ernakulam local

ലെസി നിര്‍മാണ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചു

കൊച്ചി: വൃത്തിഹീനായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലെസി നിര്‍മാണ കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി പൂട്ടിച്ചു. കലൂര്‍-പൊറ്റക്കുഴി റോഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ലെസി നിര്‍മാണ കേന്ദ്രമാണ് ഇന്നലെ ഭക്ഷസുരക്ഷാ ഉദ്യോഗസ്ഥരായ സക്കീര്‍ ഹുസയ്ന്‍, ദിലീപ്, ജോസ് ലോറന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി പൂട്ടിച്ചത്.
ഇവിടെ നടത്തിയ പരിശോധനയില്‍ ആയിരം ലിറ്ററോളം ഭക്ഷ്യയോഗ്യമല്ലാത്ത ലെസിയും അഞ്ചു ടണ്ണോളം സാമഗ്രികളും പിടിച്ചെടുത്തു. ഇവ ബ്രഹ്മപുരം പ്ലാന്റിലെത്തിച്ച് നശിപ്പിച്ചു കളയുന്നതിനായി കൊച്ചി കോര്‍പറേഷനു കൈമാറിയതായി സക്കീര്‍ ഹുസയ്ന്‍ പറഞ്ഞു. പരിശോധനയ്‌ക്കെത്തുമ്പോള്‍ ഏതാനും അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഉടമയുടേതന്ന് പറഞ്ഞ് ഇവര്‍ നല്‍കിയ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ലെന്ന് സക്കീര്‍ ഹുസയ്ന്‍ പറഞ്ഞു. ഇവര്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്ന കെട്ടിട ഉടമ വിദേശത്താണ്. അതിനാല്‍ കെട്ടിടം ആര്‍ക്കാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്ന വിവരം ലഭിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ബന്ധു ഇന്ന് കൃത്യമായ വിവരം നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സക്കീര്‍ ഹുസയ്ന്‍ പറഞ്ഞു. യാതൊരു ലൈസന്‍സുകളും ഇല്ലാതെ അനധികൃതമായിട്ടാണ് ലെസി നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. നഗരത്തില്‍ നിരവധി ലെസി ഷോപ്പുകള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് വില്‍പന നികുതി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിത്. പരിശോധനയില്‍ വൃത്തിഹീനമായ രീതിയിലാണ് ഇവിടുത്തെ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
വളരെ വൃത്തിഹീനമായ അവസ്ഥയിലായിരുന്നു ലെസി നിര്‍മിച്ചിരുന്നത്. കെട്ടിടത്തിനുള്ളില്‍ നായ്ക്കള്‍ ഉണ്ടായിരുന്നു. ലെസി നിര്‍മിക്കുന്ന മുറിക്കുള്ളില്‍ ഇവയുടെ വിസര്‍ജ്യവും.  അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ കലക്കിവെച്ച ലെസിയും ഇതിനടുത്തായി നിരവധി പ്ലാസ്റ്റിക് ബക്കറ്റുകളില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. മുറിക്കുള്ളിലെ ടോയ്‌ലറ്റില്‍ നിന്നാണ് ലെസിയുണ്ടാക്കാന്‍ വെളളമെടുത്തിരുന്നത്്. കൂടാതെ കൃത്രിമ ലെസിയുണ്ടാക്കാനുളള പൊടിയും ഇവിടെനിന്ന് കണ്ടെടുത്തു.
മധുരത്തിനായി പഞ്ചസാരയ്ക്കു പകരം രാസവസ്തുക്കളും കൃത്രിമ തൈരുമാണ് ഇവര്‍ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി. ഇതേതുടര്‍ന്ന് വില്‍പന നികുതി ഉദ്യോഗസ്ഥര്‍ പോലിസിനെയും കോര്‍പറേഷന്‍ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്  പോലിസും ആരോഗ്യ വകുപ്പ് അധികൃതരുമെത്തി സ്ഥാപനം താല്‍ക്കാലികമായി പൂട്ടിയിരുന്നു.
Next Story

RELATED STORIES

Share it