Flash News

ലീഗ് നേതാക്കളുടെ മുജാഹിദ് അടുപ്പം: വിമര്‍ശനവുമായി വീണ്ടും സമസ്ത

മുജീബ് പുള്ളിച്ചോലമലപ്പുറം: മുസ്്‌ലിംലീഗ് നേതാക്കളുടെ മുജാഹിദ് പ്രസ്ഥാനവുമായുള്ള അടുപ്പത്തെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത വീണ്ടും രംഗത്ത്. മലപ്പുറം കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മുസ്്‌ലിം ലീഗ് നേതാക്കളും സമസ്തയുടെ വിവിധ സ്ഥാപനങ്ങളുടെ കാര്യദര്‍ശികളുമായ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങളും പങ്കെടുക്കുന്നതിനെ വിമര്‍ശിച്ചാണു സമസ്ത രംഗത്തെത്തിയിരിക്കുന്നത്. സമസ്തയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന പാണക്കാട് കുടുംബത്തിലെ പ്രമുഖര്‍ മുജാഹിദ് സമ്മേളനവേദി പങ്കിടുന്നതിനെതിരേയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. നവീനവാദികളുമായുള്ള ബന്ധം സമസ്ത നിലപാടില്‍ മാറ്റമില്ലെന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം ഇവര്‍ പത്രപ്രസ്താവനയും ഇറക്കിയിരുന്നു. മുജാഹിദ്, ജമാഅത്ത് തുടങ്ങിയവരുടെ പരിപാടികളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഖ്യാപിത നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നാണ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞത്. പാണക്കാട് തങ്ങന്‍മാര്‍ മുജാഹിദ് സമ്മേളനവേദി പങ്കിടുന്നത് വിവാദമയപ്പോള്‍ നേരത്തേതന്നെ റഷീദലി ശിഹാബ് ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്തുവന്നിരുന്നു. വെറുപ്പിന്റെ വഴികളിലല്ല; യോജിപ്പിന്റെ ഇടങ്ങളില്‍ തന്നെയാണു ശക്തി എന്ന തലക്കെട്ടില്‍ റഷീദലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. നേരത്തേ ഇ ടി മുഹമ്മദ് ബഷീര്‍ മുജാഹിദ് സമ്മേളനത്തിന് ആശംസ നേര്‍ന്നതിനെതിരേയും സമസ്ത രംഗത്തു വന്നിരുന്നു. മുജാഹിദ് സമ്മേളനവേദി പങ്കിടലിനെതിരേ സമസ്ത യുവ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. അതേസമയം, മുനവ്വറലി ശിഹാബ് തങ്ങള്‍ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും റഷീദലി ശിഹാബ് തങ്ങള്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനെന്ന നിലയിലുമാണ് മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നാണ് മുസ്്‌ലിംലീഗ് നേതാക്കള്‍ വിവാദങ്ങള്‍ക്ക് മറുപടിയായി പറയുന്നത്.
Next Story

RELATED STORIES

Share it