‍ ക്യാംപില്‍ പരിശോധനയ്‌ക്കെത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരെ തടഞ്ഞു

വിഴിഞ്ഞം: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാംപില്‍ പരിശോധനക്കെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരെ തൊഴിലാളികള്‍ തടഞ്ഞു. വാക്കുതര്‍ക്കം ഉടലെടുത്തതോടെ സംഗതി പന്തിയല്ലെന്ന് കണ്ട ജീവനക്കാര്‍ പരിശോധന ഉപേക്ഷിച്ച് മടങ്ങി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ വിഴിഞ്ഞം പയറ്റുവിള ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ ക്യാംപില്‍ മന്ത് രോഗനിര്‍ണയ രക്ത പരിശോധനക്കെത്തിയ ജീവനക്കാരെയാണ് തടഞ്ഞത്.
സൗകര്യങ്ങളൊട്ടുമില്ലാതെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഇരുന്നൂറോളം പേര്‍ താമസിക്കുന്ന ക്യാംപിലാണ് തിരുവനന്തപുരം വെറ്റര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘം പരിശോധനക്കായി എത്തിയത്. ക്യാംപ് നടത്തുന്നയാളെ നേരത്തെ അറിയിച്ച ശേഷം രാത്രി എട്ടോടെ എത്തിയ ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍ താമസിക്കുന്ന റൂമുകളില്‍ എത്തി രക്തസാമ്പിള്‍ എടുക്കാന്‍ ശ്രമിച്ചതോടെ തൊഴിലാളികള്‍ എതിര്‍ത്തു.
തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ മുറിക്കുള്ളി ല്‍ കയറിയ തൊഴിലാളിക ള്‍ ജീവനക്കാരെ പുറത്താക്കി കതകടച്ചു. തുടര്‍ന്ന് മറ്റ് റൂമുകളില്‍ നിന്ന് സംഘടിച്ചെത്തിയ മറ്റൊരു സംഘം ജീവനക്കാരോട് തട്ടിക്കയറി. പന്തികേട് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ വേഗം സ്ഥലം കാലിയാക്കി തടിയൂരി. മുമ്പ് ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ നടത്തിയ പരിശോധനകളില്‍ മന്ത് രോഗം കണ്ടെത്തിയിരുന്നതിനെ തുടര്‍ന്ന് ആറ് മാസത്തിലൊരിക്കല്‍ ഇത്തരം ക്യാംപുകളിലെ താമസക്കാരില്‍ നിന്ന് രക്തസാമ്പിള്‍ പരിശോധിച്ച് ഗുളിക നല്‍കണമെന്ന് നിര്‍ദ്ദേശം അനുസരിച്ചായിരുന്നു പരിശോധനാ സംഘം എത്തിയത്. തൊഴിലാളികള്‍ പണിക്ക് പോകുന്നതിനാല്‍ പകല്‍ സമയം ഒഴിവാക്കി വൈകുന്നേരങ്ങളിലായിരുന്നു ആരോഗ്യ വകുപ്പ് സംഘം ക്യാംപുകളില്‍ പരിശോധന നടത്തിയിരുന്നത്.
ലഹരി ഉപയോഗവും വിപണനവും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളില്‍ വ്യാപകമാണെന്ന് പരാതി നേരത്തെ ഉയര്‍ന്നിരുന്നു.
കോവളം, വിഴിഞ്ഞം, കാഞ്ഞിരംകുളം പോലിസ് സ്‌റ്റേഷനുകളുടെ പരിധിക്കുള്ളില്‍ നിരവധി ക്യാംപുകളിലായി ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. സ്ഥലപരിമിതിയില്‍ നട്ടം തിരിഞ്ഞും വൃത്തിഹീനമായ അന്തരീക്ഷത്തിലുമാണ് താമസം. ഇവിടെ കൃത്യമായ പരിശേധന നടത്തിയില്ലെങ്കില്‍ ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
Next Story

RELATED STORIES

Share it